അതുകൂടി കേട്ടതും എന്റെ ചിരി കൂടിയതല്ലാതെ ഒരു മാറ്റോം ഇണ്ടായില്ല…
ഇതിനിടയിൽ അവന്മാരെ നോക്കിയതും രണ്ടും എന്നെ കൊല്ലാനുള്ള കലിപ്പിൽ നിൽക്കാണ്…
ഇനിയും നിന്ന് ചിരിച്ചാൽ അതെന്റെ ആരോഗ്യത്തെ കാര്യമായി തന്നെ ബാധിക്കും എന്നോർത്തപ്പോൾ ഞാൻ പതിയെ ചിരി നിർത്തി…
എന്നിട്ട് രണ്ടുപേരെയും പറഞ്ഞു…
” എടാ നിങ്ങൾ രണ്ടും അറിയാത്ത ഒന്നും എന്റെ ലൈഫിൽ ഇല്ലെന്ന് നിങ്ങൾക്ക് തന്നെയറിയില്ലോ..,
നിങ്ങളോട് പറയാതിരുന്നതല്ല,അതിനുള്ള അവസരം വരട്ടെ എന്ന് വിചാരിച്ചാണ്.പിന്നെ നിങ്ങൾ കരുതുംപോലെ അത്ര വലിയ സംഭവോന്നുവല്ല,എനിക്കൊരുത്തിയോട് ഒരു ഇത്…! ഏത്..”
അതുപറയുമ്പോൾ എനിക്ക് ചെറുതായി നാണം വന്നു…
“അത് ഞങ്ങൾക്ക് നിൻ്റെ ഇന്നലെ മുതലുള്ള കോപ്രായങ്ങൾ കണ്ടപ്പോ തന്നെ മനസ്സിലായി,നീ ആളാരാണെന്ന് പറയ്..”
എടുത്തടിച്ചപോലെ അവൻ ചോദിച്ചതും ഞാൻ വീണ്ടും കുഴഞ്ഞു…അത് കണ്ടിട്ടെന്നോണം നികേഷ് ചോദിച്ചു,
“എന്താടാ ഒരു കള്ളലക്ഷണം?”
“ഏയ് ഒന്നൂല്ലാട…അത്…”
എന്തു പറയണമെന്നറിയാതെ ഞാൻ നിന്നതും,
ഈശ്വരാ ഇവൻമാരോട് ഞാനെങ്ങനെ പറയും എന്ന് മനസ്സിലാലോചിച്ചുപോയി..!
“എന്താടാ ഒന്നും മിണ്ടാത്തത്?ഇനി ഞങ്ങളോട് പറയാൻ വല്ല ബുദ്ധിമുട്ടുണ്ടോ?”എന്ന് നികേഷ് ചോദിച്ചതും,
“ഏയ് അങ്ങനൊന്നുല്ലട,പക്ഷെ ഞാൻ….”
നികേഷിനെ നോക്കി തുടർന്നതും എൻ്റെ കണ്ണുകൾ ഞാനറിയാതെ തന്നെ ജനാലയിലൂടെ പുറത്തേക്ക് പോയി…
പറഞ്ഞു വന്നത് പൂർത്തികരിക്കാനാവാതെ പുറത്തേക്ക് നോക്കി നിന്ന എന്നെ ഒരുനിമിഷം നോക്കിയിട്ടവരും തിരിഞ്ഞു പുറത്തേക്ക് നോക്കി…
പുറത്ത് ആർത്തലച്ച് പെയ്യുന്ന മഴയത്ത്,വലതു കയ്യിൽ കുടയും,ഇടത് തോളിൽ മാത്രമായി ബാഗുമിട്ട് മുകളിലേക്കുള്ള സ്റ്റെയറിനെ ലക്ഷ്യമാക്കി വരുന്ന അവളെ കണ്ടതും ഞാനൊരു നിമിഷം അനങ്ങാതെ നിന്നുപോയി…! വെള്ളയും നീലയും നിറത്തിലുള്ള ചുരിദാർ മോഡൽ യൂണിഫോമിൽ അവൾ പതിവിലും സുന്ദരിയായിരുന്നു…മുഖത്തേക്ക് നോക്കിയാൽ ആരും നോക്കിപോവുന്ന നുണകുഴികളും അതിലേറെ എന്നെയാകർഷിച്ച ആ കൺമഷിയെഴുതിയ കരിനീലക്കണ്ണുകളും നെറ്റിയിൽ തൊട്ടിട്ടുള്ള ചന്ദനക്കുറിയും അതിന് താഴെയുള്ള കറുത്ത കുഞ്ഞിപൊട്ടും പതിവ്പോലെ എൻ്റെ ഹൃദയമിടിപ്പ് കൂട്ടി…!