എൻ്റെ കിളിക്കൂട് 15 [Dasan]

Posted by

പ്രകാശൻ: നീ സ്കൂളിൽ ചെന്ന് എന്തോ വിഷയം ഉണ്ടാക്കി എന്നോ, മറ്റോ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.
ഞാൻ: ഞാൻ സ്കൂളിൽ പോയി എന്നുള്ളത് ശരിയാണ്. പ്രദീപ് അങ്കിൾ ആയിരിക്കും വരുന്നത് എന്നാണ് ഞാൻ കരുതിയത്. ഇവിടെ അടുത്തു വരെ വരുന്നതല്ലേ,അതുകൊണ്ട് കിളിയെ കണ്ട് ഒന്ന് സംസാരിക്കാമല്ലോ എന്ന് കരുതി പോയതാണ്. അവർ അവിടെ വിഷയം ഉണ്ടാക്കി.
അവർ അവിടെ ചെന്ന് ഇല്ലാത്തത് പറഞ്ഞ സ്ഥിതിക്ക്, എനിക്കും ആകാമല്ലോ.
പ്രകാശൻ: എന്തായാലും, കിളി എന്താണ് പറഞ്ഞതെന്ന് എനിക്കറിയില്ല. ശരിയെടാ വെക്കട്ടെ.
ഞാൻ ചായ കുടി കഴിഞ്ഞു കുളിച്ച് ഓഫീസിൽ പോകാനുള്ള തയ്യാറെടുപ്പിൽ ചേട്ടൻറെ വീട്ടിൽ പോയി. കാപ്പിയും കുടിച്ച് ഉച്ചക്ക് കഴിക്കാനുള്ള ഭക്ഷണവും വാങ്ങി ഓഫീസിലേക്കു പോയി.

ദിവസങ്ങൾ ആഴ്ചകൾ ആയി, ആഴ്ചകൾ മാസങ്ങളായി. വീട്ടിലേക്കുള്ള പോക്ക് രണ്ടുമാസം കൂടുമ്പോൾ പോയാലായി. നാട്ടിലേക്ക് ആരെയും വിളിക്കാതെയുമായി. നാട്ടിലെ ഒരു വിവരവും അറിയാറില്ല. ഇപ്പോൾ സ്വന്തം കാര്യം സിന്ദാബാദ്. അതുകൊണ്ട് യാതൊരുവിധ ടെൻഷനും ഇല്ല. ആദ്യത്തെ കുറച്ചു നാൾ പുറമേ കാണിച്ചില്ലെങ്കിലും ഉള്ളിലെ വിഷമം സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഇപ്പോൾ അതില്ല. അടിച്ചു പൊളിച്ചു ജീവിക്കുന്നു. അതിനിടയിൽ ചേട്ടൻറെയും സീതയുടെയും നിർബന്ധത്തിനു വഴങ്ങി, ഞാൻ കാർ അന്വേഷണം തുടങ്ങി. ആദ്യം പുതിയ കാർ നോക്കി. ചേട്ടനും സീത ക്കും ഞാനന്ന് കൊണ്ടുവന്ന മാരുതിയുടെ വണ്ടി തന്നെ എടുക്കണം എന്നുള്ളതിനാൽ, ആ വണ്ടി ഷോ റൂമിൽ ചെന്ന് നോക്കിയപ്പോൾ നമ്മുടെ കൊക്കിൽ ഒതുങ്ങില്ല എന്ന് കണ്ടു. അങ്ങനെയിരിക്കെ രവിച്ചേട്ടൻ എന്നോട് ഒരു കാര്യം പറഞ്ഞു. രവി ചേട്ടൻറെ ഒരു പരിചയക്കാരന്, ഇതുപോലെ ഒരു വണ്ടി ഉണ്ട്. അയാൾ ഗൾഫിലേക്ക് പോകാൻ വിസ ഒക്കെ റെഡിയായി ഇരിക്കുകയാണ്. അടുത്ത് തന്നെ പോകും. അയാളുടെ വണ്ടി കൊടുക്കാൻ ഇരിക്കുകയാണ്. നമുക്ക് പോയി നോക്കാം എന്ന് രവി ചേട്ടൻ പറഞ്ഞു. ഒരു ദിവസം വൈകിട്ട് ഞങ്ങൾ രണ്ടുപേരും കൂടി വണ്ടി നോക്കാൻ പോയി. വണ്ടിക്ക് ഫൈനാൻസ് ഉണ്ട് അത് എൻറെ പേരിലേക്ക് ആക്കി തരാം. പകുതിയോളം അടച്ചതാണ്, ബാക്കി പകുതി കൂടി ഉള്ളൂ. വണ്ടി നോക്കി പുറമേക്ക് നല്ലതാണ്. എനിക്ക് വണ്ടിയെ കുറിച്ച് വലിയ പരിചയമില്ലാത്തതിനാൽ, പിന്നീട് വരാം എന്ന് പറഞ്ഞ് ഞങ്ങളിറങ്ങി. പോരുന്ന വഴി രവിച്ചേട്ടൻ നല്ല വണ്ടിയാണ് , ഞാൻ ഓടിച്ചിട്ടുണ്ട്. എന്നൊക്കെ പറഞ്ഞു. റൂമിലേക്ക് നടക്കുന്നതിനിടയിൽ എൻറെ ഫോൺ അടിക്കുന്ന ഒച്ച കേട്ടു. ഇപ്പോൾ അത് അപൂർവ്വമായ ശബ്ദിക്കാറുള്ളു. ഓഫീസിലെ എന്തെങ്കിലും കാര്യത്തിന് ആരെങ്കിലും വിളിച്ചാലായി. ഫോൺ 2 -3 സെക്കൻഡ് അടിച്ചതേയുള്ളു. ആരാണെന്നറിയാൻ എടുത്തു നോക്കിയപ്പോൾ Kaali എന്ന പേര് തെളിഞ്ഞു. ഇത് അമ്മുമ്മയുടെ കയ്യിലിരിക്കുന്ന ഫോൺ ആണല്ലോ. അമ്മുമ്മ ആ ഫോണുമായി ചിറ്റയുടെ വീട്ടിൽ പോയിട്ട് പിള്ളേര് കളിക്കുന്നത് ആയിരിക്കും. അമ്മൂമ്മ എന്തു പണിയാണ് ഈ കാണിക്കുന്നത്. ആ ഫോൺ അടുത്ത പോക്കിന് അമ്മൂമ്മയുടെ കയ്യിൽ നിന്നും വാങ്ങി സീതയ്ക്ക് കൊടുക്കണം. രാത്രി ഭക്ഷണം കഴിക്കാൻ ചേട്ടൻറെ വീട്ടിൽ ചെന്നപ്പോൾ , വണ്ടിയുടെ കാര്യം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *