എൻ്റെ കിളിക്കൂട് 15 [Dasan]

Posted by

സീത: എന്നോട് കാര്യം പറയാതെ, എനിക്കൊന്നും മനസ്സിലാവുന്നില്ല.
ഞാൻ: തിരിച്ചു പോകുന്ന വഴി എല്ലാം പറഞ്ഞു തരാം. അതിനുമുമ്പ് പറഞ്ഞാൽ ഞാൻ പറഞ്ഞ ത്രില്ല് നഷ്ടപ്പെടും. നമ്മൾ എത്താറായി, അതാണ് ടൗൺ.
കാര്യമായ ബ്ലോക്ക് ഒന്നും കിട്ടാത്തതുകൊണ്ട് ആറുമണിയായപ്പോൾ ടൗണിലെത്തി. ടൗണിലെ നല്ല ഹോട്ടലിൽ നിന്നും ആറു പേർക്കുള്ള ദോശയും ചമ്മന്തിയും സാമ്പാറും വാങ്ങി. ആറു പേർ ഉണ്ടാകും എന്ന പ്രതീക്ഷയിൽ ആണ് വാങ്ങിയത്. ആറാമൻ എപ്പോൾ വേണമെങ്കിലും പിണങ്ങി പോയിട്ടുണ്ടാവാം. ഇത്രയും ദിവസം വിളിച്ചിട്ടും എടുക്കാത്തത് കൊണ്ട് പിണങ്ങി പോകാൻ സാധ്യത വളരെ കൂടുതലാണ്. ഏതായാലും ആറ് പേർക്കുള്ളത് വാങ്ങി. നാളെ അമ്പലത്തിൽ പോകാൻ ഉള്ളതുകൊണ്ടാണ് ദോശ ആക്കിയത്. കവർ പാൽ നാലെണ്ണം വാങ്ങി. കുറച്ച് സ്നാക്സും വാങ്ങി. ഇവിടെനിന്നും ഇനി 15 മിനിറ്റ്. ഞങ്ങൾ അവിടെ ചെല്ലുമ്പോൾ ഗേറ്റ് അടച്ചിട്ടിരിക്കുകയായിരുന്നു. ഹോൺ അടിച്ചപ്പോൾ, ജനലിലൂടെ രണ്ട് കണ്ണുകൾ ഇങ്ങോട്ട് നോക്കുന്നുണ്ട്. ഞാനിറങ്ങി ഗേറ്റ് തുറന്നു. വണ്ടി മുന്നോട്ടെടുത്തു, വീടിനു മുൻപിൽ നിർത്തി. അപ്പോഴേക്കും ഫ്രണ്ട് വാതിൽ തുറന്ന് രണ്ടു പേർ ഇറങ്ങി വന്നു. വണ്ടിയിൽ നിന്നും ചേട്ടനും ചേച്ചിയും സീതയും ഇറങ്ങി. ഇവരെ എല്ലാവരെയും കണ്ടതോടെ അമ്മുമ്മ പെട്ടെന്ന് അന്താളിച്ചു നിന്നു. അമ്മൂമ്മയ്ക്ക് ഇവരെ ഞാൻ പറഞ്ഞ് അറിവുണ്ട്. പക്ഷേ പെട്ടെന്ന് കണ്ടപ്പോൾ ഉണ്ടായ അന്ധാളിപ്പാണ്. അമ്മൂമ്മയും ചേട്ടനും ചേച്ചിയും പരസ്പരം പരിചയപ്പെടുകയും, അമ്മൂമ്മ അവർക്ക് കിളിയെ പരിചയപ്പെടുത്തുകയും ചെയ്യുന്നുണ്ടായിരുന്നു. അവിടെ അങ്ങനെ സംഭവങ്ങൾ നടക്കുന്നതിനിടയിൽ കിളി ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു. സീതയെ കണ്ടപ്പോൾ കിളിയുടെ മുഖം മാറി. എന്നെയും സീതയെയും മാറി മാറി നോക്കുന്നുണ്ട്. ഇവളെ ഒന്നും വട്ട് പിടിപ്പിക്കണം എന്ന ഉദ്ദേശത്തിൽ, ഞാൻ സീതയെ കണ്ണുകൊണ്ട് വിളിച്ചു മാറ്റി നിർത്തി. സ്വകാര്യത്തിൽ ചെവിയിൽ
ഞാൻ: ഉണ്ടക്കണ്ണു കൊണ്ട് തുറിച്ചു നോക്കുന്ന സാധനം ഇല്ലേ, അതാണ് കാളിയമ്മുമ്മ.
ഇത് കേട്ടതും സീത ഭയങ്കരമായി പൊട്ടിച്ചിരിച്ചു. ഇത് കണ്ടതോടെ ഭദ്രകാളി ഞങ്ങളെ രണ്ടുപേരെയും തുറിച്ചുനോക്കി ചവിട്ടി തുള്ളി അടുക്കളയിലേക്ക് പോയി. ചേട്ടനും ചേച്ചിയും അമ്മുമ്മയും കൂടി സെറ്റിയിലും കസേരയിലും ഇരുന്ന് വർത്തമാനം തുടങ്ങി. ഞാൻ സീതയോട് പറഞ്ഞു അടുക്കളയിൽ ചെന്ന് എന്തെങ്കിലും സഹായം വേണോ എന്ന് ചോദിക്കാൻ. സീത അടുക്കളയിലേക്ക് നടന്നു, പുറകെ വാച്ച് ചെയ്യാൻ ഞാനും.
സീത: ചേച്ചി, ഞാൻ എന്തെങ്കിലും ചെയ്യണൊ?
തുറിച്ചു ഒരു നോട്ടം നോക്കി, എന്നെ കണ്ടതും, ചായ എടുക്കുന്നതായി ഭാവിച്ചു. ഇവൾ കുറേ നാളുകളായി എന്നെ വട്ടു പിടിപ്പിക്കുകയാണ്. തിരിച്ചും അതേനാണയത്തിൽ കൊടുത്തില്ലെങ്കിൽ ശരിയാവില്ല. ഒരു പെടയുടെ കൂടെ കുറവുണ്ട്, സൗകര്യത്തിനു കിട്ടട്ടെ. അമ്മയും ചേച്ചിയും ചേട്ടനും കൂടി തകൃതിയായി വിശേഷങ്ങൾ പറയുകയാണ്. ഞാനും അവരോടൊപ്പം ചെന്നിരുന്നു. അമ്മുമ്മയോട്
ഞാൻ: നാളെ വെളുപ്പിന് ഇവരെയും കൊണ്ട് ഗുരുവായൂർ പോകണം, വരുന്ന വഴി തൃപ്രയാറും കയറി വരാമല്ലോ, നിങ്ങളും പോര്.
അമ്മുമ്മ: ഞാനില്ല മോനെ, എനിക്ക് അധികം നേരം നിൽക്കാൻ വയ്യ. നിങ്ങൾ പോകുമ്പോൾ ആ പെങ്കൊച്ചിനെ കൂടെ കൊണ്ടു പൊയ്ക്കോ. മോളെ കിളി, ഇവരുടെ കൂടെ ഗുരുവായൂർ പോയിട്ട് വാ.
അവിടെ നിന്നും പ്രതികരണമൊന്നും ഉണ്ടായില്ല. അത് അങ്ങനെ ആണല്ലോ.

Leave a Reply

Your email address will not be published. Required fields are marked *