പെട്ടന്ന് പ്രിയയെ ഒരു വെള്ള പുകമറ വന്നു മൂടി….അടുത്ത നിമിഷം തന്നെ അത് ഇല്ലാതെയാവുകയും ചെയ്തു….
അവൾ ഇപ്പോൾ ആ പാറയുടെ മുകളിൽ കിടക്കുകയാണ്….കുളിതോട്ടിയൊന്നും തന്നെ അവിടെ നിന്നും ആപ്രത്യക്ഷമായി… ഒപ്പം അവൾ ധരിച്ചിരുന്ന പഴയ വസ്ത്രങ്ങൾ തന്നെയാണ് ഇപ്പോൾ അവളുടെ ദേഹത്ത്….
കുറച്ചു മുന്നെ വരെ ശരീരം മുഴുവൻ വ്യാപിച്ചിരുന്ന നീല നിറം ഒന്നും തന്നെ ഇപ്പോൾ അവശേഷിക്കുന്നില്ല…
പെട്ടന്ന് വായുവിൽ ഒരു തീഗോളം പ്രത്യക്ഷമായി… അതിൽ അനുഗമിക്കുന്ന പ്രകാശത്തെ നേരിടാൻ സാധിക്കാതെ വിജയ് അവന്റെ മിഴികൾ ഇറുക്കി അടച്ചു.
സന്യാസി ചെറുപുഞ്ചിരിയോടെ ആ ഗോളത്തിൽ തന്റെ കൈയിലെ ദണ്ട് കൊണ്ട് സ്പർശിച്ചു…പെട്ടന്ന് ആ തീഗോളം ഒരു സുവർണപ്രകാശം ചൊരിയുന്ന വളയം ആയി തീർന്നു ….നിമിഷങ്ങൾക്ക് ഉള്ളിൽ അതിൽ നിന്നും വെള്ള നിറത്തിലെ ഒരു സ്ത്രീ രൂപം പുറത്തേക്ക് ഇറങ്ങി….
സന്യാസി ചിരിയോടെ ആ രൂപത്തെ നോക്കി… പക്ഷെ വിജയ്ക്ക് ഒന്നും തന്നെ കാണാൻ സാധിക്കുന്നുണ്ടായില്ല…
>>>>>>>>>>>>><<<<<<<<<<<
ദുർമന്ത്രവാദിയുടെ അറ……
രക്തം നിറച്ചു വെച്ചിരിക്കുന്ന ഉരുളിയുടെ മുന്നിൽ മിഴികൾ അടച്ചു തന്റെ ഉപാസനമൂർത്തിയെ സ്മരിച്ചു കൊണ്ട് ചമ്രം പടിഞ്ഞു ഇരിക്കുകയാണ് ആ മന്ത്രവാദി…ഇരുളിന്റെ കാഠിന്യം കാരണം അയാളുടെ മുഖം വ്യക്തമാവുന്നില്ല…
അയാൾ തന്റെ ദേഹത്ത് നിന്നും തന്റെ ആത്മാവിനെ വേർപെടുത്തി അയാൾക്ക് ആവശ്യമായ കാഴ്ചകൾ കിട്ടുന്നതിനായി പറഞ്ഞയച്ചു.
പെട്ടന്ന് അയാളുടെ ആത്മാവ് ദിശയിറിയാതെ വേഗത്തിൽ മുന്നിലേക്ക് കുതിക്കാൻ തുടങ്ങി…..
മെല്ലെ അയാൾക്ക് മുന്നിൽ കാഴ്ചകൾ ദൃശ്യമായി….