നിന്ന് കൈയ്യെടുത്തിട്ട് ഉമ്മറത്തെ തിണ്ണയിൽ പോയി ഇരുപ്പായി. അവർ വരില്ലാന്നറിഞ്ഞ സങ്കടത്തിൽ ഞാൻ ഒന്നും മിണ്ടാതെ മുഖം വീർപ്പിച്ചിരിക്കുന്നത് കണ്ട അഞ്ജു എന്റെ തൊട്ടടുത്ത് വന്നിരുന്നിട്ട് പറഞ്ഞു:
“അവർക്ക് ആരുടെയോ കല്യാണം ഇന്ന് ഉണ്ടെന്നാ പറഞ്ഞെ”
“ഉം” ഞാൻ അവൾ പറഞ്ഞതിന് ഒന്ന് മൂളുക മാത്രം ചെയ്തു. അപ്പോഴെയ്ക്കും ആരെയോ വിളിക്കാനുണ്ടെന്ന് പറഞ്ഞ് ഫോണിൽ സംസാരിക്കാൻ പോയ അച്ഛൻ ഉമ്മറത്ത് അഞ്ജൂന്റെ തൊട്ടടുത്ത് വന്നിരുന്നിട്ട് ചോദിച്ചു:
“ഇവനെന്താ മുഖം വീർപ്പിച്ചിരിക്കണേ അഞ്ജൂട്ടി?” അച്ഛൻ അഞ്ജൂനോട് ചോദിച്ചു.
” അത് നിയാസിക്കയും അമൃതേട്ടനും വരൂല്ലാന്ന് പറഞ്ഞത് കേട്ടിട്ടാ”
” അവര് വേറെ ഒരു ദിവസം ഇങ്ങോട്ടെയ്ക്ക് വരാന്ന് പറഞ്ഞിട്ടുണ്ടെടാ ഇന്ന് അവർക്ക് ഏതോ കല്യാണം ഉണ്ടെന്നാ പറഞ്ഞെ” അച്ഛൻ വാ പൊത്തി ചിരിച്ച് കൊണ്ട് പറഞ്ഞു. അച്ഛന്റെ പറച്ചിലിൽ എന്തോ ഒരു വശപിശക് എനിക്ക് തോന്നി. സാധാരണ എന്നോട് അധികം ചിരിച്ച് സംസാരിക്കാത്ത ആളാ.
ദൂരേ നിന്ന് ഒരു പരിചയമുള്ള ഹോണിന്റെ ശബ്ദം കേട്ടു ശ്രദ്ധിച്ചപ്പോൾ നീട്ടി പിടിച്ച് അടിച്ച് കൊണ്ട് അത് അടുത്തേയ്ക്ക് എത്തുന്നത് പോലെ തോന്നി. കുറച്ച് കൂടി ശ്രദ്ധിച്ചപ്പോൾ സ്പോർട്സ് കാറിന്റേത് പോലെ ആക്സിലേറ്റർ കൊടുക്കുമ്പോൾ മുഴങ്ങി കേൾക്കുന്ന എഞ്ചിന്റെ ഒരു മുരൾച്ച ശബ്ദവും കൂടി കേട്ട് തുടങ്ങിയതോടെ ഞാനുറപ്പിച്ചു. എന്റെ സന്തത സഹചാരിയായിരുന്ന സാൻട്രോ സ്വിംഗ് കുട്ടൻ എന്റെ പുതിയ വീട്ടിലേക്കു എത്തുന്നുണ്ടെന്ന് മനസ്സിലാക്കിയ ഞാൻ സന്തോഷം കൊണ്ട് ഉമ്മറത്ത് നിന്ന് ചാടി പുറത്തേക്കിറങ്ങിയപ്പോഴെയ്ക്കും ലൈറ്റുകളൊക്കെ മിന്നി തെളിയിച്ച് കൊണ്ട് കാർ അച്ഛന്റെ എൻഡവറിന്റെ പിറകിൽ കൊണ്ട് നിർത്തി. കാർ മൊത്തത്തിൽ ഒന്ന് പോളിഷ് ചെയ്ത് പുത്തനാക്കിയിട്ടുണ്ട് അന്ന് സംഗീതിന്റെ പരാക്രമത്തിൽ ഒടഞ്ഞ് പോയ ഹെഡ് ലൈറ്റുകളും ചില്ലുകളെല്ലാം മാറ്റി പുതിയതിട്ടും കാറിനെ ഞാൻ അന്ന് കൊണ്ട് നടന്ന പഴയ കോലത്തിലേയ്ക്ക് മാറ്റിയിട്ടുണ്ട്. കാർ കണ്ട സന്തോഷത്തിൽ ഞാൻ തല അച്ഛന് നേരെ വെട്ടിച്ച് നോക്കിയപ്പോൾ അച്ഛൻ എന്നെ നോക്കി ചിരിച്ച് കൊണ്ട് ഉച്ചത്തിൽ പറഞ്ഞു: “ഡാ ആദി അന്ന് നീ വീട്ടിന്ന് ഇറങ്ങുന്ന നേരം ഞാൻ പറഞ്ഞില്ലേ? നീ എവിടെയാ നിൽക്കുന്നതെന്ന് വെച്ചാ നിന്റെ കാർ അവിടേയ്ക്ക് കൊണ്ടു തന്നേക്കാംന്ന് പറഞ്ഞ വാക്ക് ഞാൻ പാലിച്ചിട്ടുണ്ട്”.
“ചേട്ട ആ വണ്ടിയിൽ ആരൊക്കെയാ വന്നതെന്ന് ഒന്ന് നോക്ക്യേ” ന്ന് പറഞ്ഞ് കൊണ്ട് അഞ്ജു വായ പൊത്തി ചിരിച്ചു. പിന്നെ ഞാനൊന്നും നോക്കിയില്ല. സൺ കൂളിംഗ് ഫിലിം ഒട്ടിച്ചത് കൊണ്ട് അകത്തിരിക്കുന്നവരെ കാണാൻ പറ്റാത്തത് കൊണ്ട് ഞാൻ ഓടി ചെന്ന് ഡ്രൈവർ സൈഡിലെ ഡോർ തുറന്നതോടെ നിയാസ് ചാടി പുറത്തിറങ്ങിയിട്ട് “അളിയാന്ന്” വിളിച്ച് കൊണ്ടെന്നെ കെട്ടി പിടിച്ചു. ഞാൻ അവനെ കെട്ടിപിടിച്ച് നിൽക്കുമ്പോ അമൃതും മുന്നിലെ ഡോർ തുറന്നിറങ്ങി ഓടി വന്നെന്നെ പിറകിൽ നിന്ന് കെട്ടി പിടിച്ചു നിൽപ്പായി. അവർ വന്ന സന്തോഷത്തിൽ മതിമറന്ന ഞാൻ ഒരു നിമിഷം മറ്റെല്ലാവരെയും മറന്ന് ഞങ്ങളുടെ കഴിഞ്ഞ കോളെജ് കാലഘട്ടത്തിലേയ്ക്ക് മടങ്ങി പോയത് പോലെ തോന്നി.
(തുടരും ….)