അവളെന്നെ സപ്പോര്‍ട്ട് ചെയ്തു സംസാരിക്കും എന്ന് ഞാന്‍കരുതിയതേയില്ല.
“അതിനീ മാസ്കിട്ടിട്ടെന്താ കാര്യം..ആവി പിടിക്കരുതോ..തുളസിയൊക്കെ ഇട്ടിട്ട്..!”
ഞാന്‍ ഒന്നും മിണ്ടിയില്ല.
“ആഹ്…നീ അന്ന് കൊണ്ട് വന്ന കാര്‍ ഒന്നൂടെ വേണം..ഉച്ച കഴിഞ്ഞു മതി.നെന്മാറേലെ ശേഖരന്‍ മാമേടെ ആണ്ടാത്രേ നാളെ…ഈ നശിച്ച സൂക്കേട് കാരണം മാസേതാ ദിവസേതാന്നൊന്നും അറിയാന്‍ പറ്റാണ്ടായി…!”
“അതച്ഛാ…അവര്‍ വാടകയ്ക്ക് കൊടുക്കുന്നതാ..1500 രൂപ ആവും..അന്ന് ഏടത്തിയാ തന്നത് ..!”
“ആഹ്..എന്തേലും ആവട്ടെ…ഇതിപ്പോ പോകാണ്ട് പറ്റില്ല..നിങ്ങടമ്മെടെ ആണ്ടിന് ഒരാഴ്ച അവരൊക്കെ ഇവിടെ തന്നെ ആയിരുന്നു. ഈ അവസ്ഥയില്‍ ഒരു രണ്ടു ദിവസെങ്കിലും അവിടൊന്നു നിന്നു കൊടുത്തില്ലേല്‍ മോശാണ്..!”
“ഇപ്പൊ അങ്ങനെ ഒത്തു കൂടാനൊന്നും പറ്റില്ലച്ഛാ…കൊവിഡ് പ്രോട്ടോക്കോളൊക്കെ ഉള്ളതാ…പോലീസ് അറിഞ്ഞാ കേസ് ആവും..!”
കുഞ്ഞേച്ചിയുടെ മുഖത്ത് അമ്പരപ്പാണ്.
“വല്ല്യ കാരണവര്‍ കാലത്തെ തന്നെ വിളിച്ച് മുത്തശ്ശനെയും കൂട്ടിയങ്ങു ചെല്ലാന്‍ നിര്‍ബന്ധപൂര്‍വം പറഞ്ഞിരിക്ക്യാ…പിന്നെ അവര്‍ക്കറിയാത്ത പോലീസാണോ… !”
അച്ഛന്‍ അതും പറഞ്ഞ് അടുക്കളയിലേക്ക് നടന്നു. കുഞ്ഞേച്ചിയും ഞാനും പരസ്പരം നോക്കി.
അടുക്കളയില്‍ നിന്ന് വെട്ടുകത്തിയെടുത്ത് പിന്നിലെ വാതിലിലൂടെ അച്ഛന്‍ പുറത്തേക്ക് പോകുന്നത് വരെ ഞങ്ങളൊന്നും മിണ്ടിയില്ല.
“അച്ഛന്‍ പേടിച്ചു…എനിക്കും കൊവിഡ് വന്നൂന്ന് കരുതിക്കാണും ആദ്യം..!”
ഞാന്‍ കുഞ്ഞേച്ചിയെ നോക്കി ചിരിച്ചു. അവള്‍ പക്ഷെ നല്ല ഗൗരവത്തിലാണ്.
“ഇതെന്ത് പറ്റിയതാ..?”
അവള്‍ എന്റെ ചുണ്ടിന്‍റെ നേര്‍ക്ക് തുറിച്ചു നോക്കി.
“അത്.. ഞാന്‍..വീണതാ..കട്ടിലീന്നു..!”
പെട്ടെന്ന് നാവില്‍ പൊന്ന് പോലൊരു നുണ വിളഞ്ഞു.
“മ്ഹും..?! വീണാ ഇങ്ങനൊക്കെ പറ്റുമോ..ങ്ഹും..ഞാനൊന്നും പറയുന്നില്ല…ന്നാ കഴിക്ക്..ന്നിട്ട് മോളിലോട്ട് വാ.. എന്‍റെല്‍ മരുന്നുണ്ട്..!”
തറപ്പിച്ചൊന്നു നോക്കിക്കൊണ്ട് അവള്‍ എണീറ്റ് വാഷ്ബേസിന് നേരെ നടന്നു.കൈ കഴുകുന്നതിനിടയിലും ഇടയ്ക്ക് എന്നെയൊന്നു പാളി നോക്കുന്നുണ്ട്. കൈ കഴുകിക്കഴിഞ്ഞ് ആ കൊലുസ് ശബ്ദം ഗോവണി കയറിപ്പോകുന്നത് വരെ ഞാന്‍ അതേ ഇരുപ്പിരുന്നു.
“കഴിക്കാന്‍ തുടങ്ങീല്ലേ ഇതുവരെ..?”