അവളത് കത്തിച്ചശേഷം നിലത്ത് ഉറപ്പിച്ചു. എന്നിട്ട് ബാല്‍ക്കണിയിലെ ലൈറ്റിന്‍റെ സ്വിച്ച് ഓഫ് ചെയ്തു കളഞ്ഞു.മെഴുകുതിരിയുടെ അരണ്ട വെട്ടം മാത്രമേ ഇപ്പൊ ബാല്‍ക്കണിയിലുള്ളൂ.
“അതെന്തിനാ ലൈറ്റ് ഓഫ് ചെയ്തെ..?”
ഞാന്‍ അവളെ നോക്കി.
“നിനക്ക് ഒട്ടും ഭാവനാ സെന്‍സില്ലല്ലോടാ അമ്പൂസേ…!”
അവള്‍ ഒരു ചിരിയോടെ അവള്‍ തറയിലിരുന്നു. ആ ചിരി കണ്ടപ്പോ എനിക്ക് അല്പം സമാധാനമായി. നേരം വെളുത്ത് ഇത്രേം സമയത്തിനുള്ളില്‍ ആദ്യമായാണ് ആ മുഖത്തൊരു ചിരി കാണുന്നതും ശബ്ദം സൌമ്യമായി കേള്‍ക്കുന്നതും
അവള്‍ ചാരുപടിയിലിരുന്ന ബിയറുകളില്‍ ഒരെണ്ണം കൈ നീട്ടി എടുത്തു.
“അമ്പൂസേ…ലൈഫില്‍ ഒരിക്കല്‍ കൂടെ നടക്കാന്‍ സാധ്യതയില്ല എന്നുറപ്പുള്ള ചില കാര്യങ്ങള്‍ ആദ്യമായി ചെയ്യുമ്പോ അതിന് എന്തെങ്കിലുമൊക്കെ പ്രത്യേകതകള്‍ വേണമെഡാ…എന്നാലേ പച്ചകുത്തിയതുപോലെ അത് ഉള്ളിലങ്ങനെ കിടക്കൂ…!”
ഞാന്‍ തെല്ലൊരു ആശ്ചര്യത്തോടെ അവളെ നോക്കി.
നെയില്‍ കട്ടറിന്‍റെ പിന്‍ഭാഗം കൊണ്ട് ബോട്ടില്‍ ഓപ്പണ്‍ ചെയ്യുകയാണവള്‍. ഇതൊക്കെ അവളെങ്ങനെ പഠിച്ചു എന്ന്‍ അത്ഭുതത്തോടെ ചിന്തിച്ചു കൊണ്ട് ഞാന്‍ കഴിക്കാനുള്ളത് രണ്ടുപേരുടെയും സൌകര്യത്തിനായി നടുവിലേക്ക് എടുത്തു വച്ചു.
അവള്‍ ഒരു ഗ്ലാസ്സിലേക്ക് ബിയര്‍ പകര്‍ന്ന ശേഷം രണ്ടാമത്തെ ഗ്ലാസ് എടുക്കുകയാണ്.
“ഇതെന്തിനാ രണ്ടിലും നിറയ്ക്കുന്നെ..എനിക്ക് വേണ്ടാട്ടോ..ഞാന്‍ കഴിക്കില്ല..!”
ഞാന്‍ പെട്ടെന്ന് കൈ നീട്ടി തടഞ്ഞു.
അവളെന്നെ തറപ്പിച്ചൊന്നു നോക്കി.
“നീയും കഴിക്കും…കഴിച്ചേ പറ്റൂ…എങ്ങാനും പിടിക്കപ്പെട്ടാ എനിക്കൊരു കൂട്ട് വേണം.. അല്ലെങ്കിലേ എന്‍റെ കാല് വാരാന്‍ നിനക്ക് നല്ല മിടുക്കാണല്ലോ..!”
ഞാന്‍ ശരിക്കും വെട്ടിലായി. അവളതു ആസ്വദിച്ചൊന്നു ചിരിച്ചു.
“പ്ലസ്ടു ആയിരുന്നപ്പോ മേലോത്തെ അശ്വതി ബിയര്‍ അടിച്ചു പൂസായ അനുഭവമൊക്കെ പറഞ്ഞു വല്ലാതെ ത്രില്ലടിപ്പിക്കുമായിരുന്നു… അന്ന് മനസ്സില്‍ വിചാരിച്ചതാണ്..ഒരിക്കല്‍ മാത്രം ഇതിനെ ഒന്ന്‍ അനുഭവിച്ചറിയണമെന്ന്….!”
അവള്‍ ഗ്ലാസെടുത്ത് മുഖത്തിനു നേരെ പിടിച്ച് നുരഞ്ഞു കൊണ്ടിരിക്കുന്ന ബിയറിലേക്ക് ഉറ്റുനോക്കി.
അവളുടെ ഭാവം കണ്ടിട്ട് ഇന്ന് പലതും കാണേണ്ടി വരുമെന്ന് എനിക്ക് ഉറപ്പായി.
“നോക്കി നില്‍ക്കാതെ എടുത്ത് കുടിക്ക് ചെക്കാ…!”