നാളെയും അവിടെ ട്രെയിനിങ് സെഷനുണ്ട്.ബാങ്ക് പുതിയതായി അവിടെ ഒരു ബ്രാഞ്ച് തുറക്കുന്നുണ്ട്.”-യാതൊരു വിധ പതർച്ചയും കൂടാതെ ഭർത്താവിൻറെ അമ്മയോട് അവൾ പച്ചക്കള്ളം പറഞ്ഞു.ഇതേ കാര്യം തന്നെ അവൾ പുറത്തെവിടെയോ പോയിരിക്കുകയായിരുന്ന ഭർത്താവിനേയും വിളിച്ചു പറഞ്ഞു.
“നീ എവിടെയെങ്കിലും പോയി തുലയ്.വൈകീട്ട് എനിക്ക് ബാറിൽ പോകാനുള്ള പണം അമ്മയെ ഏൽപിച്ചിരിക്കണം.എനിക്കത്രയേ വേണ്ടൂ.”-ഇതായിരുന്നു അയാളുടെ പ്രതികരണം. അയാളുടെ ഇത്തരത്തിലുള്ള നിസ്സംഗത ആ അവസരത്തിൽ തനിക്കൊരു അനുഗ്രഹമായി മാറുകയാണെന്ന തിരിച്ചറിവ് അവളിൽ സന്തോഷം പടർത്തി.അവൾ കുറച്ചു പണം അമ്മയെ ഏൽപിച്ചു.
“ഇത് ചേട്ടന് കൊടുത്തേക്ക്.മുക്കറ്റം കുടിക്കട്ടെ.”-അവൾ വെറുപ്പോടെ പറഞ്ഞു.പിന്നെ വീട്ടിൽനിന്നിറങ്ങി.ബാഗ് കാറിൻറെ പിൻസീറ്റിലേക്കിട്ടു.പിന്നെ കാർ സ്റ്റാർട്ട് ചെയ്ത് തൻറെ യാത്ര ആരംഭിച്ചു.സാമാന്യം നല്ല വേഗത്തിലാണവൾ ഡ്രൈവ് ചെയ്തത്.രണ്ടര മണിക്കൂറുകൊണ്ടവൾ സുൽത്താൻ ബത്തേരിയിലെ .ശിവപ്രസാദ് മുതലാളിയുടെ ആയുർവേദകേന്ദ്രത്തിലെത്തി.ഏക്കറുകളോളം പരന്നു കിടക്കുന്ന തോട്ടത്തിന് ഒത്ത നടുവിൽ പഴയ വൈസ്രോയീ ബംഗ്ലാവ് പോലുള്ള ഒരു മൂന്ന് നില കെട്ടിടം.
നീർച്ചോലയാലും കാറ്റാടി മരങ്ങളാലും ചുറ്റപ്പെട്ട ആ കെട്ടിടത്തിലായിരുന്നു പ്രകൃതിചികിത്സാ കേന്ദ്രം പ്രവർത്തിച്ചിരുന്നത്.മനോഹരമായ പ്രകൃതി ഭംഗി തന്നെയായിരുന്നു ആ പരിസരത്തിൻറെ പ്രത്യേകത.കാടിൻറെ തണുപ്പും,കാറ്റിൻറെ പാട്ടും,പൂക്കളുടെ സൗരഭ്യവും , പച്ചമരുന്നുകളുടെ മണവും അവിടമാകെ തളം കെട്ടി നിന്നു.
നവമി കാർ പാർക്ക് ചെയ്ത് റിസപ്‌ഷനിലേക്ക് ചെന്നു.പുഞ്ചിരിയോടെ ഒരു പെൺകുട്ടി അവളെ വരവേറ്റു.
“മുതലാളിയെ കാണാൻ വന്നതാണ് “-നവമി ആ പെൺകുട്ടിയോട് പറഞ്ഞു.
“ബാങ്ക് മാനേജർ നവമി മാഡം ആണോ ?”-ആ കുട്ടി ചോദിച്ചു.
“അതെ .”-നവമി തലയാട്ടി.
“മൂന്നാമത്തെ നിലയിലെ അങ്ങേയറ്റത്തെ മുറിയിലാണ് സാറുള്ളത് ലിഫ്റ്റിൽ കയറി പോകാവുന്നതാണ്.”