” അപ്പോ വിഷമം മാറിയോ ” ഞാൻ കളിമട്ടിൽ ചോദിച്ചപ്പോൾ അവൾ ഒന്ന് മൂളി.ഞാൻ വണ്ടി എടുത്തു പതുക്കെയാണ് പോയത്. നേരത്തെയുള്ള അന്തരീക്ഷം ഒന്ന് അയഞ്ഞ പോലെ. അല്ലെങ്കിലും ആരെങ്കിലും കരയുന്ന കണ്ടാൽ എനിക്ക് വല്ലാതാകും.
“കിച്ചൂ ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ ദേഷ്യപ്പെടുമോ?” സീറ്റിൽ നിന്ന് കുറച്ചു ചെരിഞ്ഞു എന്റെ നേർക്ക് നോക്കി അവൾ ചോദിച്ചു.
“എന്താ പറ ”
“അത് ഇന്ന് ഞങ്ങൾ വന്നത് നിനക്ക് ഇഷ്ടപ്പെട്ടില്ല അല്ലെ ” അവൾ പതുങ്ങി ചോദിച്ചു.
“അതെന്താ അങ്ങനെ ചോദിച്ചേ “ഞാൻ അവളുടെ മുഖത്തേക്ക് പാളിനോക്കി ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചു.
” നിന്റെ നോട്ടവും പെരുമാറ്റവും അങ്ങനെ ആയിരുന്നു. പിന്നെ ഞാൻ അച്ചുവിന്റെ കല്യാണകാര്യം പറഞ്ഞപ്പോൾ അല്ലെ നീ തുള്ളിചാടി വാതിലും പൊട്ടിച്ചു ഓടിയത് ” അവൾ പതിയെ ചിരിച്ചു.
ഈശ്വര ഇവൾക്ക് ഇതൊക്കെ മനസ്സിലായോ. അപ്പൊ മറ്റുള്ളവർക്കും ഇത് മനസ്സിലായിട്ടുണ്ടാവല്ലോ? ഞാൻ ഉത്തരം പറയാതെ കുഴങ്ങി.
” അത് റിയേച്ചി…. ”
“പരുങ്ങണ്ട എനിക്കത് മനസ്സിലായി. ഇതുപോലെ തന്നെയാ അച്ചുവും നിന്നെ പറ്റി എന്തെങ്കിലും പറഞ്ഞാൽ ഉണ്ടല്ലോ…എന്‍റെ മൊനെ അവള്‍ എന്നെ കൊല്ലാൻ വരും. അതു തന്നെ ആവുമല്ലോ നിനക്കും ഉണ്ടാവുക…!! നിങ്ങൾ മൂന്നുപേരുടേയും സ്നേഹം കാണുമ്പോൾ എനിക്ക് എപ്പഴും കൊതിയാകും. നിന്നെ പോലെ ഒരനിയനെ എനിക്ക് കിട്ടിയില്ലല്ലോ എന്നോർത്ത്. അതാ നിന്നെ കാണുമ്പോൾ ഞാന്‍ അച്ചുവും ദേവുവും പെരുമാറുന്നത്പോലെ നിന്നോട് സ്വാതന്ത്ര്യം എടുക്കുന്നത്. എനിക്കറിയാം ഞാൻ നിന്റെ അടുത്ത് വരുന്നത് അച്ചുവിന് തീരെ ഇഷ്ടമല്ലെന്ന്…നീ അവളെ ഒന്നും വിഷമിപ്പിക്കരുത് കേട്ടോ..” നിറഞ്ഞ കണ്ണുകൾ ഒളിപ്പിക്കവണ്ണം അവൾ തിരിഞ്ഞപ്പോ എന്തോ എന്റെ കണ്ണും നിറഞ്ഞു.അവളെ ഒരു മോശം രീതിയിൽ കണ്ടതിനു എനിക്ക് കുറ്റബോധം തോന്നി. കൂടെ അവളോട് കുറച്ചു അടുപ്പവും.
ഋഷിയുടെയും അച്ചു വിന്റെയും കാര്യം ഇവളോട് തന്നെ ചോദിക്കാമെന്ന് ഞാൻ കരുതി.അവർ തമ്മിലൊന്നും ഉണ്ടാവല്ലേ എന്ന് ഞാൻ മനസ്സു കൊണ്ടു പ്രാർത്ഥിച്ചു.
“റിയേച്ചി….”
“ഹ …” അവൾ കുറച്ചുകൂടെ ഫ്രീ ആയി.