ഇത് കിട്ടിയത് മഹാഭാഗ്യമെന്ന് കരുതി അതും എടുത്ത് അകത്തേക്ക് ചെന്ന് കിളിയുടെ കട്ടിലിനരികിൽ വെച്ചത് അന്താളിച്ചു നോക്കുന്നത് ഏകല് പോലെ കണ്ട ഞാൻ അന്നേരം ഒന്നും പറഞ്ഞില്ല. കിളി ഇനി കരുതി കാണുമോ എനിക്ക് ബുദ്ധിമുട്ട് ഉള്ളതുകൊണ്ട് വടിയും കുത്തിപ്പിടിച്ച് ബാത്ത്റൂമിൽ പോകാൻ ആണെന്ന്, എന്തും വിചാരിക്കട്ടെ പിന്നീട് പറയാം. ഞാൻ മുറിക്ക് പുറത്തിറങ്ങി കുറച്ചു ദിവസങ്ങളായി ടിവി കാണാനുള്ള മൂഡില്ല. അമ്മൂമ്മ ഉണ്ടായിരുന്നെങ്കിൽ എന്തെങ്കിലും വർത്തമാനം പറഞ്ഞ് ഇരിക്കാമായിരുന്നു.
ഇവിടെ ഇപ്പോൾ ഉള്ള ആളോട് എന്തെങ്കിലും ചോദിച്ചാൽ ചാടി കടിച്ച പോലുള്ള മറുപടിയാണ്. എന്തിന് മനസ്സിന് വിഷമം ഉണ്ടാക്കാൻ വേണ്ടി ഒരു സീൻ ഉണ്ടാക്കണം. ഞാൻ ഗേറ്റ് പൂട്ടി സിറ്റൗട്ടിൽ ലൈറ്റിട്ട് ഹാളിൽ ലൈറ്റും ഫാനും ഇട്ട് സെറ്റിയിൽ ഇരുന്നു ഒന്നു മയങ്ങി എപ്പോഴോ വാതിലിൽ ശക്തിയിൽ എന്തോ ഇടിക്കുന്ന ഒച്ച കേട്ടാണ് എഴുന്നേറ്റത്. ആരാടാ ഈ ഗേറ്റ് പൂട്ടിയിട്ടും മതിലുചാടി വന്നു വാതിലിൽ ഇടിക്കുന്നത് എന്ന് ഓർത്ത് ഫ്രണ്ടിലെ വാതിൽ തുറന്നു നോക്കി, അവിടെ ആരെയും കാണാതെ വന്നപ്പോൾ വാതിലടച്ച് കുറ്റിയിട്ട് തിരിച്ചുവന്ന് സ്വപ്നം കണ്ടത് ആയിരിക്കും എന്ന് വിചാരിച്ച്,
ഇപ്പോൾ ഇടയ്ക്കിടയ്ക്ക് സ്വപ്നം കാണുന്നത് പതിവാണല്ലോ എന്ന് കരുതി സെറ്റിയിൽ ഇരിക്കാൻ ശ്രമിക്കുമ്പോൾ കിളിയുടെ വാതിലിൽ ഞാൻ എടുത്തു കൊണ്ടുവന്ന വടി കിടക്കുന്നു. അപ്പോൾ എനിക്ക് മനസ്സിലായി സ്വപ്നമല്ല യാഥാർത്ഥ്യമാണ്. സെറ്റിയിൽ ഇരിക്കാതെ സമയം നോക്കുമ്പോൾ എട്ടു മണി കഴിഞ്ഞിരിക്കുന്നു, അതിൻറെ സിഗ്നൽ ആണ് ആ കണ്ടത്. കിളി ഇവിടെ മുറിയിൽ ചെന്നു നോക്കി ഉണ്ടക്കണ്ണി, കണ്ണു രണ്ടും തള്ളി കെറുവിച്ചു കിടക്കുകയാണ്. ആളിന് വിശപ്പ് ആയിട്ടുണ്ടെന്ന് തോന്നുന്നു.
അടുക്കളയിൽ ചെന്ന് ഭക്ഷണവും കുടിക്കാനുള്ള വെള്ളവുമായി തിരിച്ചു വന്നു കിളിയെ പൊക്കി, പുറകിൽ ചാരി ഇരിക്കാൻ പരുവത്തിൽ ഞാൻ ഇരുന്നു കൊടുത്തു. മടിയിൽ തുണി വിരിച്ച് ചോറ് വെച്ചു കൊടുത്തു കറികളും വെള്ളവും സ്റ്റൂളിലും. ഭക്ഷണശേഷം കപ്പിൽ വെള്ളവും ബക്കറ്റും കൊടുത്ത് ബാത്റൂമിലേക്ക് ആളെ കൊണ്ടുപോകുന്നതിനു മുമ്പ് ഞാൻ:- “കുളിക്കണോ? ഇന്നലത്തെ പോലെ വെള്ളം ചൂടാക്കി തരാം മേൽ കഴുകി വസ്ത്രം ഒക്കെ മാറു…”