കിളി കിടന്നുകൊണ്ട് ഗ്ലാസിൻറെ അവശിഷ്ടങ്ങൾ പെറുക്കി എടുക്കാൻ ഏന്തിവലിയുന്നു. ഞാൻ പെട്ടെന്ന് ചെന്ന് ആളെ ഉദ്യമത്തിൽ നിന്നും പിന്തിരിപ്പിച്ച് നേരെ കിടത്തിക്കൊണ്ട് അവശിഷ്ടങ്ങൾക്ക് എടുക്കുന്നതിനിടയിൽ ഒരു കഷണം കൊണ്ട് എൻറെ ഇടതുകൈയുടെ തള്ളവിരൽ മുറിഞ്ഞു രക്തം തുള്ളിതുള്ളിയായി വീഴാൻ തുടങ്ങി, ഞാൻ അത് കാര്യമാക്കാതെ മറ്റു രണ്ടു വിരലുകളാൽ തള്ളവിരൽ അമർത്തിപ്പിടിച്ച് വലത് കൈ കൊണ്ട് ഗ്ലാസിൻറെ വലിയ കഷ്ണങ്ങൾ എടുത്തുകൊണ്ടുപോയി മതിലിന് പുറത്തേക്ക് കളഞ്ഞു തിരിച്ച് അടുക്കളയിൽ വന്ന് ചൂലും അടിച്ചു വാരിയും എടുത്ത് മുറിയിലേക്കു ചെന്നു വലത്തെ കൈ ഉപയോഗിച്ച് ചില്ലിൻറെ ബാക്കി ഭാഗങ്ങൾ അടിച്ചു വരുന്നതിനിടയിൽ രക്തം തുള്ളിയായി നിലത്തുവീണപ്പോഴാണ് ശ്രദ്ധിച്ചത്, കൈ മുഴുവൻ ചോരയാണ്.
ഇതെല്ലാം കണ്ട് മൗനിയായി ഒരാൾ അവിടെ കിടപ്പുണ്ടായിരുന്നു. അടിച്ചുകൊണ്ടിരുന്നു ചൂല് അവിടെയിട്ട് ബാത്റൂമിൽ കയറി കൈകഴുകി, ചോര നിൽക്കുന്നുണ്ടായിരുന്നില്ല അവിടെ നിന്നിറങ്ങി മുറിയിൽ കയറി അലമാര തുറന്ന് ഒരു പഴയ തുണിയെടുത്ത് കീറി മുറിവിൽവെച്ച് കെട്ടാൻ നോക്കിയിട്ട് പറ്റാത്തതുകൊണ്ട് ചുറ്റി വെച്ചു, ചെറിയ കഷ്ണം തുണി ആയതുകൊണ്ട് അത് വേഗം ചോരയിൽ കുതിർന്നു കുറച്ചു നീളത്തിൽ തുണി കീറി. മുറിവിൽ ചുറ്റി കെട്ടാൻ മറ്റൊരാളുടെ സഹായമില്ലാതെ പറ്റില്ലായിരുന്നു.
അതിന്, ആ ഉണ്ടക്കണ്ണി യുടെ അടുത്ത് ചെന്ന് വായിലുള്ളത് കേൾക്കണല്ലോ എന്നുകരുതി വിരലുകളാൽ കൂട്ടിപിടിച്ചു. അമ്മുമ്മ വന്ന് ആ മുറിയിൽ പോയി അറിയാതെ അവിടെ ചവിട്ടി കാൽ മുറിയണ്ടല്ലോ എന്ന് കരുതി വേഗം ചെന്ന് ചൂലെടുത്ത് അടിച്ചുവാരി ബാക്കിയുണ്ടായിരുന്ന ചില്ലിൻ്റെ അവശിഷ്ടങ്ങൾ മതിലിനു പുറത്തേക്ക് കളഞ്ഞു അപ്പോഴും ആ മൗനിബാബ ഉണ്ടക്കണ്ണുതുറന്നു നോക്കി കിടപ്പുണ്ടായിരുന്നു. ബാത്റൂമിൽ കയറി രാത്രിയിൽ നനച്ചു വെച്ചിരുന്ന കിളിയുടെ വസ്ത്രങ്ങൾ എടുത്ത് വാഷിംഗ് മെഷീനിൽ കൊണ്ടുപോയിട്ടു ഗേറ്റ് തുറന്നു അപ്പോഴേക്കും അമ്മുമ്മ വന്നു.
അമ്മുമ്മയോട് എൻറെ കൈ ഒന്ന് കെട്ടി തരാൻ പറഞ്ഞു, അമ്മുമ്മ വിവരം തിരക്കിയപ്പോൾ ചായ ഗ്ലാസ് ഒന്ന് പൊട്ടി അതിൻറെ ചില്ലുകൾ എടുത്തപ്പോൾ കയ്യ് ഒന്ന് കീറി എന്നു പറഞ്ഞു. അമ്മുമ്മ കയ്യിൽ ചുറ്റിയ തുണി എടുത്തു മാറ്റി, ചോര നിന്നെങ്കിലും മുറിവിന് നല്ല ആഴം ഉണ്ടായിരുന്നുവെന്ന് ഇപ്പോൾ നോക്കിയപ്പോഴാണ് മനസ്സിലായത്. മുറിവ് പറ്റിയപ്പോൾ ഒന്നും തോന്നിയില്ല. അമ്മൂമ്മ അലമാരയിൽ നിന്നും വെളുത്ത തുണി കീറി കൊണ്ടുവന്ന് വെള്ളം ചൂടാക്കി തുടച്ച് മുറിവിനുള്ള ഓയിൽമെൻറ് വെച്ച് കെട്ടി.