ഉച്ച കഴിഞ്ഞപ്പോഴേക്കും മഴക്കാർ ഉണ്ടായിരുന്നതിനാൽ തുണികൾ എല്ലാം എടുത്തു, വെയിൽ അങ്ങനെ തെളിഞ്ഞിരുന്നില്ല എന്നാലും തുണികൾ വാടിയിട്ടുണ്ട്, മടക്കി അതാത് സ്ഥലത്ത് വച്ചു. വൈകുന്നേരം 4 മണിയോടുകൂടി മഴക്കാർ വെക്കാൻ തുടങ്ങി ചെറിയ രീതിയിലുള്ള മിന്നലും പ്രകൃതിയുടെ സ്വഭാവം മാറി തുടങ്ങിയതുകൊണ്ട് അമ്മൂമ്മ അഞ്ചു മണി കഴിഞ്ഞപ്പോഴേക്കും ചിറ്റയുടെ വീട്ടിലേക്ക് പുറപ്പെട്ടു. അഞ്ചര മണി ആയപ്പോഴേക്കും അന്തരീക്ഷം പെട്ടെന്ന് ഇരുണ്ടു, പെട്ടെന്ന് പോയി ഗേറ്റ് പൂട്ടി തിരിച്ചുവന്നു ഫ്രണ്ട് ഡോറും അടുക്കളയുടെ ഡോറും അടച്ചു കുറ്റിയിട്ടു.
കുറച്ചു കഴിഞ്ഞപ്പോൾ ശക്തിയായ മഴ പെയ്യാൻ തുടങ്ങിയതോടെ ഇടി വെട്ടും മിന്നലും. ഇന്നലെ കറണ്ട് പോയതിനാൽ ഇന്ന് രണ്ട് എമർജൻസി ലൈറ്റ് ഉണ്ടായിരുന്നത് തപ്പിയെടുത്ത് ചാർജ് ചെയ്തു വച്ചിരുന്നു. പെട്ടെന്ന് ഇരുട്ടിയതിനാൽ ഹാളിലും അടുക്കളയിലും ലൈറ്റിട്ട്, കിളിയുടെ മുറിയിൽ ചെന്നപ്പോൾ കക്ഷി പേടിച്ചു വിറച്ച് കട്ടിലിൽ കിടക്കുന്നു. ആ മുറിയിലും ലൈറ്റിട്ടു. ജനലുകൾ ഒക്കെ അടച്ച് കർട്ടനും വലിച്ചിട്ടു. കക്ഷി ഷീറ്റുകൊണ്ട് തലവഴി മൂടി മുഖം മാത്രം വെളിയിൽ കാണുന്ന വിധത്തിൽ ചരിഞ്ഞാണ് കിടപ്പ്. ആളുടെ പേടി മനസ്സിലായതോടെ സ്റ്റൂൾ മേശയുടെ അടുത്തേക്കു വലിച്ചിട്ട് അവിടെയിരുന്നു. കക്ഷി പേടിച്ച് നിലവിളിക്കണ്ടല്ലോ എന്ന് കരുതി.
സ്റ്റൂളിൽ ഇരുന്നു കൊണ്ട് ഒരു പ്രാവശ്യം ആ മുഖത്തേക്ക് നോക്കി, എപ്പോഴും നോക്കേണ്ട മുഖമാണ് പക്ഷേ നോക്കിയാൽ ഏതു രീതിയിലാണ് പ്രതികരിക്കുന്നത് എന്ന് അറിയാത്തതുകൊണ്ട് വല്ലപ്പോഴും ആണ് നോക്കുന്നത്. നോക്കുമ്പോൾ പേടി തീരെ മാറിയിട്ടില്ല എങ്കിലും ഒരു ധൈര്യത്തിന് ആളുണ്ടല്ലോ എന്ന മുഖഭാവം. മിന്നൽ ശക്തി കൂടിയപ്പോൾ കറണ്ട് പോയാലോ എന്ന് കരുതി എമർജൻസി എടുത്തുകൊണ്ടുവന്ന് മേശമേൽ വെച്ചു. കുറച്ചുനേരം അങ്ങനെ ഇരുന്നു കൂടെയുള്ള ആൾ മിണ്ടാത്തത് കൂടിയായപ്പോൾ എനിക്ക് ഉറക്കം തൂങ്ങാൻ തുടങ്ങി,
ഒന്നു രണ്ടു പ്രാവശ്യം ഉറക്കം തൂങ്ങി വീഴാൻ പോയപ്പോൾ ഞാൻ പതിയെ മേശമേൽ തലവെച്ച് മയങ്ങി. ഒരു വലിയ ശബ്ദം കേട്ടാണ് ഉണർന്നത് നോക്കുമ്പോൾ മേശമേൽ ആ വടി ഇരിപ്പുണ്ട്. ആ വടി കൊണ്ട് മേശമേൽ അടിച്ച് ശബ്ദമാണ് കേട്ടത്. ഫാൻ ഇട്ടിരുന്നതിനാൽ നല്ല തണുപ്പ് അതുകൊണ്ട് ഉറക്കം വരുന്നു. എന്തെങ്കിലുമൊക്കെ പറഞ്ഞുകൊണ്ടിരുന്നെങ്കിൽ ഇങ്ങനെ വരില്ല. പക്ഷേ പറഞ്ഞിട്ടെന്ത് കാര്യം.