ബാത്ത് റൂമിൽ നിന്നും പുറത്തിറങ്ങി വരുമ്പോൾ അവൾ റൂമിൽ നിന്നും പോയ് കഴിഞ്ഞിരുന്നു. ഞാൻ പുറത്ത് പോയി പല്ല് ബ്രഷ് ചെയ്ത് മുഖം കഴുകി തിരിച്ചു വരുമ്പോൾ അവൾ അടുക്കളയിൽ ചായ വെക്കുന്നുണ്ടായിരുന്നു. പേപ്പർ വായിക്കാനിരുന്നിട്ട് ഒന്നും വായിക്കാതെ ഞാനങ്ങിനെ പേപ്പറും പിടിച്ച് വെറുതെ ഇരുന്നു. എന്തോ ഒരു പേടി എന്നിൽ തിരയടിച്ചു കൊണ്ടിരുന്നു. അച്ചായാ ചായ കുടിക്കാൻ വരു എന്നുള്ള സൂസൻ്റെ ഒച്ചകുറച്ചുള്ള വിളി ഡൈനിങ്ങ് റൂമിൽ നിന്നും കേട്ടു. ഞാൻ വേഗമെഴുന്നേറ്റ് പോയി ചായ കുടിക്കാനിരുന്നു. പതിവുപോലെ ഞങ്ങൾ ഒപ്പം ഇരുന്നെങ്കിലും രണ്ടു പേരും ഒന്നും സംസാരിച്ചില്ല. സൂസൻ്റെ മുഖം ആകെ മ്ലാനതയിലായിരുന്നു.
അവസാനം അവൾ തന്നെ മൗനം ഭജിച്ചു. എന്താ അച്ചായാ പെട്ടന്ന് എൻ്റെ അടുത്ത് നിന്നും പോയത്? അവൾ വിക്കി വിക്കി വിറയലോടെ ഒച്ച കുറച്ചു ചോദിച്ചു. എന്താണ് പറയേണ്ടതെന്ന് എനിക്ക് ഒരെത്തും പിടിയും കിട്ടിയില്ല. എൻ്റെ മറുപടി കിട്ടാതായപ്പോൾ അവൾ വീണ്ടും ചോദിച്ചു. ഏയ് ഒന്നുമില്ല. അച്ചായാ നുണ പറയാതെ എന്താണെങ്കിലും പറയു. അവൾ വളരെ വിഷമത്തോടെ പറഞ്ഞു. അവളെ വിഷമിപ്പിക്കാൻ എനിക്ക് ഉദ്ദേശമില്ല കാരണം ഞാനവളെ അത്ര മാത്രം സ്നേഹിക്കുന്നുണ്ട്. പെട്ടന്ന് എനിക്ക് കിഴു വയറ്റിൽ ഒരു വേദന വന്നു അതാണ് നിന്നെ വിട്ട് ഞാൻ ബാത്ത് റൂമിലേക്ക് പോയത്.
അയ്യോ, എൻ്റച്ചായന് എന്നാ പറ്റിയെ എന്ന് കരഞ്ഞുകൊണ്ടവൾ എന്നെ കെട്ടിപിടിച്ചു. ഒന്നുമില്ലെടി അത് എന്തോ ദഹിക്കാതെ ഇരിക്കുന്നത് കൊണ്ടാണ് ഇന്ന് തന്നെ മാറിക്കോളും. എല്ലാം മറന്ന് എനിക്ക് വയ്യാന്ന് പറഞ്ഞപ്പോൾ അവൾ കാട്ടിയ ഉൽക്കണ്ഠ എന്നിൽ അവളെപ്പറ്റിയുള്ള എല്ലാ സംശയങ്ങളും തീർക്കാൻ പറ്റുന്ന വിധമായിരുന്നു. ഇതിന് മുൻപും ഇങ്ങിനെ തന്നെയാണ്. ചെറുതായി ചുമയോ തലവേദനയോ എനിക്കു വന്നാൽ അവൾക്ക് അത് മാറുന്ന വരെ ആധിയാണ്. എന്നാൽ അവൾക്ക് നന്നായി അസുഖമുണ്ടായാലും ഒന്നുമില്ലെന്ന് പറഞ്ഞ് നടക്കുകയും ചെയ്യും.