വിനാശകാലെ വിപരീത ബുദ്ധി എന്നാണല്ലോ. മണ്ടനായ ഞാൻ എന്റെ ആദർശത്തിന് വേണ്ടി കയ്യിൽ കിട്ടിയ സ്വയമ്പൻ ഭൂതത്തിനെ വിട്ടുകളയാൻ തന്നെ തീരുമാനിച്ചു. ഭൂതത്തിനെ വച്ച് എന്തൊക്കെ ചെയ്യാം എന്ന് എനിക്ക് അപ്പോൾ ഒരു രൂപവും ഇല്ലായിരുന്നു.
ഞാൻ : ” ജൂബു നിന്നെ ഞാൻ സ്വതന്ത്രൻ ആക്കാം. ”
ജൂബു വീണ്ടും ഞെട്ടി.
ജൂബു ആകെ അസ്വസ്ഥൻ ആകുന്നത് പോലെ തോന്നി.
ഞാൻ : ” പറ നിന്നെ സ്വതന്ത്രൻ ആക്കാൻ ഞാൻ എന്താ ചെയ്യേണ്ടത് “.
ജൂബു അക്ഷരാർത്ഥത്തിൽ ഞെട്ടിയത് പോലെ തോന്നി.
ജൂബു : ” അത് സാർ ഒരു ഭൂതം എന്ന നിലയിൽ ഒരിക്കലും ഇതു പറയാൻ പാടില്ല എങ്കിലും ഞാൻ പറയാം. ”
ഞാൻ : ” എന്ത്…… ”
ജൂബു : ” ഞങ്ങൾ ഭൂതങ്ങൾ പാലിക്കേണ്ട കുറേ നിയമങ്ങൾ ഉണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സ്വന്തം ബുദ്ധി ഉപയോഗിക്കരുത് എന്നുള്ളത്. അതായത് യജമാനൻ എന്താണ് പറയുന്നത് അത് മാത്രം ചെയ്യുക. ഞങ്ങളായിട്ട് തീരുമാനം എടുത്ത് ഒന്നും ചെയ്യാൻ പാടില്ല. അതുപോലെ യജമാനന് ബുദ്ധി ഉപദേശിച്ചു കൊടുക്കാനും പാടില്ല. എങ്കിലും ഞാൻ ഒരു ഉപദേശം സാറിന് തരാം ”
ഞാൻ ഭൂതംപറയുന്നത് ശ്രദ്ധിച്ചു കേട്ടു.
ജൂബു : ” ഇത് പറഞ്ഞാൽ എനിക്ക് ഭൂതലോകത്ത് തിരിച്ചു ചെല്ലുമ്പോൾ എനിക്ക് ശിക്ഷ കിട്ടും എന്നാലും സാരമില്ല. എന്നെ പല കാലത്തും പലരും അടിമയായി വച്ചിട്ടുണ്ട്. പക്ഷെ സാറിനെ പോലെ കളങ്കം ഇല്ലാത്ത ഒരാളെ ഞാൻ കണ്ടിട്ടില്ല. അതുകൊണ്ടാണ് നിയമം വിട്ടും ഞാൻ ഉപദേശം തരുന്നത്. സാറിന് വേണോങ്കിൽ എന്നെ സ്വതന്ത്രൻ ആക്കാം. അതോടെ ഞാൻ സ്വതന്ത്ര ഭൂതം ആകും. പിന്നെ എനിക്ക് ഭൂതലോകത്ത് ചെന്ന് സ്വസ്ഥമായി ജീവിക്കാം. പക്ഷെ സാറ് കാണിക്കുന്നത് സാറിന്റെ ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരം ആയിരിക്കും. അതായത് എന്നെപ്പോലെ ഒരു ഭൂതത്തിനെ, അമാനുഷികമായ പലതും ചെയ്യാൻ കഴിയുന്ന ഒരാളിനെ കൈവിട്ട് കളയാൻ മാത്രം ഇപ്പൊ എന്താ ഉണ്ടായത്? ”
ഞാൻ ഒന്നും മിണ്ടാതെ ഭൂതത്തിനെ നോക്കി പൊട്ടനെ പോലെ ഇരുന്നു.
ജൂബു : ” നമ്മള് എടുത്ത പൈസ ഞാൻ തിരികെ വച്ചു. ബൈക്ക് തിരികെ വച്ചു. പിന്നെ ആകെ ഒള്ളത് ഉച്ചയ്ക്ക് കഴിച്ച ഒരു ബിരിയാണിയും ആ പെങ്കൊച്ചിന് കൊടുത്ത ചുരിദാറും ഷെഡ്‌ഡിയും. ഇത്രയും നിസാരമായ ചെറിയ മോഷണം നടത്തി എന്ന പേരിൽ കുറ്റ ബോധം തോന്നി ഒരു ഭൂതത്തിനെ തന്നെ വേണ്ട എന്ന് വെയ്ക്കണോങ്കിൽ….. പോന്നു സാറെ സാറിനെ പോലെ ഒന്ന് ലക്ഷത്തിൽ ഒന്നേ കാണു….. ”
ജൂബു ഒന്ന് നിർത്തി എന്നെ നോക്കി ഒന്ന് ആക്കി ചിരിച്ചു.
ജൂബു : ” സാറെ മനുഷ്യനായാൽ ഇത്രയും സത്യസന്ധതയുടെ ആവശ്യം ഒന്നുമില്ല. പിന്നെ ദേ സാറിന്റെ പ്രശ്നം എന്താണെന്നു എനിക്ക് മനസിലായി. സാറ് ലോകം കണ്ടിട്ടില്ല. വിവരവും ഇല്ല. അതുകൊണ്ടാണ് ഇത്ര നിഷ്കളങ്കൻ ആയി പോയത്. സാറെ ലോകം ഇങ്ങനെയൊക്കെ ആണ്. അല്ലറ ചില്ലറ ഉടായിപ്പ് ഇല്ലാത്ത