പരിസരബോധത്തിലേക്കെത്തുമ്പോള്‍ ചുറ്റും ഉച്ചത്തിലുള്ള പല ടൈപ്പ് ചിരികളാണ് കേട്ടത്.
അച്ഛനും മുത്തശ്ശനും കുഞ്ഞേച്ചിയുമൊക്കെ എന്നെ നോക്കി ചിരിച്ചോണ്ടിരിക്കുകയാണ്.
“എന്നാലും എന്‍റെ അമ്പൂ…ഒരു പഴയ കാര്‍ വാങ്ങാന്‍ പോണത് കേട്ടിട്ടാണോ നീ ഈ ഇരുന്നു സ്വപ്നം കാണുന്നത്..?!”
അച്ഛന്‍ തൊള്ള കീറി ചിരിക്കുകയാണ്. എനിക്കാകെ ചമ്മലായി. എല്ലാര്‍ക്കും ഒരേ ഭാവം… ചാരുപടിയില്‍ കുഞ്ഞേച്ചിയുടെ പിന്നിലായിരുന്നു കൊണ്ട് ചിരി കടിച്ചമര്‍ത്തുന്ന ഏട്ടത്തിയമ്മയെ ഞാന്‍ കണ്ടു. അതെനിക്കേറെ കുറച്ചിലുണ്ടാക്കി.
മറ്റാര്‍ക്കുമറിയില്ലെങ്കിലും അവര്‍ക്കറിയാം ഞാന്‍ എന്താണ് സ്വപ്നം കണ്ടതെന്ന്.
ഒരു ചമ്മിയ ചിരിയോടെ ഞാന്‍ വേഗം അകത്തേക്ക് കയറി ഓടി.
ആ ഓട്ടം ചെന്നു നിന്നത് ബാല്‍ക്കണിയിലാണ്. ഞാനിനി നല്ലപോലെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. അറിയാതെന്തെങ്കിലും പറ്റിപ്പോയാ ..ഓഹ്..അതെപ്പറ്റി ചിന്തിക്കുമ്പോത്തന്നെ ജീവന്‍ പാറിപ്പോകുന്നു.
എന്ത് ചെയ്യാനാ..ഏട്ടത്തിയമ്മയെപ്പറ്റി ചിന്തിക്കുമ്പോത്തന്നെ മനസ്സ് ഉലഞ്ഞു പോകുകയാണ്. ങ്ഹാ..വന്നത് വന്നു..ഇനി ശ്രദ്ധിക്കാം.
മനസ്സിനെ സമാധാനിപ്പിച്ചു കൊണ്ട് ചാരുപടിയുടെ കൈവരിയിലേക്ക് കൈ താങ്ങി ചുമരിലേക്ക് ചാരിക്കൊണ്ട് പറമ്പിലേക്കും നോക്കി വെറുതെയങ്ങനെയിരുന്നു.
തെങ്ങിന്‍റെ മണ്ടയെല്ലാം ഒന്ന് വൃത്തിയായിട്ടുണ്ട്. തേങ്ങയൊക്കെ ഇട്ടു കഴിഞ്ഞപ്പോ ഇളനീരിനൊക്കെ ഒരു തലയെടുപ്പ് വന്നത് പോലുണ്ട്.
അല്പം ദൂരെയായി ഞങ്ങളുടെ അതിരിലുള്ള തോട്ടില്‍ കുളിച്ചോണ്ട് നില്‍ക്കുന്ന ഉണ്ണിയേട്ടനെ കാണാം.കരയിലിരുന്നു കൊണ്ട് ഏട്ടന്‍ അയാളുമായി എന്തൊക്കെയോ സംസാരിച്ചിരിപ്പുണ്ട്.
“ഹാഹ്..ഇങ്ങോട്ട് ഷിഫ്റ്റ് ചെയ്തോ..?”
ഒരു കുസൃതിച്ചിരിയോടെ കുഞ്ഞേച്ചി അടുത്തു വന്നു.
“നിങ്ങക്കൊക്കെ ഇതെന്താ..ഒരാളെ വെറുതെയിരിക്കാനും സമ്മതിക്കില്ലേ..!” എനിക്കല്പം ഈര്‍ഷ്യ വന്നു. താഴെ നിന്നു കളിയാക്കി ഓടിച്ചു വിട്ടതാ ..ഇപ്പൊ ദേ ഇവിടേം.
“ഹാ..ദേഷ്യപ്പെടാതെ ചെക്കാ…ഞാനൊരു കാര്യം പറയാന്‍ വന്നതാന്നേ..!”
ഞാന്‍ ചോദ്യഭാവത്തില്‍ നോക്കി.
“അതേയ്..”
അവള്‍ ഒരു കൊഞ്ചലോടെ എന്‍റടുത്തേക്ക് കൂടുതല്‍ ചേര്‍ന്ന് നിന്നു.
“…നമ്മള്‍ കാര്‍ വാങ്ങിച്ചാലേ..കുഞ്ഞേച്ചീനേം കൂടെ ഒന്ന് പഠിപ്പിച്ചു തര്വോഡാ..!”
അവളുടെ മുഖത്ത് കൊച്ചുകുഞ്ഞിന്റെ നിഷ്കളങ്കഭാവം സ്ഫുരിക്കുന്ന ഒരു കൊഞ്ചിച്ചിരി ഒട്ടിച്ചു വച്ചിരുന്നു. അതൊരു സോപ്പാണെന്ന് എനിക്ക് മനസ്സിലായി. എന്തെങ്കിലും കാര്യം സാധിക്കാനുണ്ടെങ്കില്‍ ഈ ഒരു ഭാവം സ്ഥിരമായി പുറത്തെടുക്കാറുള്ളതാണ്.
അപ്പൊ അതാണ് കാര്യം..നടന്നത് തന്നെ..! ഇത്രയും നേരം എല്ലാരുടേം മുന്നിലിട്ട് മനുഷ്യന്റെ തൊലിയുരിച്ചിവള്‍ ഇപ്പൊ എന്തൊരു പാവം.