ഇടിവണ്ടിയുടെ ഉള്ളിൽ നിന്നിറങ്ങുമ്പോ അവന്റെ മുന്നിൽ പരിചതമായ ഒരു മുഖം തെളിഞ്ഞു… “വിശ്വൻ…” സതീഷ് പൊലിസുകാരുടെ കൂടെ നടന്നു നീങ്ങി… “സാറേ…” വിശ്വൻ പോലീസ്‌കാരനെ വിളിച്ചു… അയാൾ അൽപ്പം ഭയഭക്തിയോടെ നോക്കി… “ഒരു മിനിറ്റ്…” “വേഗം… സാറ് കണ്ടാൽ കുഴപ്പാ…” “ഉം…” ഒന്നിരുത്തി മൂളി കൊണ്ട് വിശ്വൻ സതീഷിന്റെ അടുത്തേക്ക് നീങ്ങി… “ഞാൻ ഇവിടില്ലായിരുന്നു…കേസ് നടക്കുന്നത് ഞാൻ അറിഞ്ഞെങ്കിലും ഇപ്പോഴാ വരാൻ പറ്റിയത്… ഞാൻ അബുദാബിയിൽ വെച്ചാണ് നിന്റെ വിവരം അറിയുന്നത്…” സതീഷ് ഒന്ന് ചിരിച്ചു… “എടാ… വിശ്വാ… ഞാൻ അല്ലെടാ… സത്യമായും ഞാൻ അല്ല…” “പിന്നെ എങ്ങനെ…” “എനിക്കറിയില്ല… അവർ അവിടെ മരിച്ചു കിടക്കയാണ് എന്ന് എനിക്കറിയില്ല…പക്ഷെ എല്ലാ തെളിവുകളും എനിക്കെതിരെ… അറിയില്ല എങ്ങനെ എന്ന്…” “നീ വിഷമിക്കണ്ട… ഞാൻ ഒന്ന് അന്വേഷിക്കട്ടെ… അല്ല ആരാ ഇവന്മാര്…” മുന്നിലുണ്ടായിരുന്ന കൂട്ടുപ്രതികളെ നോക്കി വിശ്വൻ ചോദിച്ചു… “ഇവരെ ഞാൻ ഒരിക്കൽ കണ്ടിട്ടുണ്ട്… പക്ഷെ എന്റെ കൂടെ എങ്ങനെ പ്രതികളായി എന്ന് എനിക്കറിയില്ല… ഓ… അവർ പ്രതികളല്ല.. മാപ്പ് സാക്ഷികൾ ആണ്..” പുച്ഛം കലർന്ന ചിരിയോടെ സതീഷ് പറഞ്ഞു… “സാറേ മതി… ഇനി നിന്നാൽ എന്റെ പണി തെറിക്കും…ഉം നടക്കെടാ…” സതീഷ് വിശ്വനെ ദയനീയമായി നോക്കി മുന്നോട്ട് നടന്നു…
വിശ്വൻ ഒന്നും ചെയ്യാൻ ആകാതെ തരിച്ചു നിന്നു…
ഇതെല്ലം കണ്ടു കൊണ്ട് ആ ജയിൽ പരിസരത്ത് ഒരാൾ നിൽക്കുന്നുണ്ടായിരുന്നു… ആരുടേം കണ്ണിനു പിടികൊടുക്കാതെ… വിശ്വൻ തിരിഞ്ഞ് നടന്നു… അവന്റെ കാറിനടുത്ത് എത്തി… കാറിന്റെ പിന്നിലെ ഡോർ തുറന്ന് അകത്ത് കേറി… പിൻസീറ്റിൽ വേറെ ഒരാൾ ഇരിക്കുന്നുണ്ടായിരുന്നു… “ഉം… എന്തെ… വല്ല ക്ലൂവും കിട്ടിയോ…” “ഇല്ല വക്കീലേ…” വിശ്വന്റെ അച്ഛന്റെ അടുത്ത സുഹൃത്തായിരുന്ന സുപ്രീം കോർട്ട് വക്കീൽ നാരായണൻ പോറ്റി ആയിരുന്നു അത്… “ഉം ഓക്കേ… എന്തായലും അവനെ ഇനി കാണുമ്പോ പച്ചക്ക് തന്നെ ചോദിക്ക്… കാരണം മിക്കവാറും പൊടി അടിച്ച് ബോധം ഇല്ലാതെ നടക്കുന്നവനല്ലേ… അതോണ്ട് പറയാൻ പറ്റില്ല… ഒരു മനുഷ്യമൃഗം തന്നെയാണ് അവൻ” കളിയാക്കുന്ന രീതിയിൽ പറഞ്ഞപ്പോ വിശ്വന് ദേഷ്യം വന്നു… “വക്കീലേ… കുറച്ച് മാസങ്ങൾക്ക് മുൻപ് വക്കീലും എന്റെ അച്ഛനും അടക്കം അകത്തു പോകേണ്ട ഒരു കേസ് തന്നെ വഴി തിരിച്ച് വിടാൻ ആ പൊടി അടിച്ചു നടക്കുന്ന താൻ പറഞ്ഞ ആ മനുഷ്യമൃഗം മാത്രേ ഉണ്ടായിരുന്നുള്ളു… അതും കൂടി ഒക്കെ ഓർത്തിട്ട് പറഞ്ഞാ മതി… ഡ്രൈവറെ വണ്ടി വിടടോ…”
വിശ്വന്റെ വൈറ്റ് പജീറോ മുന്നോട്ട് നീങ്ങിയപ്പോൾ… പിന്നിൽ ഉണ്ടായിരുന്ന ആർക്കും ശ്രദ്ധ കൊടുക്കാതെ നിന്നിരുന്ന ആ മധ്യവയസ്‌കൻ അൽപ്പം ഭയത്തോടെയും അതെ സമയം ഉത്കണ്ഠയോടെയും താൻ തന്റെ പഴയ മോഡൽ ബുള്ളെറ്റ് സ്റ്റാർട്ട് ആക്കി…
“ഡോ… ഡോ…”
ഒരു വിളി കേട്ട് അയാൾ ഞെട്ടി…
ഒരു പോലീസുകാരൻ അയാളുടെ നേർക്ക് നടന്നു വന്നു…
“താൻ ഏതാ… തനിക്കെന്താ ഇവിടെ കാര്യം..” “ഏയ് ഒന്നുമില്ല സാറേ… ഞാൻ ദാ അവരുടെ കൂടെ വന്നവനാണ്…” വിശ്വന്റെ നീങ്ങുന്ന കാറിനെ കൈ ചൂണ്ടി അയാൾ പറഞ്ഞു.. “വിശ്വൻ സാറിന്റെ കൂടെയോ…” അയാൾ അതെ എന്ന് തലയാട്ടി… “ഉം.. പൊക്കോ…” അൽപ്പം പരുഷമായി നോക്കിയിട്ട് പോലീസുകാരൻ നടന്നു നീങ്ങി…
********************************************* സതീഷ് സെല്ലിനുള്ളിൽ അവശനായി കിടക്കുകയായിരുന്നു… സാധാരണ ഇങ്ങനെ പീഡനത്തിൽ ചെല്ലുന്ന കുറ്റവാളികളെ പോലീസുകാർ നടയടി കൊടുക്കുന്ന പതിവില്ല… പകരം ജയിലിലെ സദാചാരക്കാരുടെ വക കൂട്ടയിടി ആണ്… സതീഷിന്റെ കാര്യം പിന്നെ പറയേണ്ടല്ലോ… നല്ല കണക്കിന് കിട്ടി… പിന്നെ പോലീസുകാർ വന്നു വലിച്ചെടുത്ത് സെല്ലിനുള്ളിൽ ആക്കി…