എല്ലാവരും എന്റെ പ്രവർത്തികളെല്ലാം അന്തം വിട്ട് നോക്കി നിൽപ്പുണ്ടായിരുന്നു. “എന്താ ഡാ പറ്റിയെ?” ശുഐബിക്ക ഉച്ചത്തിലെന്നോട് ചോദിച്ചു.
“നമ്മളെയെല്ലാം തീർക്കാനായിട്ട് ഇവൻ ഇവന്റെ കോളെജിലെ മൊത്തം ചള്ള് ചെക്കന്മാരേം ഫോണിൽ വിളിച്ചു വരുത്തിയേക്കാ. അവരിപ്പോ ഇങ്ങെത്തുമെന്ന്” ഞാൻ പല്ല് ന്തെരിച്ചു കൊണ്ട് പറഞ്ഞു.
” വരട്ടേ ഡാ നമ്മള് യൂ.സി യിലെ പിള്ളേർ ആരാന്ന് അവർക്ക് കാണിച്ചു കൊടുക്കാം” ശുഐബിക്ക എല്ലാരും കേൾക്കേ ഉറക്കെ പറഞ്ഞു.
” അവര് വരട്ടെ ഇക്കാ നമ്മുടെ പവർ എന്താന്ന് അവർക്ക് കാണിച്ചു കൊടുക്കാം” ആൾക്കൂട്ടത്തിൽ നിന്ന് പിള്ളേര് വിളിച്ച് പറഞ്ഞു.
സംഗീത് വിളിച്ച് വരുത്തുന്നവൻമാർ കോളെജ് ക്യാമ്പസിലേയ്ക്ക് കടക്കുന്നതിന് മുന്നേ ഒന്ന് തയ്യാറായി ഇരിക്കാൻ വേണ്ടി ഞങ്ങളെല്ലാവരും നേരത്തെ സംഗീതിനെയും ഗ്യാങ്ങിനെയും നേരിട്ടപ്പോൾ എടുത്ത മരത്തിന്റെ കഷ്ണങ്ങളും കമ്പി വടികളും ക്രിക്കറ്റ് ബാറ്റുമെല്ലാം വീണ്ടും എടുത്ത് കൈയ്യിൽ പിടിച്ചിട്ട് വാച്ച്മാൻ തോമസേട്ടനോട് ഗേറ്റ് തുറന്നിട്ടോളാൻ ശുഐബിക്ക പറഞ്ഞു. അൽപ്പം പരിഭ്രമത്തോടെ തോമസേട്ടൻ ചെന്ന് ഗേറ്റ് തുറന്നിട്ടു. പക്ഷേ ഞങ്ങളുടെ മുഖത്തെ ദൃഢ നിശ്ചയം കണ്ടതോടെ കക്ഷിയ്ക്കും ധൈര്യമായി.
കുറച്ച് സമയത്തിനകം രാഷ്ട്രീയ പാർട്ടികളുടെ ബൈക്ക് റാലികളെ അനുസ്മരിപ്പിക്കുന്ന വിധം ബൈക്കിൽ ഹോൺ മുഴക്കിയും ആക്സിലേറ്റർ കൂട്ടി ശബ്ദം കൂട്ടിയും ബൈക്കുകൾ കൂട്ടമായി ഞങ്ങളുടെ കോളെജിനടുത്തേക്കായി പാഞ്ഞ് വരുന്നതിന്റെ ശബ്ദം അകലെ നിന്ന് കേട്ട് തുടങ്ങിയതോടെ ശുഐബിക്ക പറഞ്ഞു. “ആദി, നമ്മുക്ക് രണ്ട് ഗ്രൂപ്പായിട്ട് തിരിഞ്ഞ് അവൻമാരെ കൈകാര്യം ചെയ്യാം. നീയും നിയാസും ഈ പിള്ളേരും ഒക്കെ ഒറ്റ ഗ്രൂപ്പ്. ഞാനും അമൃതും ബാക്കിയുള്ളവന്മാരുമൊക്കെ വേറെ ഗ്രൂപ്പ്. അപ്പോ റെഡിയല്ലേ” ന്ന് ശുഐബിക്ക പറഞ്ഞതോടെ ഞങളെല്ലാവരും “റെഡിയാ”ന്ന് മറുപടി കൊടുത്തിട്ട് ബൈക്ക് പാർക്കിംഗിന്റെ അവിടെ നിരന്നു നിന്നു. കുറച്ച് പിറകോട്ട് മാറി സ്റ്റെപ്പിന് മുകളിലായി നിലയുറപ്പിച്ച് കൊണ്ട് ശുഐബിക്ക&അമൃത് ഗ്യാഞ് ഞങ്ങളെല്ലാവരും തിങ്ങി നിറഞ്ഞ് ആ പരിസരസരത്ത് ചുരുങ്ങിയത് ഒരായിരം പേര് കാണും. ഞങ്ങൾ അവർ ഗേറ്റിനടുത്തെത്താനായി കണ്ണ് ചിമ്മാതെ നോക്കി നിന്നു. നിമിഷ നേരം കൊണ്ട് അവരുടെ ബൈക്കുകളുടെ ശബ്ദവും ഹോണടി ശബ്ദവും ഞങ്ങൾക്ക് അടുത്തെത്തി.