വീടിന്റെ മുറ്റത്തെത്തിയപ്പോ ഞങ്ങൾ എല്ലാരും കാറിൽ നിന്നിറങ്ങി. അനൂന്റെ അച്ഛൻ ഗോപാലങ്കിളും അമ്മ പത്മിനി ആന്റിയും എന്നെ കാണാനായി അവിടെ വന്നിട്ടുണ്ടായിരുന്നു.
“ഇപ്പോ എങ്ങനെയുണ്ട് മോനെ? ഇപ്പോ നിനക്ക് വേദനയൊന്നുമില്ലാലോ” ആന്റി എന്റെ തോളിൽ കൈ വച്ച് കൊണ്ട് ചോദിച്ചു.
“ഇപ്പോ കുഴപ്പൂല്ല ആന്റി” ഞാൻ ചിരിച്ച് കൊണ്ട് ആന്റിയോട് പറഞ്ഞു.
” ഞാനിന്ന് സന്ധ്യയ്ക്കാ ഡാ ആദി കോയമ്പത്തൂർന്ന് വന്നെ ഹോസ്പിറ്റലിലേയ്ക്ക് ഇറങ്ങാന്ന് കരുതി അനൂനെ വിളിച്ചപ്പോ അവളാ പറഞ്ഞെ നിങ്ങള് ഡിസ്ചാർജ്ജ് ആയി പോന്നൂന്ന്” അങ്കിൾ എന്റെ വലത്തെ കൈയ്യിൽ ചേർത്ത് പിടിച്ച് കൊണ്ട് പറഞ്ഞു.
“എന്റച്ഛാ അമ്മേ നിങ്ങള് രണ്ടാളും കത്തി വച്ച് അവനെ വിഷമിപ്പിക്കല്ലേ? അവനൊന്ന് വീട്ടിലോട്ട് കേറിക്കോട്ടെന്ന് പറഞ്ഞ്” അനു അവരോട് ദേഷ്യപ്പെട്ടു കൊണ്ട് പറഞ്ഞു.
അനു പറഞ്ഞത് കേട്ട് ഒന്ന് ചൂളിയ ആന്റിയും അങ്കിളും “വാ മോനേന്ന്” പറഞ്ഞ് എന്റെ അപ്പുറവും ഇപ്പുറവുമായി കൂടെ നടന്നു വീട്ടിനകത്തേയ്ക്ക് കയറി. ഉമ്മറത്തപ്പോ അച്ഛനും അമ്മേം അഞ്ജൂവും നിൽപ്പുണ്ടായിരുന്നു. ഗോപാലങ്കിൾ അച്ഛനോട് എന്തൊക്കെയോ സംസാരിച്ച് ഉമ്മറത്ത് നിൽപ്പായി. എന്റെ പിറകെയായി സ്റ്റെയർ കേറി അമ്മേം പത്മിനി ആന്റിയും അനുവും അഞ്ജുവും നിയാസും അമൃതും എന്നോടൊപ്പം റൂമിലേക്ക് വന്നു. ഞാൻ റൂമിലെത്തിയ പാടെ കട്ടിലിന്റെ ക്രാസിയിൽ തലയണ ചാരി വച്ച് അതിൽ നടു അമർത്തി കിടന്നു. എന്റെ റൂമിലേയ്ക്കു വന്ന അവരെല്ലാവരും എന്നോട് റെസ്റ്റ് എടുക്ക് പിന്നെ തല ശ്രദ്ധിക്കണേ എന്നൊക്കെയുള്ള ക്ലീഷേ വർത്തമാനങ്ങൾ പറഞ്ഞ് അവിടെ കുറച്ച് നേരം നിന്നിട്ട് ഓരോരുത്തരായി പോയി. അവസാനം റൂമിൽ അമ്മയും പത്മിനി ആന്റിയും അഞ്ജുവും അനുവും മാത്രമായി പത്മിനി ആന്റി കുറച് നേരം എന്നോട് സംസാരിച്ച് നിന്നിട്ട് അനൂനെയും വിളിച്ച് താഴെയ്ക്ക് പോയി. അനു പോകുന്ന നേരം എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ച് കൊണ്ട് പതിയെ നടന്ന് നീങ്ങി. പോകുന്ന നേരം അവളെന്നോട് ഒന്നും മിണ്ടാതെ പോയതിൽ എനിക്കെന്തോ ശരിക്കും ഫീലായി. അവര് പോയി കഴിഞ്ഞ ഉടനെ അമ്മ എന്റെ തലയിൽ തലോടി കൊണ്ട് പറഞ്ഞു: “നീ കിടക്ക് കഞ്ഞി ഞാൻ ഒരു 9.30 ഒക്കെ ആകുമ്പോഴെയ്ക്കും ഇങ്ങോട്ട് തരാം”ന്ന് പറഞ്ഞു കൊണ്ട് അമ്മ താഴേയ്ക്ക് പോയി.