“ഇനി ഞാൻ ഏതായാലും തല്ലണില്ല അവനുള്ള ബാക്കി പണി പോലീസുകാര് കൊടുത്തോളും” ന്ന് പറഞ്ഞ് കൊണ്ട് ബെഡിൽ ഇരുന്നു. എന്റെയൊപ്പം ശുഐബിക്കയും നിയാസും അമൃതും ഇരുന്നു. കുറേ നേരം അവരോടൊപ്പമിരുന്ന് സംസാരിച്ചു. സംസാരത്തിനിടയിൽ ശുഐബിക്ക എന്റെ റിപ്പയർ ചെയ്യാൻ കൊണ്ട് പോയ ഫോൺ കൈയ്യിൽ വച്ച് തന്നിട്ട് പറഞ്ഞു. “നീ പറഞ്ഞ വീഡിയോ സെറ്റാണ് അത് ഞാൻ നാളെ തരാം. നമ്മുടെ ഫസ്റ്റ് ഇയർ BA യിൽ ഒരുത്തൻ ആ വീഡിയോ എടുത്തിട്ടുണ്ട് അവനത് തരാന്നു പറഞ്ഞു നാളെ. നീ ഇന്ന് ഡിസ്ചാർജ്ജ് ആകൂലോ അപ്പോ ഇനിയെന്നാ കോളെജിലേയ്ക്ക്?”
” എന്നോട് ഒരാഴ്ച റെസ്റ്റ് എടുക്കാനാ പറഞ്ഞിരിക്കുന്നെ എന്തായാലും ഞാൻ അത് കഴിഞ്ഞ് വരാം കോളെജിലോട്ട്”
” ശരിക്കും റെസ്റ്റ് എടുക്ക് നീ പതിയെ വന്നാ മതി കോളെജിൽ. എന്നാ ഞാൻ ഇറങ്ങുവാ ഡാ ഞാൻ വിളിക്കാം നിന്നെ” ശുഐബിക്ക പോകുന്ന പോക്കിൽ അമ്മയോടും അനൂനോടുമൊക്കെ യാത്ര പറഞ്ഞാണ് പോയത്.
ശുഐബിക്ക പോയി അൽപ്പസമയത്തിനകം അച്ഛൻ റൂമിലോട്ട് കയറി വന്നിട്ട് പറഞ്ഞു. “ഇവനെ ഡിസ്ചാർജ്ജ് ചെയ്തോളാൻ പറഞ്ഞു. ഞാൻ ബില്ലടച്ചിട്ട് വരാം നിങ്ങള് സാധനങ്ങളൊക്കെ എടുത്ത് റെഡിയാക്” ന്ന് പറഞ്ഞ് പുറത്തേയ്ക്ക് പോയി പോകുന്ന പോക്കിൽ നിയാസിനെയും കൂട്ടി കൊണ്ടാണ് അച്ഛൻ താഴെ ബില്ലിംഗ് സെക്ഷനിലേയ്ക്ക് പോയത്.
അമൃതുമായി ബെഡിലിരുന്ന് സംസാരിക്കുന്നതിനിടെ നിയാസ് എന്റെ ഫോണിലേയ്ക്ക് വിളിച്ചിട്ട് പറഞ്ഞു. ബില്ലടച്ചു ഇനി താഴേയ്ക്ക് പോന്നോളൂന്ന് പറഞ്ഞ് കാൾ കട്ടാക്കി.
ഒരുമിച്ച് താഴെയ്ക്കിറങ്ങുമ്പോൾ എന്റെ കൈയിൽ വട്ടം പിടിച്ച് കൊണ്ട് അഞ്ജൂ ഓരോ കിന്നാരമൊക്കെ പറഞ്ഞ് കൂടി. എന്റെ തൊട്ട് പിറകിൽ അമ്മയും അനുവും എന്തൊക്കയോ സംസാരിച്ച് ഇറങ്ങി വരുന്നുണ്ടായിരുന്നു. സമയം ഏതാണ്ട് 6.30 ഒക്കെ ആയത് കൊണ്ട് ചുറ്റിലും ഇരുട്ട് പരന്നിട്ടുണ്ട്. ഹോസ്പിറ്റലിൽ ലൈറ്റുകളല്ലാം തന്നെ ഇട്ടിട്ടുണ്ട്. നടന്ന് ഹോസ്പിറ്റലിന്റ പുറത്തെത്തിയപ്പോ ഞങ്ങളെ കാത്ത് അച്ഛൻ ഞങ്ങളുടെ ഹോണ്ട സിറ്റി കാറിൽ ഡ്രൈവർ ബിജു ചേട്ടനോടൊപ്പം എന്തൊക്കെയോ സംസാരിച്ചിരിക്കുന്നുണ്ടായിരുന്നു. ഞങ്ങളെ കണ്ടതോടെ അച്ഛൻ ഗ്ലാസ് താഴ്ത്തിയിട്ട് പറഞ്ഞു: “അയ്യോ എല്ലാരും കൂടെ ഇതിൽ കേറൂല്ലാലോ എന്നാ ആദി നീ നിന്റെ കാറിൽ പോരെ ഞങ്ങള് മുന്നേ അങ്ങ് പോവ്വാണേ”