രണ്ടാം ദിവസം രാത്രി ഹോസ്പിറ്റലിൽ ഉണ്ടായിരുന്നത് ഞാനും നിയാസും അമ്മേം അനു ചേച്ചീം ആയിരുന്നു. അച്ഛനും അഞ്ജും വീട്ടിലോട്ട് പോയി. അമ്മ തല വേദന എടുത്തപ്പോ നിനക്കായി എടുത്തിട്ട റൂമിൽ പോയി കിടന്നു. അനു ചേച്ചിയാണേൽ നീ കിടക്കുന്ന ഒബ്സർവേഷൻ റൂമിന്റെ മുൻപിലെ ചെറിയ ഗ്ലാസ് പാർട്ടീഷനിൽ കൂടി നോക്കി കണ്ണ് നിറച്ച് നിൽക്കണ കാഴ്ച കണ്ട് ഞാനും നിയാസും ചെന്ന് അനു ചേച്ചിനോട് പേടിക്കണ്ട അവനൊന്നൂല്ലാന്ന് പറഞ്ഞ് സമാധാനിപ്പിച്ചൊക്കെ നോക്കി കക്ഷി പിന്നേം “എന്റെ ആദിയെന്ന്” പറഞ്ഞ് ഏങ്ങലടിച്ച് ഒരേ കരച്ചിൽ. അത് പറഞ്ഞ് നിർത്തി അമൃത് അനൂന്റെ മുഖത്തേയ്ക്ക് നോക്കി അനു അപ്പോ അന്നത്തെ കാര്യങ്ങൾ ഓർത്തിട്ടാവണം മ്ലാനമായ മുഖത്തോടെ എന്നെ നോക്കി നിൽക്കുന്നത് കണ്ട് ഞാൻ അവളെ നോക്കി പുഞ്ചിരിച്ച് കൊണ്ട് എന്താന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ചതോടെ അനു എന്നെ നോക്കി അവളുടെ ആ പാൽ പല്ല് കാണിച്ച് ചിരിച്ച് കൊണ്ട് ഞങ്ങളോട് മൂന്ന് പേരോടുമായിട്ട് പറഞ്ഞു “ഞാനിവൻ എഴുന്നേറ്റ കാര്യം ആന്റീ നെ ഒന്ന് വിളിച്ച് പറഞ്ഞോണ്ട് വരാം നിങ്ങള് സംസാരിക്കെന്ന്” പറഞ്ഞ് അവളുടെ ഹാൻഡ് ബാഗിൽ നിന്ന് ഫോണുമെടുത്ത് പുറത്തേക്ക് പോയി.
ഞാൻ അവൾ പുറത്തേക്ക് പോകുന്നത് നോക്കി നിൽക്കുന്നത് കണ്ട് നിയാസ് എന്റെ കൈയ്യിൽ ചെറുതായി പിച്ചിയിട്ട് പറഞ്ഞു: “പറയാതിരിക്കാൻ വയ്യ നിങ്ങള് തമ്മിൽ നല്ല ചേർച്ചയുണ്ടെടാ. അനു ചേച്ചി നിന്നെക്കാളും 5 വയസ്സിന് മൂത്തതാന്ന് പറഞ്ഞാലും ആരും വിശ്വസിക്കില്ല. നിങ്ങള് രണ്ടിനേം ഒരുമിച്ച് കണ്ടാൽ ഒരേ പ്രായമാന്നാ കരുതുള്ളൂ. പിന്നെ … നീ എന്ന് വച്ചാ അതിന് ജീവനാ. അന്ന് നീ ഇവിടെ കിടന്നപ്പോ അതിവിടെ കിടന്ന് എന്താ കാട്ടി കൂട്ടിയെന്ന് നീ ഒന്ന് കാണേണ്ടതായിരുന്നു. എടാ അതിനെ പൊന്നുപോലെ നോക്കണേ അളിയാ. ആര് എന്തൊക്കെ പറഞ്ഞാലും” നിയാസ് അനൂനോടുള്ള മതിപ്പ് പറഞ്ഞത് കേട്ടപ്പോ അവളോടുള്ള ഇഷ്ടം കൊണ്ട് എന്റെ ഹൃദയം പ്രത്യേക താളത്തിൽ മിടിക്കുന്നത് പോലെ തോന്നി എനിയ്ക്ക്.
നിയാസ് പറഞ്ഞത് കേട്ട് കഴിഞ്ഞപ്പോ അന്ന് പിന്നെ എന്താ നടന്നതെന്ന് അറിയാനുള്ള ആകാംക്ഷയിൽ ഞാൻ അമൃതിനോട് ബാക്കി പറയാൻ പറഞ്ഞു. അതോടെ അവൻ നിർത്തിയേടത്ത് നിന്ന് വീണ്ടും പറഞ്ഞു തുടങ്ങി: