എന്റെ കണ്ണ് നിറഞ്ഞൊഴുകുന്നത് കണ്ട് അനു അവളുടെ രണ്ട് കൈ കൊണ്ടും ഒലിച്ചിറങ്ങിയ എന്റെ കണ്ണീർ തുടച്ചിട്ട് എന്റെ രണ്ട് കൺ പോളയിലും മാറി മാറി ഉമ്മ വച്ചിട്ട് പറഞ്ഞു:
“അയ്യേ എന്റെ ചെക്കൻ കരയാണോ? ഇനി ഞാനില്ലേ എന്നും നിന്നോടൊപ്പം” ന്ന് പറഞ്ഞ് കൊണ്ടവൾ എന്റെ മൂക്കിൽ അവളുടെ മൂക്കുമായി ഒന്ന് മുട്ടി ഉരുമ്മിയിട്ട് അവൾ നല്ല ഭംഗിയായി ആ പാൽ പല്ല് കാണിച്ച് പുഞ്ചിരിച്ചു.
കുറച്ച് നേരം ഞങ്ങൾ ഒന്നും സംസാരിക്കാതെ ഞങ്ങൾ കണ്ണിൽ കണ്ണിൽ നോക്കി ഇരുന്നു. കുറേ നേരം നോക്കിയിരുന്ന് കണ്ണ് കഴച്ചപ്പോൾ അനു ചിരിച്ച് കൊണ്ട് എന്റെ നെഞ്ചിൽ ചെറുതായൊന്ന് തള്ളി. അവളോട് സംസാരിച്ചിരുന്ന് മനസ്സിലാകെയൊരു കുളിര്. നഷ്ടപ്പെട്ട എന്തോ ഒന്നെനിക്ക് തിരിച്ചു കിട്ടിയിരിക്കുന്നു അത് മറ്റൊന്നുമല്ല ഞാൻ ആഗ്രഹിച്ച എന്റെ പെണ്ണിനെ തന്നെ. ആദ്യം അവൾ ഞാൻ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ എന്നെ അവഗണിച്ചുവെങ്കിലും ഇപ്പോൾ അവളായിട്ട് എന്റെടുത്ത് വന്ന് അവൾക്ക് എന്നോടുള്ള ഇഷ്ടം തുറന്ന് പറഞ്ഞിരിക്കുന്നു ഇതിൽ പരം സന്തോഷിക്കാൻ എനിക്ക് ഇനി വെറെ എന്താ ഉള്ളത്.
അങ്ങനെ അനുവുമായി ചിരിച്ച് കളിച്ച് സംസാരിച്ചിരുന്ന് നേരം പോയതറിഞ്ഞില്ല സമയം എത്രയായെന്നറിയാനായി നോക്കിയപ്പോൾ റൂമിലാണേൽ ക്ലോക്കില്ല. എന്റെ ഫോൺ എവിടെയാണെന്ന് ഒരു പിടിയുമില്ല. ഞാൻ അനൂന്റെ തോളിൽ തല ചേർത്ത് വച്ചിരുന്നിട്ട് ചോദിച്ചു
“അനു കുട്ടി ഇപ്പോ എത്ര മണിയായ്ട്ട്ണ്ട്?”
അനു അവളുടെ ഇടത്തെ കൈയ്യിൽ കെട്ടിയ വാച്ചിൽ നോക്കി പറഞ്ഞു
“സമയം ഒന്നര ആയി ആദി കുട്ടാ”
“യ്യോ ഒന്നര ആയോ എന്നാ എനിക്ക് ചോറ് വേണം.” ഞാൻ അനൂന്റെ തോളിൽ നിന്ന് തലയുയർത്തി കൊണ്ട് പറഞ്ഞു.
“ആഹാ … വിശന്ന് തുടങ്ങിയോ ചെക്കന് രണ്ട് ദിവസായിട്ട് ഒന്നും കഴിക്കാതെയുള്ള കിടപ്പല്ലായിരുന്നോ. ഞാനിവടത്തെ ക്യാന്റീന്ന് വാങ്ങി കൊണ്ട് തരാട്ടോ ചോറ്” അനു ചിരിച്ചു കൊണ്ട് പറഞ്ഞു.
“തൽക്കാലം അത് മതി, ഇപ്പോഴാ ഓർത്തേ അമ്മേം അച്ഛനും അഞ്ജൂം പിന്നെ അവന്മാരൊക്കെ എവിടെ?” വീണ്ടും അനൂന്റെ തോളിൽ ചാരി ഇരുന്നിട്ട് ഞാൻ അവളുടെ ഉള്ളം കൈയ്യിൽ ഇക്കിളിയാക്കി കൊണ്ട് ഞാൻ തിരക്കി.