“ഏ… അതെന്താന്ന് ഇപ്പോ പറ അനു” ഞാൻ അവൾ പറഞ്ഞതിൽ എനിക്കെന്തോ അനുകൂലമായി ഉണ്ടെന്ന സൂചന കിട്ടിയപ്പോ ഞാൻ ആ ആവേശത്തിൽ അവളോട് ചോദിച്ചു.
“അതൊക്കെയുണ്ട് വൈകീട്ട് എന്നെ പിക്ക് ചെയ്യാൻ വാ അപ്പോ ഞാൻ പറയാടാ ചെക്കാ” ഫോണിലൂടെ കുലുങ്ങി ചിരിച്ച് കൊണ്ടാണവളിതെന്നോട് പറഞ്ഞത്.
“ഓ… അത്രയ്ക്ക് വെയ്റ്റാണേൽ വൈകീട്ട് പറഞ്ഞാ മതി” അത് പറയാനേ എനിക്ക് സാധിച്ചുള്ളൂ. അപ്പോഴെയ്ക്കും എന്റെ തലയിൽ എന്തോ വന്നടിച്ചിട്ട് തലയ്ക്കുള്ളിൽ എന്തോ മിന്നൽ പോലെ തോന്നി. വേദന കാരണം എന്റെ കൈയ്യിലിരുന്ന മൊബൈൽ എന്റെ കൈയ്യിൽ നിന്ന് താഴേക്ക് വീണു. തിരിഞ്ഞ് നോക്കിയപ്പോൾ ഞാൻ കാണുന്നത് കൈയ്യിലൊരു വടിയുമായി സംഗീത് പിറകിൽ നിൽക്കുന്നതാണ്. അവൻ വീണ്ടും എന്റെ നേരെ വടിയോങ്ങി. ഞാനത് കൈ കൊണ്ട് തടുത്തിട്ട്. കാല് മടക്കി അവന്റെ കിടുങ്ങാ മണിക്ക് നല്ലൊരു താങ്ങ് അങ്ങ്ട് വച്ച് കൊടുത്തു. എന്റെ തൊഴിയേറ്റ അവൻ നില തെറ്റി കമന്നടിച്ച് മണ്ണിൽ വീണു. അനൂന്റെ കോൾ വന്നപ്പോ ഞാൻ അൽപ്പം മാറി നിന്ന് സംസാരിച്ചത് കൊണ്ട് സംഗീത് എന്നെ വന്ന് അടിച്ചത് ആരും കണ്ടില്ലാ. ഞാൻ അടിയേറ്റ് തലയിൽ നിന്നും രക്തമൊലിച്ച് സംഗീത് വീണു കിടക്കുന്നതിന്റെ അടുത്ത് തന്നെ ബോധരഹിതനായി വീണു.
ബോധം തെളിഞ്ഞപ്പോൾ ഞാൻ ശുഐബിക്കാടെ മടിയിൽ കിടക്കുകയാ കാറിൽ. ശുഐബിക്ക എന്നോട് എന്തൊക്കെയോ ചോദിക്കുന്നുണ്ട്. ഞാനതൊക്കെ കേൾക്കുന്നുണ്ടെങ്കിലും മറുപടി പറയാനായി എന്റെ നാവ് പൊന്താത്തത് പോലെ തോന്നി. മുന്നിലേയ്ക്ക് നോട്ടം പായിച്ചപ്പോൾ കാറോടിക്കുന്നത് നിയാസാണ്. തൊട്ടപുറത്തെ സീറ്റിൽ അമൃത് ആർക്കൊക്കെയോ ഫോൺ ചെയ്യുന്നുണ്ട്. അമൃത് മുന്നിലെ സീറ്റിൽ നിന്ന് പിറകിലോട്ട് തിരിഞ്ഞ് കൊണ്ട് പറഞ്ഞു ” ആദി, നിനക്ക് ഒന്നുമില്ലെടാ നമ്മളിപ്പോ എത്തും ഹോസ്പിറ്റലിൽ” അത് പറയുമ്പോ അവന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. അടിയേറ്റ് തല മുറിഞ്ഞത് മൂലം എന്റെ ഷർട്ടിലെല്ലാം മൊത്തം ചോരയായിട്ടുണ്ട്. ദേഹമാസകലം കൊത്തി വലിക്കുന്ന പോലെയൊരു വേദന. കുറച്ച് സമയത്തിനുള്ളിൽ വീണ്ടും ഞാൻ ഉറക്കത്തിലേയ്ക്ക് വഴുതി പോവുന്ന പോലെ തോന്നി. പിന്നെ ഞാൻ കണ്ണ് തുറന്നത് ഹോസ്പിറ്റലിൽ വെച്ചാണ്.