ഒളിച്ചോട്ടം 7 💘 Olichottam Part 7 | Author-KAVIN P.S | Previous Part
ഈ ഭാഗം നിങ്ങളിലേക്കെത്തിക്കാൻ വൈകിയതിന് ഞാൻ ക്ഷമ ചോദിക്കുന്നു. വ്യക്തിപരമായ അസൗകര്യങ്ങളും ജോലി തിരക്കുമെല്ലാം കാരണമാണ് ഈ ഭാഗത്തിന്റെ എഴുത്ത് താമസിച്ചത്. പ്രിയപ്പെട്ട വായനക്കാരോട് ഒരപേക്ഷ മാത്രമേ എനിക്കുള്ളൂ വായിച്ചു കഴിഞ്ഞാൽ കഴിവതും അഭിപ്രായം രേഖപ്പെടുത്തുക അതെന്ത് തന്നെയായാലും. ഈ ഭാഗം ഇഷ്ടമായെങ്കിൽ ❤️ Like ചെയ്യാൻ മറക്കരുതെ. നിങ്ങൾ നൽകുന്ന പ്രോത്സാഹനം ഒന്ന് മാത്രമാണ് ഓരോ എഴുത്തുകാരനും കഥകൾ തുടർന്നെഴുതാനുള്ള ഊർജ്ജമാകുന്നതെന്ന് ഓർക്കുക.
സസ്നേഹം KAVIN P S 💗
കാര്യങ്ങളെല്ലാം തകിട മറിഞ്ഞ ആ ദിവസത്തെ കുറിച്ച് ഞാൻ പറയാം. അന്നൊരു തിങ്കളാഴ്ചയായിരുന്നു. പതിവ് പോലെ ഞങ്ങളെല്ലാവരും ലഞ്ച് ബ്രേക്കിന് കോളജ് ഗ്രൗണ്ടിൽ ഇരുന്നു സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് അമൃത് എന്റെ ഫോണിലേയ്ക്ക് വിളിക്കുന്നത്. ഞാൻ കോൾ എടുത്ത ഉടനെ അവൻ വല്ലാതെ അണച്ച് കൊണ്ട് പറഞ്ഞു.
“ആദി, അന്ന് അനൂന്റെ കേസിന് നമ്മള് പഞ്ഞിക്കിട്ട അവളുടെ കസിൻ അവന്റെ കുറേ ഫ്രണ്ട്സിനേം കൂട്ടി നിന്നെ അന്വേഷിച്ച് നമ്മുടെ ക്യാമ്പസ് കോമ്പൗണ്ടിൽ കറങ്ങുന്നുണ്ട്. ഞാനവരുടെ മുന്നിൽ പെട്ടു അവിടെ നിന്ന് ഒരു വിധമാ ഞാനോടി പോന്നെ. അവൻമാരുടെ കൈയ്യിൽ വടിവാളും കത്തീം ഹോക്കി സ്റ്റിക്കുമെല്ലാം ഉണ്ട്. നീ എത്രേം പെട്ടെന്ന് നിയാസിനേം കൂട്ടി എങ്ങനെയെങ്കിലും പുറത്ത് ചാട് അവന്മാര് പത്തെഴുപതാളുണ്ട് നമ്മളെ കൊണ്ട് അവന്മാരോട് അടിച്ച് നിൽക്കാൻ പറ്റൂന്ന് തോന്നണില്ല. ആ…. അയ്യോ” എന്നുള്ള അമൃതിന്റെ നിലവിളിയോടെ കോൾ കട്ടായി.
ഞാൻ ഫോൺ ചെവിയിൽ നിന്നെടുക്കാതെ മരവിച്ച് നിൽക്കുന്നത് കണ്ട് നിയാസും ശുഐബ് ഇക്കയും കാര്യം തിരക്കി ഞാനവരോട് അന്ന് നടന്ന സംഭവവും ഇപ്പോ അതിന്റെ പേരിൽ അവർ എന്നെ അന്വേഷിച്ച് വന്നതും ആ കാര്യം വിളിച്ച് പറയുന്നതിനിടെ അമൃതിനെന്തോ സംഭവിച്ചെന്ന കാര്യവും ഞാൻ പറഞ്ഞു.
ഞാൻ പറഞ്ഞതെല്ലാം കേട്ട് നിയാസാകെ മരവിച്ച പോലെ നിൽപ്പുണ്ട്. ശുഐബിക്ക ചാടിയെഴ്ന്നേറ്റിട്ട് പറഞ്ഞു