നമ്മൾ വീണ്ടും നാറുകയും ചെയ്യും.അതല്ലേ സാറിന്റെ പ്രശ്നം.എന്റെ കാര്യവും കുഴയും ഒരു വഴി കണ്ടെത്തിയെ പറ്റൂ.”
വിക്രമൻ പറഞ്ഞതിന്റെ ബാക്കി പത്രോസ് കൂട്ടിച്ചേർത്തു.
“അപ്പൊ തനിക്ക് കാര്യം മനസ്സിലായി.അതാടോ ഞാനും ആലോചിക്കുന്നത്.ഇത്ര നാൾ കേസ് തെളിയിക്കണം എന്ന ടെൻഷനെ ഉണ്ടായിരുന്നുള്ളൂ.ദാ ഇപ്പൊ ഒന്നൂടെ കൂടി,അത്രതന്നെ.”
വിക്രമൻ കയ്യിലെ മദ്യം ഒറ്റയിറക്കിന് കാലിയാക്കി. തോൽക്കാൻ മനസ്സില്ലാത്ത അയാൾക്ക് എങ്ങനെയും ജയിക്കാനുള്ള ഒരു വഴി കണ്ടെത്തണം എന്ന ചിന്ത മാത്രമായിരുന്നു.അതിന് കൂടെ എന്തിനും ഏതിനും എ എസ് ഐ പത്രോസും.
******
സാഹിലക്ക് മുന്നറിയിപ്പ് നൽകിയെങ്കിലും അവൾ അത്രപെട്ടെന്ന് വഴങ്ങില്ല എന്ന് രുദ്രക്കറിയാമായിരുന്നു.ഒറ്റക്കായി രുന്ന അവൾ പേടിച്ചു എന്നത് സത്യം,പക്ഷെ മാധവന്റെ പിൻ ബലത്തിൽ അവൾ തന്നെ ചെറുക്കും എന്ന് രുദ്രക്ക് തോന്നി.
മാധവന്റെ സഹായത്തോടെ കള്ളപ്പണം വെളുപ്പിക്കാനും സ്വത്തുക്കൾ നിയമപരമായി കുഞ്ഞിന്റെ പേരിലേക്ക് മാറ്റാനും
സാഹില ശ്രമിക്കുന്നതിന്റെ വ്യക്തമായ സൂചനകൾ രുദ്രക്ക് ലഭിച്ചിരുന്നു.ഒട്ടും സമയം കളയാനില്ലാത്ത അവസ്ഥയായിരുന്നു അവൾക്ക്.
രാജീവന്റെ സാമ്പാദ്യമൊന്നും മറ്റൊരാൾക്ക് വിട്ടുകൊടുക്കുക എന്നത് രുദ്രയുടെ ചിന്തക്കും അപ്പുറമായിരുന്നു.മാധവനും സാഹിലയും ഒന്നിച്ചുനിന്നാൽ
അവ കൈവിട്ടു പോകും എന്നും അവൾക്ക് തോന്നി.
രാജീവന്റെ പേരിലുള്ളത് മുഴുവൻ തന്റേതാണെന്നുള്ള ചിന്ത,
സാഹിലയെ അംഗീകരിക്കാനുള്ള ബുദ്ധിമുട്ട്,ആകെ ഭ്രാന്തെടുത്തു നിക്കുകയായിരുന്നു രുദ്ര.
സാഹിലയെ നാശത്തിന്റെ വക്കിലെത്തിക്കുക എന്നത് വ്യക്തിപരമായ വാശികൂടിയായിരുന്നു അവൾക്ക്. സാഹില രാജീവന്റെ വെപ്പാട്ടി മാത്രമായിരുന്നു എന്നാണ് അവളുടെ വാദം.രാജീവന്റെ ചോരയിൽ പിറന്ന കുഞ്ഞിനെ പോലും അംഗീകരിക്കാൻ അവൾ തയ്യാറല്ലായിരുന്നു.
തന്റെയവകാശം തട്ടിയെടുക്കാൻ വന്ന ഒരുവൾ മാത്രമായിരുന്നു രുദ്രക്ക് സാഹില.അവളുടെ ന്യായം രുദ്രക്ക്
അന്യായമായിരുന്നു.
തന്നെ വെറും കീപ്പായി വച്ചനുഭവിച്ച രാജീവനെ കുടുക്കി
അയാളുടെ ജീവിതത്തിലേക്ക് കടന്നത് തന്റെ നിലനിൽപ്പിന് വേണ്ടിയായിരുന്നു എന്ന വാദം
സാഹിലയെ എതിർക്കുന്നത് തന്റെ നിലനിൽപ്പിനുവേണ്ടിയാണ് എന്ന മറുവാദം കൊണ്ട് രുദ്ര പൊളിക്കുകയും ചെയ്തു.
കൂടാതെ രുദ്ര തന്റെ ആദ്യത്തെ ഇരയെ വേട്ടയാടുന്നതിനുള്ള തയ്യാറെടുപ്പിലുമായിരുന്നു.അത് വഴി സാഹിലക്ക് അവസാനത്തെ മുന്നറിയിപ്പ് നൽകുന്നതിനൊപ്പം അവളെ ഒറ്റപ്പെടുത്തുക എന്നത് കൂടി അതിന് പിറകിലുണ്ട്.
മാധവന്റെ പിൻബലമില്ലെങ്കിൽ അവൾ തന്റെ കാൽച്ചുവട്ടിലെത്തുമെന്നും രുദ്ര കണക്ക് കൂട്ടി.