ഈ വെകേഷനും അവൻ എന്തെ പോകാഞ്ഞത് എന്നറിയാനുള്ള ക്യൂരിയോസിറ്റി കാരണമാണ്. അന്ന് അവനോടു സംസാരിച്ചത്. പക്ഷെ
സംസാരിച്ചു തുടങ്ങിയപ്പോൾ പിന്നെ ഞങ്ങൾക്ക് എന്തെ ഇത്ര നാളും സംസാരിച്ചില്ല എന്ന തോന്നൽ ആയിരുന്നു, രണ്ടു പേർക്കും.
നേരിട്ട് കണ്ടു കണ്ണിൽ നോക്കി സംസാരിക്കാൻ ആയിരുന്നു വിശാലിന് ഇഷ്ടം, ഫോൺ വിളിക്കാൻ അവനൊട്ടും റെഡി അല്ലായിരുന്നു.
സെക്കൻഡ് ഇയറിൽ ഇരുവർക്കും മനസിലായി പരസ്പരം ഇഷ്ടമാണ് എന്ന്. അവനോടൊപ്പം മേൽക്കൂരയില്ലാത്ത കെട്ടിടങ്ങൾക്ക് ഉള്ളിൽ കൈകോർത്തുകൊണ്ട് സംസാരിക്കുമ്പോഴും, കണ്ണുകളിലൂടെ ചുണ്ടുകളിലൂടെ എനിക്കവനോടുള്ള ഇഷ്ടം ഞാൻ പറയുമ്പോഴും എനിക്ക് വിശാലിനെ കിട്ടിയതിൽ അഭിമാനവും ഒരല്പം അഹങ്കാരവും ഉണ്ടായിരുന്നു.
പാട്ട് നിന്നപ്പോൾ തിരിച്ചു ആ ബസിലേക്ക് ഞാൻ ഓടിക്കയറി,,
“അമ്മാ…”
“എത്തിയോ മോളെ..”
“ഇല്ലമ്മേ.. ഒന്നരമണിക്കൂർ കൂടെ കാണും..”
“ഇവിടെ നല്ല മഴ..കറന്റും ഇല്ല..”
“അച്ഛൻ അടുത്തില്ലേ..അമ്മാ.”
“ഉണ്ട് മോളെ, എത്തിയിട്ട് വിളിക്കണേ..”
പാട്ടുപെട്ടി ഓണാക്കിയപ്പോൾ ഓർമ്മകൾ പിന്നെ വാക മരച്ചോട്ടിലേക്കും എന്റെ മുഷിഞ്ഞ വസ്ത്രങ്ങൾ കൂട്ടിവെച്ച ഹോസ്റ്റൽ മുറിയിലേക്കും എന്നെ എത്തിച്ചു. ചെങ്കൊടിയുടെ താഴെ വിളിച്ച മുദ്രാവാക്യവും എല്ലാം ഉച്ചത്തിൽ എന്റെ ചെവിയിൽ ഉച്ചത്തിൽ മുഴങ്ങി.
വിശാലിന്റെ ഒപ്പം അന്നും ഞാൻ കാന്റീനിൽ നിന്നും ബ്രെക്ഫാസ്റ് കഴിച്ചു നടന്നു വരുമ്പോഴാണ് അപ്രതീക്ഷിതമായി അത് സംഭവിച്ചത്. മൂന്നു ബൈക്കിൽ വടിവാളുമായി വട്ടം ചുറ്റിച്ചുകൊണ്ട് വിശാലിനെ വെട്ടാൻ വാളോങ്ങി. ഞാൻ അവർക്കു മുന്നിൽ നിന്നപ്പോഴും അവൻ എന്നെ തള്ളി മാറ്റി, ആ വാൾമുന അവന്റെ നെഞ്ചിൽ വരച്ചുകൊണ്ട് ചോര പൊടിച്ചു, ഞാൻ കിടന്നു നിലവിളിച്ചപ്പോൾ അടുത്ത വെട്ടിനു വിശാൽ ആരുടേയോ ഭാഗ്യത്തിന് മാറിയതും കഴുത്തിൽ കൊള്ളേണ്ട വെട്ടു തെന്നിമറുന്നതും ഞാൻ കണ്ടു. പെട്ടന്ന് ഓടിക്കൂടിയ വ്ദ്യാര്ഥികളെ പേടിച്ചുകൊണ്ട് ഒടുക്കം അവർ ബൈക്ക് പായിച്ചു പോകുമ്പോ. കാമ്പസ് രാഷ്ട്രീയത്തിന്റെ ഇരുണ്ട മുഖം ഞങ്ങൾ രണ്ടു പേരും തിരിച്ചറിഞ്ഞു. അവൻ യൂണിവേഴ്സിറ്റി ചെയർമാൻ ആയത് എതിരെ നിന്ന് സ്‌ഥിരമായി ജയിക്കുന്ന നിറമില്ലാത്ത കൊടികൾക്ക് ഒന്നും ദഹിച്ചിട്ടില്ല, ഒപ്പം അവന്റെ തീപ്പൊരി പ്രസംഗം കൊണ്ട്, അടുത്ത വർഷത്തേക്ക് പോലും അവർക്ക് നിലനിൽപ് ഉണ്ടാകില്ല എന്ന പേടി കൊണ്ടും ആകാം, അവരുടെ ശരി നമുക്ക് ചോര. ഇതെന്തു ഋതം!
വിശാലിനെ ഞങ്ങൾ എല്ലാരും ഹോസ്പിറ്റലിൽ എത്തിച്ചു. ഞാൻ തന്നെ അവനു വേണ്ട ചോരയും കൊടുത്തു. മുറിവ് ആഴത്തിൽ ഉള്ളതാണ്, തുന്നിക്കെട്ടിയെങ്കിലും ഉണർന്നിട്ടില്ല.