കാണാൻ ചെന്നിട്ട് തിരിച്ചു വരുന്ന വഴിയാണ്. ഞാൻ എങ്ങോട്ടാണ് പോകുന്നത് എന്ന് ചോദിച്ചപ്പോ എനിക്ക് നുണപറയേണ്ടി വന്നു. അവർക്ക് അത് ചിലപ്പോ അംഗീകരിക്കാൻ കഴിഞ്ഞെന്നു വരില്ലെന്ന തോന്നൽ കൊണ്ട് തന്നെയാണ്.
മഴയുടെ ശബ്ദം കനക്കുന്നു, റോഡിലേക്ക് നോക്കുമ്പോ വണ്ടികൾ കുറവായി തുടങ്ങി. സീറ്റിൽ ഇപ്പൊ തനിച്ചാണ്, മാത്രമല്ല അടുത്തും അധികമാരും ഇല്ല.
മഴ ചാറ്റൽ നനയാതെ ഇരിക്കാൻ ഒന്നുടെ സീറ്റിന്റെ ഇങ്ങേയറ്റത് ഇരുന്നു. ഫോൺ ഇത്ര നേരം ബാഗിൽ ആരുന്നു, ആരേലും വിളിച്ചോ ന്നു പോലും നോക്കിയില്ല, ഞാൻ ഒന്ന് സ്ക്രീൻ തുറന്നപ്പോൾ.
വാട്സാപ്പിൽ സർഗ്ഗയുടെ മെസ്സേജ്.
“മീര, എവിടെയെത്തി ?”
അയച്ചിട്ട് അധികനേരം ആയിട്ടില്ല.
“ലക്കിടി….”
അവളുടെ വാട്സാപ്പ് ഡിപി ഞാൻ ഒന്നുടെ എടുത്തു നോക്കി.
മൊട്ടകുട്ടിയുടെ നെറ്റിയിൽ ചുംബിച്ചു കൊണ്ടുള്ള സെൽഫി.
ഞാൻ അത് കുറെ നേരം നോക്കിയിരുന്നു. മനസ്സിൽ പറഞ്ഞു കണ്ണ് സർഗയുടെ പോലെതന്നെയാണ്.
എപ്പോഴും നനവുള്ള കണ്ണുകൾ.
കഥകൾ പറയുന്ന കണ്ണുകൾ.
ഹെഡ്സെറ്റ് കണക്ട് ചെയ്തു എന്റെ പ്ലേലിസ്റ്റ് പാടിത്തുടങ്ങി.
വിശാലിന്റെ ഓർമ്മകൾ എന്ന് ഞാൻ ഓമനപ്പേരിട്ട് വിളിക്കാൻ കൊതിക്കുന്ന പാട്ടുകൾ ആണിവ … അതങ്ങനെയാണ് ചില പാട്ടുകളും അത് നമ്മൾ ആദ്യമായി കേട്ട സന്ദർഭവും എല്ലാം വീണ്ടും കേൾക്കുമ്പോ നമ്മെ ഓര്മപെടുത്തും.
ചിലപ്പോ കണ്ണടച്ച് കരയാനും, മനസിന്റെ ചുവരിൽ കോറി വരക്കാനും എല്ലാം നമുക്ക് തന്നെ തോന്നുന്ന പാട്ടുകൾ…
ഞാൻ കണ്ണടച്ചുകൊണ്ട് ആ തണുപ്പിൽ വിറക്കുന്ന എന്റെ മനസിനെ പതിയെ താരാട്ടു പാടി ഉറക്കാൻ ശ്രമിച്ചു.
വിശാൽ….
കോളേജിൽ എനിക്കേറ്റവും പ്രിയപ്പെട്ടവൻ ആയിരുന്ന, ഇപ്പോഴും എനിക്കേറ്റവും പ്രിയപ്പെട്ട എന്റെ സ്വന്തമല്ലാത്ത എന്റെ കാമുകൻ.
അവന്റെ മുഖം മനസിലേക്ക് വരുമ്പോ
കോളേജിലെ വേനലവധിക്ക് ഞാൻ ഹോസ്റ്റലിൽ തന്നെ നിക്കാൻ തീരുമാനിച്ച ആ ദിവസങ്ങൾ ആണ് ഇപ്പോഴും ആദ്യം എത്തുന്നത്.
ക്യാന്റീനിൽ തനിച്ചിരുന്നു കഴിക്കുന്ന എന്റെ ക്‌ളാസിലെ തന്നെ ഞാൻ സംസാരിച്ചിട്ടില്ലാത്ത, ഒരു വിദ്യാർത്ഥി.