അതിൽ നിന്നും ഒരു പെൺകുട്ടിയുടെ നിലവിളി ഉറക്കെ മുഴങ്ങുന്നു.
അതു കേട്ടതും പാതി ബോധത്തോടെ അനന്തു എണീറ്റു ഓടാൻ നോക്കി.
ആ പെൺകുട്ടിയെ രക്ഷപെടുത്താൻ.
പക്ഷെ അവന്റെ കൈകാലുകൾ ആരോ ബന്ധിച്ചിരിക്കുന്നു.
ഒരടി ചലിക്കാനാവാതെ ഹൃദയഭേദകമായ ആ കാഴ്ച്ച അവൻ നിസ്സഹായതയോടെ കണ്ടു നിന്നു.
ആ ബന്ധനത്തിൽ നിന്നും കുതറി മാറാൻ ശ്രമിച്ചപ്പോഴൊക്കെ അതു കൂടുതലായി മുറുകിക്കൊണ്ടിരുന്നു.
അവൻ ഞെരുങ്ങിക്കൊണ്ട് നിലത്തു വീണു.
പെട്ടെന്ന് തീയണഞ്ഞു.
ആ കത്തി കരിഞ്ഞ രൂപം ഒരു പിടച്ചിലോടെ അവനു മുൻപിൽ വന്നു വീണു.
പാതി കത്തി കരിഞ്ഞ ആ മുഖത്തു നിന്നും പുക പുറത്തേക്ക് വമിക്കുന്നുണ്ടായിരുന്നു.
അതിന്റെ പൂച്ചക്കണ്ണുകൾ ഒരു ഗോട്ടി പോലെ പുറത്തേക്ക് തള്ളി വന്നു.
കത്തി കരിയാത്ത മുഖത്തിന്റെ ഒരു ഭാഗം കണ്ടതും അനന്തുവിന്റെ നെഞ്ചോന്ന് കാളി.
അതിനു അരുണിമയുടെ രൂപമായിരുന്നു.
തന്നെ നിസ്സഹായതയോടെ നോക്കിക്കൊണ്ട് ആ രൂപം അവസാനമായി ഒന്നു പിടച്ചു.
ആ ശരീരത്തിൽ അവശേച്ചിരുന്ന ജീവന്റെ അവസാനത്തെ കണികയും അപ്പോഴേക്കും നഷ്ടപ്പെട്ടിരുന്നു.
അതു കണ്ടതും അവന്റെ മിഴികൾ നിറഞ്ഞൊഴുകി.
ശരീരം മരവിച്ചു.
തൊണ്ട പൊട്ടുമാറ് ഉച്ചത്തിൽ അവൻ നിലവിളിച്ചു.
“അരുണിമാ……………”
അലർച്ചയോടെ അനന്തു ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നു.
അഞ്ജലി ആ അലർച്ച കേട്ട് ഞെട്ടി വിറച്ചു.
അവൻ ശ്വാസം വലിച്ചെടുത്തുകൊണ്ട് കിതപ്പോടെ ചുറ്റും നോക്കി.
അവന്റെ നെഞ്ചിടിപ്പ് വേഗത്തിൽ ആയിരുന്നു.
സ്വപ്നമാണെന്ന് തിരിച്ചറിഞ്ഞതും ആശ്വാസത്തോടെ അവൻ നെഞ്ചിൽ കൈ വച്ചു.