ഫോൺ ഓഫ് ചെയ്തു കോ ഡ്രൈവർ സീറ്റിലേക്കിട്ടുകൊണ്ട് മാധവൻ കാറിന്റെ വേഗത വർദ്ധിപ്പിച്ചു.വൈകിയെങ്കിലും
ഏത്രയും വേഗം വീട്ടിലെത്തണം എന്നാഗ്രഹിച്ച മാധവന് അത്രയും പ്രധാനപ്പെട്ടതായിരുന്നു ആ ഒരു കോൾ.അതിന്റെ ഉറവിടത്തിലേക്ക് ഏത്രയും വേഗം എത്തിച്ചേരാനുള്ള തിടുക്കമായിരുന്നു മാധവന്.
:::::::::::
ശംഭു ഹോസ്പിറ്റലിൽ നിന്ന് മടങ്ങുന്നത് വരെ രുദ്ര അവിടെ തന്നെയുണ്ടായിരുന്നു.പക്ഷെ എന്തിനെന്നുള്ള ചോദ്യം മാത്രം മറ്റുള്ളവരിൽ അവശേഷിപ്പിച്ചു കൊണ്ട് അവളവിടെ തുടർന്നു.
അവിടെയിരുന്നുകൊണ്ട് തന്നെ അവൾ പലതും നിയന്ത്രിക്കുന്നുണ്ടായിരുന്നു. അവൾക്കായി പുറത്ത് എന്തും ചെയ്യുന്നതിനായി ചിലരും.
തറവാട് വരെ അവൾ ഒരകലം പാലിച്ചു കൊണ്ട് ശംഭുവിനെ അനുഗമിച്ചു.അത് ഗായത്രി ശ്രദ്ധിക്കുന്നുണ്ടായിരുന്നു.വീട്ടിൽ കയറുമ്പോഴും ഗേറ്റിനു വെളിയിൽ രുദ്രയുണ്ടായിരുന്നു.അവിടെ നിന്നും അവൾ പോയത് തന്റെ അടുത്ത കളികളിലേക്കുള്ള ചുവടുവെപ്പിനും.
രുദ്ര താൻ ശേഖരിച്ച വിവരങ്ങൾ അനുസരിച്ച് ചെന്നുനിന്നത് സാഹിലയുടെ മുന്നിൽ.സാഹില രുദ്രയുടെ വരവ് പ്രതീക്ഷിക്കുന്നുണ്ടായിരുന്നു.
അത് ശരിവച്ചുകൊണ്ട് അവൾ സാഹിലയെ തേടിയെത്തി.
രുദ്രയുടെ വരവ് സാഹിലയെ ഒന്ന് ഭയപ്പെടുത്തി.സഹായിക്കാൻ ഒരുപാടുപേരുണ്ടെങ്കിലും ചില അവസരങ്ങളിൽ ഒറ്റക്കാവും, ആ അവസ്ഥയായിരുന്നു അവൾക്ക്.
അന്ന് വീട്ടിൽ അവളൊറ്റക്കായിരുന്നു.ഓരോന്ന് ചെയ്യുന്നതിനിടയിലാണ് രുദ്ര അവളെ തേടിയെത്തുന്നതും.
“എന്താ……എന്താ നിനക്ക് വേണ്ടാത്?”അല്പം ഭയത്തോടെ സാഹില ചോദിച്ചു.
“എന്റെ ആവശ്യം നിനക്കറിയില്ലേ സാഹില.”രുദ്ര തിരിച്ചു ചോദിച്ചു.
“എനിക്ക് വേറെ വഴിയില്ലായിരുന്നു.എനിക്കും ജീവിക്കണമായിരുന്നു.അതാ ഞാൻ…….”സാഹില പറഞ്ഞു
“സാഹില……നിന്റെ ശരി നിന്റേതു മാത്രമാണ്.ന്യായമായും ശരി കൂടുതൽ നിനക്കും.രാജീവന്റെ
ജീവിതത്തിലേക്ക് കടന്നുവന്ന നിന്നെ ഞാൻ കുറ്റം പറയില്ല.നീ ഒരുപാട് നേടിക്കൊടുത്തിട്ടുണ്ട്.
പക്ഷെ അവന്റെ മരണശേഷം നീ തിരഞ്ഞെടുത്ത വഴി തെറ്റിപ്പോയി
എനിക്കും എന്റെ ഭർത്താക്കൻമാർക്കുമിടയിലേക്ക് നീ കയറിവന്നു.അന്ന് മുതൽ ഞാൻ തിരശീലക്ക് പിന്നിലായിരുന്നു.