സമയം ദിവ്യക്കനുകൂലമാണ്, അല്ലെങ്കിൽ അവളുടെ കവിൾ ചുവന്നേനെ എന്ന് വിക്രമന്റെ കൂടെയുള്ള കോൺസ്റ്റബിളിനറിയാം.
“ഇനിയെന്തെങ്കിലുമുണ്ടോ മിസ്റ്റർ ഓഫിസർ”അവൾ ചോദിച്ചു.
“നത്തിങ്…..”അയാൾ പറഞ്ഞു.
“ഏങ്കിൽ ഇറങ്ങുകയല്ലെ.എനിക്ക്
മറ്റുചില എൻഗേജ്മെന്റ്സ് ഉണ്ട് ”
അവൾ പറഞ്ഞു.
“ഇനിയും കാണാം”വിക്രമൻ പറഞ്ഞു.
പക്ഷെ അവളിൽ ഒരു ആക്കിയ ചിരി മാത്രം.തന്നെ തൊടാനാവില്ല എന്ന ചിന്തയാണ് അവളെ നയിച്ചത്,അങ്ങനെ ചിന്തിക്കാൻ കാരണവുമുണ്ടായിരുന്നു.
നിന്നിട്ട് കാര്യമില്ലെന്നറിയാവുന്ന വിക്രമൻ അവിടെനിന്നിറങ്ങി. മുന്നോട്ട് നടന്ന അയാളെ ദൈവം തുണച്ചു.അയാൾ ഇറങ്ങിയതിന് പിന്നാലെ ധൃതിയിൽ പുറത്തേക്ക് നടന്ന ദിവ്യ വിക്രമനെ മറികടന്ന് പോകവേ അയാളുടെ കൈ തട്ടി ഹാൻഡ് ബാഗ് നിലത്തേക്ക് വീണു.
ദിവ്യ തന്റെ ഇഷ്ട്ടക്കേട് കാണിച്ചു. വിക്രമൻ ഒരു സോറിയിൽ കാര്യം ഒതുക്കാൻ ശ്രമിച്ചുവെങ്കിലും ദിവ്യയുടെ മുഖം വലിഞ്ഞു മുറുകിയിരിക്കുകയായിരുന്നു. കാരണം അയാൾ വന്നത് തന്നെ അവൾക്കത്ര ഇഷ്ട്ടപ്പെട്ടിട്ടുണ്ടായിരുന്നില്ല.
ഇതിനിടയിൽ പാതി തുറന്നു കിടന്ന സൈഡ് കള്ളിയിൽ നിന്ന്
ചീപ്പ് നിലത്ത് വീണത് അവൾ ശ്രദ്ധിച്ചില്ല.വിക്രമനെ തീക്ഷ്ണമായി നോക്കിയശേഷം അവൾ അവിടെനിന്ന് വേഗത്തിൽ നടന്നകന്നു.
പക്ഷെ ദൈവം കരുതിവച്ചത് വിക്രമന് അവിടെ നിന്നും കിട്ടി. ഒരു ഉൾവിളി പോലെ അയാൾ ചീപ്പ് തന്റെ പോക്കറ്റിലാക്കി.
തിരികെ പോരുമ്പോൾ വിക്രമന് ഒരു പുതിയ പ്രതീക്ഷ ലഭിച്ചു കഴിഞ്ഞിരുന്നു.
അന്നവിടെ വിക്രമൻ കണ്ട പ്രതീക്ഷയുടെ നാളം ഇന്ന് തെളിഞ്ഞിരിക്കുകയാണ്.ഇനി കേസ് ഫ്രെയിം ചെയ്യണം,
പ്രതികളെ അറസ്റ്റ് ചെയ്തു കോടതിയിലെത്തിക്കണം എന്ന കടമ്പ മാത്രം ബാക്കി.ദിവ്യയെ കൊണ്ട് ഒറ്റക്ക് കഴിയില്ല എന്ന് അയാൾക്കറിയാമായിരുന്നു.
അന്ന് മുറിയിലുണ്ടായിരുന്നത് ദിവ്യ തന്നെ,സെക്യൂരിറ്റി പറഞ്ഞത് വച്ച് മാച്ച് ചെയ്യുന്ന ശരീരപ്രകൃതം.
ഇനി കൂട്ടുപ്രതികളെ കിട്ടണം.
എന്നിട്ടാവാം അറസ്റ്റ്, അല്ലെങ്കിൽ ഇനിയും പരാജയം നേരിടാനുള്ള
സാധ്യത ഏറെയാണ്.