“ന്തച്ഛാ ഈ പറയണേ??”
“സീത മോളെ പറ്റി പറഞ്ഞപ്പോ അവിടെ ഞാൻ കണ്ടത് എന്റേം സീതയുടേം ജീവിതം തന്നെയാ. ഒരു കണക്കിന് നോക്കുവാണേ ആ കുട്ടി ഭാഗ്യവതിയാ. കുറച്ച് നാളെങ്കിലും ഒരു അച്ഛന്റേം അമ്മേടേം സ്നേഹം കിട്ടിലോ. അത് പോലും ഞങ്ങൾക്ക് കിട്ടിട്ടില്ലട. ഓർമ വച്ച നാള് തൊട്ട് ഏതോ ഒരു ഓഫ്‌നേജിൽ ആയിരുന്നു. അവിടുള്ള കന്യാസ്ത്രീമാരായിരുന്നു എന്റെ അച്ഛനും അമ്മയും എല്ലാം. ഒരുപാട് പേരുണ്ടേലും കൂട്ട് കൂടിയിരുന്നത് ഉണ്ടാകണ്ണുകൾ ഉള്ള ആ പെണ്കുട്ടിയോട് മാത്രമായിരുന്നു. എന്തും തുറന്നു പറയുന്ന ഒരു കൂട്ടുകാരി. നമ്മടെക്കെ ജീവിതത്തില് എത്ര സന്തോഷം തോന്നിയാലും, സങ്കടം തോന്നിയാലും അതാദ്യം ചെന്ന് പറയുന്ന ഒരാളുണ്ടാകും. അവരോടത് പറഞ്ഞില്ലെങ്കിൽ ആ സന്തോഷത്തിന് ഒരു സംതൃപ്തിയും ഉണ്ടാകില്ല, ആ സങ്കടത്തിന് ഒരു സമാധനോം ഉണ്ടാകില്ല. എനിക്ക് സന്തോഷം വന്നാലും സങ്കടം വന്നാലും തുറന്ന് പറയാൻ അവളെ ഉണ്ടായിരുന്നുള്ളൂ. രമേട്ടാ എന്ന് വിളിച്ചു വരുന്ന ആ പാവടക്കാരി എന്നോ എന്റെ നെഞ്ചിൽ സ്ഥാനം ഉറപ്പിച്ചു. 20 വയസ്സ് കഴിഞ്ഞപ്പോ ഒരു ജോലി കിട്ടി ഞാൻ വേറെ സ്ഥലത്തേക്ക് പോയി. അന്നാ ഉണ്ടകണ്ണുകൾ കണ്ണീരിലൂടെ എനിക്ക് യാത്ര പറഞ്ഞു. അന്ന് ഇപ്പോഴത്തെ പോലെ അച്ഛന് സ്വന്തായി വണ്ടിയൊന്നുമില്ല. വാടകക്കായിരുന്നു ഓടിയെ. നല്ലൊരു വരുമാനം അതീന്ന് കിട്ടോയിരുന്നു. 4,5 വർഷം കഴിഞ്ഞപ്പോ സ്വന്തം കാലിൽ നിന്നു. സ്വന്തമായി ഒരു വണ്ടിയൊക്കെ എടുത്തോടൻ തുടങ്ങി. പിന്നെ തിരഞ്ഞത് അവളെയാ. എന്റെ ഉണ്ടകണ്ണിയെ. ഓഫ്‌നേജിൽ തിരക്കിയപ്പോ അവിടുന്ന് പോയെന്ന് പറഞ്ഞു. പക്ഷെ ഞാൻ വിട്ടില്ല. അവളെ തേടി പോയി കണ്ടുപിടിച്ചു. മനസ്സിലുള്ളത് പറഞ്ഞ് കൂടെ കൂട്ടി. പിന്നെയവള് എന്റെ ഭാര്യയായി. നിന്റേം അവൾടേം അമ്മേം. ഞങ്ങൾക്കിടയില് പിണക്കം ഉണ്ടായിട്ടേ ഇല്ല. ഇനിയൊട്ട് ഉണ്ടാവുകയും ഇല്ല. ഇനി നിന്നേം ലക്ഷ്മി മോളേം പോലെ തന്നെ ആയിരിക്കും മായ മോളും ഞങ്ങൾക്ക്! ആ കുട്ടി കാരണം ആർക്കൊക്കെ സന്തോഷം ഉണ്ടായെന്ന് നോക്കിയെടാ, എനിക്കും സീതക്കും ഒരു മോള്, ലക്ഷ്മിക്ക് ഒരു അനിയത്തി കുട്ടി, നിനക്ക് നിന്റെ പ്രാണൻ! കുരുത്തക്കേട് ഒന്നും കാട്ടാണ്ട് ഇരുന്ന കുറച്ച് കൊല്ലം കൂടി കഴിയുമ്പോ നിങ്ങടെ കല്യാണം സന്തോഷത്തോടെ ഞങ്ങള് നടത്തി തരും. അതല്ലങ്ങി മൂക്കി പല്ല് വന്നാലും എന്റെ മോൻ ഇങ്ങനെ തന്നിരിക്കും.”
അവസാനം എനിക്കിട്ടൊരു കൊട്ടും തന്ന് അച്ഛൻ എഴുന്നേറ്റു.
“മനസ്സൊക്കെ ഒന്നാറിട്ട് വാ. എന്തേലും കഴിക്കാം.”
അതും പറഞ്ഞ് അച്ഛൻ താഴോട്ട് പോയി. പറഞ്ഞതൊന്നും ഉൾകൊള്ളാൻ ആവുന്നില്ല. എന്റെ അച്ഛനും അമ്മയും അനാഥയാണ്. പാവം. ഒരച്ഛന്റേം അമ്മേടേം സ്നേഹവും ലാളനയും വേണ്ടുവോളം എനിക്കും ചേച്ചിക്കും കിട്ടിട്ടുണ്ട്. അവർക്ക് കിട്ടാണ്ട് പോയ സ്നേഹം ഞങ്ങളിലൂടെ തരുന്നു. കണ്ണ് നിറഞ്ഞു. അതോടൊപ്പം വരാൻ പോകുന്ന നല്ല ദിവസങ്ങളെ കുറിച്ച് ആലോചിച്ചപ്പോ മനസ്സിലും ചുണ്ടിലും ഒരേ പോലെ ചിരി വിരിഞ്ഞു. ഒരുപാട് സന്തോഷത്തോടെ ഞാനും താഴേക്ക് നടന്നു………………….!
അവസാനിച്ചു………!