അനു ചിരിച്ച് കൊണ്ട് പറഞ്ഞു.
“ആട്ടെ … നീയെന്താ ആദി നിന്റെ വീട്ടിൽ പറഞ്ഞെ?”
അനു എന്നോട് ചേർന്നിരുന്ന് കൊണ്ട് ചോദിച്ചു.
” ഞാനും കൃഷ്ണ ചേച്ചീടെ കല്യാണത്തിനുള്ള ഡ്രസ്സ് എടുക്കാൻ പോവാന്നാ പറഞ്ഞെ” ഞാൻ കുലുങ്ങി ചിരിച്ചു കൊണ്ട് പറഞ്ഞു.
അത് കേട്ട് അത്ഭുതപ്പെട്ട അനു എന്നോട്: “എന്നാലും ഇങ്ങനെ ഒരുമിച്ച് ഒരേ കള്ളം തന്നെ നമ്മുക്കെങ്ങനെയാ പറയാൻ പറ്റുന്നേ അല്ലേ ആദി?”
എന്നോട് ചേർന്നിരിക്കുന്ന അനൂന്റെ വലത്തെ തോളിൽ ഞാൻ ചെറിയൊരു നുള്ള് കൊടുത്തിട്ട് പറഞ്ഞു: ” സെയിം പിഞ്ച്…. ഇതിനായിരിക്കൂലേ അനു ഈ മനപ്പൊരുത്തമെന്നോക്കെ പറയണേ”
ഞാൻ പറഞ്ഞത് കേട്ട് ചിരി വന്ന അനു എന്റെ തോളിലും ഞാനവൾക്ക് നുള്ള് കൊടുത്ത പോലെ ചെറിയൊരു നുള്ള് തന്നിട്ട് ” സെയിം പിഞ്ച്” എന്ന് പറഞ്ഞു.
അപ്പോ നമ്മള് രണ്ടാളും നുണ പറയുന്ന കാര്യത്തിൽ കട്ടയ്ക്ക് പിടിച്ചു നിൽക്കുമല്ലേ ആദി?”
” ഉം.. അതേ അതേ ” ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു. അങ്ങനെ ഓരോന്നൊക്കെ സംസാരിച്ച് ഞങ്ങൾ എറണാകുളം ചിൽഡ്രൻസ്സ് പാർക്കിന്റ മുന്നിലെത്തി. അവിടെ പാർക്കിംഗിൽ ബൈക്ക് വച്ചിട്ട് ഞാനും അനുവും ഒരുമിച്ച് പാർക്കിന്റെ അകത്ത് കയറി. രാവിലെയായതിനാൽ പാർക്കിൽ കാര്യമായ തിരക്കൊന്നുമുണ്ടായിരുന്നില്ല.
ശനിയാഴ്ച ദിവസമായതിനാൽ ക്ലാസ്സിലാത്തത് കൊണ്ട് കറങ്ങി നടക്കുന്ന +2, ഡിഗ്രി പ്രായത്തിലുള്ള ആൺകുട്ടികൾ അങ്ങിങ്ങായി നടക്കുന്നുണ്ടായിരുന്നു.
“നമ്മളിത്ര രാവിലെ വന്നത് കൊണ്ടായിരിക്കും ഇവിടെ തിരക്കില്ലാത്തെ അല്ലേ ആദി?”
അനു നടത്തത്തിനിടയിൽ ചോദിച്ചു.
” രാവിലെ ആയത് കൊണ്ടാ തിരക്കില്ലാത്തെ. വൈകുന്നേരം നാല് മണി കഴിഞ്ഞാ ഇവിടെ കാല് കുത്താൻ സ്ഥലമുണ്ടാവൂല അതിനു മാത്രം പിള്ളേരിവിടെ കാണും.”
നടത്തത്തിനിടയിൽ ഒഴിഞ്ഞ കിടന്നിരുന്ന ഇരുമ്പിന്റെ ബെഞ്ചിൽ ഞങ്ങൾ രണ്ടാളും പോയി ഇരുന്നു. വെയിൽ ഉണ്ടെങ്കിലും സമയം പത്തരയൊക്കെ ആയി കാണുള്ളൂ അതിനാൽ വെയിലിന് കാര്യമായ ചൂട് ഉണ്ടായിരുന്നില്ല. പാർക്കിൽ പല ആകൃതിയിലായി വെട്ടി നിർത്തിയിരിക്കുന്ന ബുഷ് പ്ലാന്റുകളുടെയും പുൽതകിടിയുടെയും ഭംഗി നോക്കി ഞാൻ കുറച്ച് സമയം ഉള്ളിലുള്ള ടെൻഷനുകൾ അൽപ്പ സമയം മതി മറന്നങ്ങനെ ഇരിക്കുമ്പോൾ ‘ആദീ’ ന്നുള്ള അനൂന്റെ വിളിയാണ് എനിക്ക് പരിസര ബോധം ഉണ്ടാക്കിയത്.
“ഉം.. എന്താണാവോ രാവിലെ തൊട്ട് വല്യ ആലോചനയിലാണല്ലോ ആദി കുട്ടൻ” അനു ചിരിച്ച് കൊണ്ടാണിത് പറഞ്ഞത്.
” ഒന്നൂല്ല അനു എനിക്ക് ഒരു പെൺ കൊച്ചിനെ വല്യ ഇഷ്ടമാ പക്ഷേ ആ കാര്യം എനിക്കവളോട് തുറന്ന് പറയാനുള്ള ധൈര്യം കിട്ടുന്നില്ലാന്നെ”
ഞാൻ അനുവിന്റെ മുഖത്തേയ്ക്ക് പ്രണയാർദ്രമായി ഉറ്റ് നോക്കി കൊണ്ട് പറഞ്ഞു.
ഞാൻ പറഞ്ഞത് കേട്ട് അനു എന്റെ ഇടത്തെ കൈയ്യിൽ ചുറ്റി പിടിച്ചു കൊണ്ട്: പറയ് ആദി … ആരാ ആ ഭാഗ്യവതിയെന്ന് പറയെന്നെ” അനു ചിരിച്ചു കൊണ്ട് മുഖത്ത് വേറെ ഭാവ വ്യത്യാസങ്ങളൊന്നുമില്ലാതെയാണിത് പറഞ്ഞത്.
അനൂന്റെ ഭാവമാറ്റമേതുമില്ലാതെയുള്ള ഈ ചോദ്യം എന്നെ ശരിക്കും നിരാശനാക്കി. എനിക്കവളോട് തോന്നിയ പ്രണയം അവൾക്ക് എന്നോട് തിരിച്ചില്ലെന്നുള്ള തിരിച്ചറിവ് അക്ഷരാർത്ഥത്തിൽ എന്നെ തളർത്തി കളഞ്ഞു.
” അതല്ലാ അനു അവൾ എന്നെക്കാൾ വയസ്സിനു മുത്തതാ അതാണെനിക്ക് തുറന്ന് പറയാനല്പം പേടി”