” ഞാൻ വാശി പിടിച്ചതൊന്നുമല്ല. ഇത് മുമ്പേ തീരുമാനിച്ചതാണ്. അതിന്റെ ഇടയിലല്ലേ നിശ്ചയം വന്നത്. അതും നിശ്ചയത്തിന് മുമ്പ് ഞങ്ങൾ ഇങ്ങ് എത്തുകയും ചെയ്യും. എന്നിട്ടും വിടാൻ വയ്യെങ്കിൽ പോകുന്നില്ല. അല്ലെങ്കിലും ഞങ്ങളുടെ ആഗ്രഹങ്ങൾക്കൊന്നും ഒരു വിലയുമില്ലല്ലോ? ” ഐഷു അൽപ്പം ദേഷ്യവും സങ്കടവും ചേർത്താണ് അത് പറഞ്ഞത്. പറഞ്ഞു കഴിഞ്ഞ് കുടിച്ചോണ്ടിരുന്ന ചായയും ടേബിളിൽ വെച്ച് ഇറങ്ങി സ്കൂട്ടിയും കൊണ്ട് പോയി.
അവളുടെ പ്രവർത്തിയെല്ലാം കണ്ട് എന്റെ ഉള്ള കിളി മൊത്തം പോയി. എന്തിനാണ് ഇവളിങ്ങനെ ഓവർ ആക്ട് ചെയ്യുന്നത്. ഞാൻ മമ്മിയെ നോക്കിയപ്പോൾ നല്ല കലിപ്പിൽ ഒരു നോട്ടം അവിടെന്നും കിട്ടി. പപ്പ മാത്രം ഇതെല്ലാം കേട്ടിട്ടും ഇതൊന്നും എന്നെ ബാധിക്കുന്ന പ്രശ്‌നമല്ല എന്ന രീതിയിൽ ചായ കുടിച്ച് കൊണ്ടിരിക്കുകയാണ്. എന്റെ അതെ ഷോക്കിൽ തന്നെയാണ് സാറയും.
“പെണ്ണിന് ഇപ്പോൾ അഹങ്കാരം കൂടി വരുകയാണല്ലോ നീയാണ് അവളെ ഇങ്ങനെ വഷളാക്കുന്നത്.” മമ്മിയുടെ ശകാരം എനിക്ക് തന്നെ കിട്ടി.
“അത് മമ്മി…” ഞാൻ വാക്കുകൾക്ക് വേണ്ടി തപ്പി.
“നീ ഇനി അവളെ ഞായീകരിക്കാൻ വേണ്ടിയൊന്നും പറയണ്ട. എന്റെ വാക്ക് കേട്ടില്ലെങ്കിലും വേണ്ട. പപ്പയുടെ വാക്കെങ്കിലും കേൾക്കാമല്ലോ?” മമ്മി കത്തിക്കേറി.
“മമ്മി ഓവറാക്കണ്ട… അതിനും മാത്രമൊന്നും ഇവിടെ ഉണ്ടായില്ലല്ലോ.” ഇനിയും മിണ്ടാതിരുന്നാൽ ഇതൊരു കുടുംബ കലഹം ഉണ്ടാകാൻ സാധ്യതയുള്ളത് കൊണ്ട് ഞാൻ പറഞ്ഞു.
” ഒന്നും നടന്നില്ല അല്ലേ? അച്ചായാ ഇവൻ പറയുന്നത് കേട്ടോ ഒന്നും നടന്നില്ലെന്ന്. ”
” മതി റോസി ഇനി അതിനെ ഊതി പെരുപ്പിച്ചു വലിയ ഇഷ്യൂ ആക്കണ്ട. ” ഭാഗ്യത്തിന് പപ്പയും എന്റെ ഭാഗം തന്നെ പിടിച്ചു.
” എല്ലാം എന്റെ തെറ്റാണ് പപ്പ. പാവത്തിനെ രണ്ട് മൂന്നു കൊല്ലം കൊണ്ട് ഈ ട്രിപ്പും പറഞ്ഞ് ഞാൻ പറ്റിക്കാൻ തുടങ്ങിയിട്ട്. ഓരോ തവണ പ്ലാൻ ചെയ്യുമ്പോഴും എന്തെങ്കിലും കാരണം വന്ന് അത് മുടക്കും. ഇപ്പോൾ കുറച്ച് സമയമെടുത്ത് അവൾ പ്ലാൻ ചെയ്ത് ഉണ്ടാക്കിയ ട്രിപ്പാണ്, ഒരുപാട് ആഗ്രഹിച്ചതാണ് ആ പാവം.” എനിക്ക് ഐഷുവിനെ അങ്ങനെ വിട്ടു കൊടുക്കാൻ തോന്നിയില്ല.
” സാമേ നീ പറഞ്ഞതൊക്കെ ശരിയാണ് പക്ഷെ ഈ സമയത്ത് നീ പോകുന്നത്. ” പപ്പ പറഞ്ഞു തുടങ്ങിയതും മമ്മി ഇടക്ക് കേറി.
“ഈ സമയത്ത് പോകുന്നത് കൊണ്ട് ഒരു കുഴപ്പവുമില്ല. നീ ഇല്ലെങ്കിലും നിശ്ചയത്തിന്റെ ഒരുക്കങ്ങളൊക്കെ ഭംഗിയായി നടന്നോളും. പിന്നെ നിശ്ചയത്തിന് നിങ്ങൾ ഇങ്ങ് എത്തുമല്ലോ?” മമ്മി നേരെ മറു കണ്ടം ചാടി. ഇത് കണ്ട് പപ്പയും ഞാനും സാറയും ഒരേപോലെ ഞെട്ടി.
” എന്താ അച്ചായാ അച്ചായന് എന്തെങ്കിലും എതിർപ്പുണ്ടോ?” അത്ഭുദത്തോടെ മമ്മിയെ നോക്കിയിരുന്ന പപ്പയോടു മമ്മി ചോദിച്ചു.