പ്രേമ മന്ദാരം സീസൺ 2 Part 1[കാലം സാക്ഷി]

Posted by

നിങ്ങൾ തമ്മിൽ എല്ലാം പരസ്പരം അറിയാവുന്നതല്ലേ വൈകാതെ നിന്നെ എന്റെ മരുമകളായി ഈ വീട്ടിലേക്ക് കൊണ്ട് വരാനാണ് എന്റെ ആഗ്രഹം.” അടുത്തിരുന്ന ഐഷുവിന്റെ തലയിൽ വാത്സല്യത്തോടെ തലോടിയാണ് പപ്പ ഇതെല്ലാം പറഞ്ഞത്. പെണ്ണ് ആ സ്നേഹത്തിന്റെ മുന്നിൽ അങ്ങ് പൂത്തുലഞ്ഞു ഇരിക്കുന്നുണ്ട്. പിതാജിയാണ് പോലും പിതാജി എന്റെ തലയിൽ ഒക്കെ ഇത് പോലെ തലോടിയ കാലം എന്റെ ഓർമയിൽ പോലുമില്ല.

“എനിക്കും പെട്ടെന്ന് നടത്താൻ തന്നെയാണ് പപ്പ താല്പര്യം. സാമിനാണ് സ്വന്തം കാലിൽ നിൽക്കണം എന്നൊക്കെ പറഞ്ഞ് നിൽക്കുന്നത്.” പെണ്ണ് ഗോൾ എന്റെ പോസ്റ്റിൽ തന്നെയടിച്ചു.

” ആണോ സാമേ? ” പപ്പ വിശ്വാസം വരാത്തത് പോലെ ചോദിച്ചു. ഈ സാധനത്തിനെ ഇപ്പോൾ കെട്ടിച്ച് തന്നാൽ കെട്ടും എന്ന് പറഞ്ഞു നിക്കുന്ന എന്നെ നന്നായി പപ്പക്ക് അറിയാം.

“അത് പിന്നെ സാറയുടെ കല്യാണം കഴിഞ്ഞിട്ട് മതി എന്ന് വച്ചിട്ടാണ് പപ്പ, അപ്പോഴേക്കും ഞാനും എവിടെയെങ്കിലും ഒന്ന് സെറ്റിലാകും” നമ്മളും വിട്ട് കൊടുക്കാൻ പാടില്ലല്ലോ?

“ആഹ് നിങ്ങളുടെ ഇഷ്ടം. പിന്നെ മോള് ഇനിയെന്താ പരുപാടി അച്ഛന്റെ ഒപ്പം ബിസിനസ്സിൽ കൂടുവാണോ? അതോ പുറത്ത് ജോലി നോക്കുവാണോ?”

” അച്ഛനെ സഹായിക്കണം എന്നാണ് പപ്പ വിചാരിക്കുന്നത്. പിന്നെ അച്ഛന്റെ ബസ്സിനസ്സിനും ഇപ്പോൾ നല്ല കാലമല്ല. ”

” ആഹ് വിജയൻ പറയാറുണ്ട്, അല്ലെങ്കിലും കൺസ്ട്രക്ഷൻ ഫീൽഡ് മൊത്തം ഇപ്പോൾ ഡൌൺ ആണ്. പുതിയ എന്തെങ്കിലുമൊക്കെ കൊണ്ട് വന്നാലേ പിടിച്ചു നിൽക്കാൻ പറ്റു. ഇനി മോളു വേണം എല്ലാം ശരിയാക്കാൻ. ”

” മ്മം… എല്ലാം ശരിയാക്കണം പപ്പ. ”

” മ്മ… എന്തെങ്കിലും ആവിശ്യമുണ്ടെങ്കിൽ പപ്പയോടു പറയാൻ മടിക്കേണ്ട കേട്ടോ ”

” അതെ പപ്പ സാമും ഞാനും കൂടി നാളെ ഒരു ട്രിപ്പ്‌ പോകാൻ ഇരുന്നതാണ്. ”

“ആഹ് സാം പറഞ്ഞിരുന്നു. ഇനിയിപ്പോൾ അടുത്ത ആഴ്ച്ച സാറയുടെ നിശ്ചയം കഴിഞ്ഞ് പോകാമല്ലോ?”

” നാളെ പോയാൽ നിശ്ചയത്തിന് മുമ്പ് ഇങ്ങ് എത്താം പപ്പ. ”

“നിശ്ചയത്തിന് മുമ്പ് ഇവിടെ ഒരുക്കങ്ങളൊക്കെ ഉണ്ടല്ലോ? അതിന് നിങ്ങൾ ഇല്ലാതെങ്ങനാ” മമ്മിയാണ് അത് ചോദിച്ചത്.

” നിശ്ചയമല്ലേ മമ്മി… അതിന്റെ ഒരുക്കങ്ങൾ ഓക്കേ ചെയ്യാൻ നിങ്ങളൊക്കെ ഇവിടെയില്ലേ. ”

“എന്നാലും മോളെ സാറയുടെ ഓരോ ഒരു ആങ്ങളയല്ലേ സാം അവൻ ഇല്ലാതെങ്ങനെയാണ്.”

“അതിന് നിശ്ചയത്തിന് മുമ്പ് ഞങ്ങൾ ഇങ്ങ് എത്തും മമ്മി”

” എന്തിനാ മോളെ ഇങ്ങനെ വാശി പിടിക്കുന്നത്. നിശ്ചയം കഴിഞ്ഞ് പോകാമല്ലോ? “

Leave a Reply

Your email address will not be published. Required fields are marked *