“അതിന് നീ എന്ത് പറഞ്ഞു.” ഞാൻ ഐഷുവിനെ ഒന്ന് നോക്കിയിട്ട് സാറയോട് ചോദിച്ചു.
“ഞാൻ എന്ത് പറയാൻ. ഇവിടെ ഒരാൾ റെഡിയായിട്ട് നിൽക്കുവാ…! വീട്ടുകാരോട് പറയാൻ പറഞ്ഞു.” സാറ എനിക്കിട്ട് ഒന്ന് വെച്ചു.
“എന്റെ മോളെ നിനക്ക് ഇങ്ങനെ ഒരു ആഗ്രഹമുണ്ടായിരുന്നെങ്കിൽ പറയണ്ടേ? നമുക്ക് ഇവൾക്ക് മുമ്പ് കെട്ടാന്നെ” ഞാൻ ഐഷുവിന്റെ പുറകിൽ നിന്ന് അവളുടെ കൈ പതിയെ പിടിച്ച് കൊണ്ട് പറഞ്ഞു.
“പിന്നെ ഇങ്ങ് വന്നാൽ മതി… നീ നിന്റെ ഈ സ്വഭാവം മാറ്റിയിട്ട് വാ. എന്നിട്ട് നോക്കാം കെട്ടണോ വേണ്ടയോയെന്ന്” അവൾ എന്റെ കൈ തട്ടി മാറ്റികൊണ്ട് പറഞ്ഞു.
“എന്റെ സ്വഭാവത്തിന് എന്താ കുഴപ്പം നല്ല തങ്കപ്പെട്ട സ്വഭാവമല്ലേ? അല്ലേ സാറ മോളെ” ഞാൻ എന്നെത്തന്നെ ഒന്ന് പൊക്കി, കൂട്ടിന് സാറയെയും കൂട്ടി.
“അത് ശരിയാ ചേട്ടായിയെപ്പോലെ ഒരാളെ കിട്ടിയത് ചേച്ചിയുടെ ഭാഗ്യമാ…” സാറയും എന്റെ ഭാഗം പിടിച്ചപ്പോൾ ഐഷു കലിപ്പിലായി.
“പിന്നെ നല്ല ബസ്റ്റ് സ്വഭാവം വാക്കിനു വിലയില്ലാത്തവൻ”
“എഡി എന്നെ വീണ്ടും ദേഷ്യം പിടിപ്പിക്കല്ലേ” സാറയുടെ മുന്നിൽ വച്ച് അവൾ അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് പെട്ടെന്ന് ദേഷ്യം വന്നു.
“എന്താ ചേച്ചി നിങ്ങൾ വീണ്ടും പിണങ്ങിയോ? ഈ രണ്ടെണ്ണത്തിന് ഇതേ ഉള്ളല്ലോ കർത്താവേ പണി. എന്താ പുതിയ പ്രശ്നം?”
“എന്താ ഐഷു ഞാൻ പറയട്ടെ എന്താ പ്രശ്‌നമെന്ന്.” ഞാൻ അത് പറഞ്ഞപ്പോൾ അവൾ എന്നെ ചെറഞ്ഞ് ഒന്ന് നോക്കി. അത് കണ്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത്.
“പറ ചേട്ടായി എന്താ പ്രശ്നം.” ഇനിയും നീട്ടികൊണ്ട് പോയാൽ ഇതിവിടെ നിൽക്കില്ല എന്ന് അറിയാവുന്നത് കൊണ്ട് ഞാൻ തീർക്കാൻ തീരുമാനിച്ചു.
“പ്രശ്നമോ അത് ചേട്ടായി പറഞ്ഞ് തരാം. ഇപ്പോൾ മോളു പോയി ചേട്ടന് ഒരു ചായയിട്ട് താ…” ഞാൻ സാറയെ പതിയെ പിടിച്ചു റൂമിന്റെ പുറത്ത് ആക്കി കൊണ്ട് പറഞ്ഞു.
“ഇത് കൊള്ളാല്ലോ രണ്ടെണ്ണം കൂടി എന്റെ റൂമിൽ കേറി വന്ന് എന്നെ പുറത്താക്കുന്നോ?” സാറക്ക് കാര്യം മനസ്സിലായപ്പോൾ ചോദിച്ചു.
“കൂടുതലൊന്നും പറയണ്ട മക്കള് ചെല്ല്…” ഞാൻ അവളെ വീണ്ടും തള്ളി വിട്ട് റൂമിന്റെ ഡോർ കുറ്റിയിട്ടു.
എന്റെ പ്രവർത്തിയെല്ലാം കണ്ടെങ്കിലും ഇതൊന്നും എന്നെ ബാധിക്കുന്ന വിഷയമേയല്ല എന്ന് പറഞ്ഞു കട്ടിലിൽ കേറി ഇരിക്കുകയാണ് ഐഷു. ഞാനും പതിയെ അവളുടെ അടുത്ത് പോയിരുന്നു.
ഞാൻ അടുത്തിരുന്നപ്പോൾ ഐഷു നീങ്ങിയിരുന്നു. പിന്നെ ഞാനും അവളും കുറച്ചു നേരം ഒന്നും മിണ്ടാതെ കുറച്ച് നേരമിരുന്നു.
“ഡീ…” കുറച്ചു കഴിഞ്ഞാപ്പോൾ ഞാൻ തന്നെ നിശബ്ദത മുറിച്ചു.