“എനിക്ക് എന്ത് എതിർപ്പ്. നീ ഒക്കെയാണെങ്കിൽ ഞാനും ഒക്കെയാണ്” പപ്പയും സമ്മതിച്ചു.
” ആഹ് കേട്ടല്ലോ സാമേ. അപ്പോൾ നിങ്ങൾ സന്തോഷമായിട്ട് പോയിട്ട് വാ ”
” മമ്മി സത്യമാണോ ഈ പറയുന്നത് ഞങ്ങൾ പോട്ടെ”
” സത്യമാഡാ ഈ പ്രായത്തിൽ പോയില്ലെങ്കിൽ പിന്നെ എപ്പോൾ പോകാനാണ്”
“എന്റെ മമ്മി നിങ്ങളാണ് ശരിക്കും മമ്മി.” ഞാൻ മമ്മിയുടെ അടുത്തേക്ക് ഓടിയെത്തി കെട്ടി പിടിച്ച് കൊണ്ടാണ് അത് പറഞ്ഞത്.
“ഒരുപാട് സുഖിപ്പിക്കണ്ട, നിങ്ങൾ പോകുന്നതിന് മുമ്പ് ഐഷുവിനെ എന്നെ വന്ന് ഒന്ന് കാണാൻ പറയണം. പെണ്ണിന് ഞാൻ വച്ചിട്ടുണ്ട്”
“അതൊക്ക ഞാൻ കൊണ്ട് വരാം.”
“അപ്പോൾ നാളെ പോകാമല്ലേ പപ്പ.” ഞാൻ ഒന്ന് കൂടി ഉറപ്പിക്കാൻ വേണ്ടി ചോദിച്ചു.
“മമ്മി പറഞ്ഞില്ലേ…! നീ പൊയ്ക്കോഡാ വെരുതേ അതിനെ വിഷമിപ്പിക്കണ്ട.” പപ്പ ആ പറഞ്ഞ അത് മൂപ്പരുടെ പെണ്ണാണോ? എന്റെ പെണ്ണാണോ എന്ന് മാത്രം എനിക്ക് മനസ്സിലായില്ല.
“ഡി… ഞാൻ പോകുന്നതിൽ നിനക്കെന്തെങ്കിലും എതിർപ്പുണ്ടോ?” ഇതെല്ലാം കേട്ട് മുഖം വീർപ്പിച്ച് വെച്ചിരിക്കുന്ന സാറയോട് ഞാൻ ചോദിച്ചു.
“അവൾക്ക് എന്ത് എതിർപ്പ് അല്ലേ മോളെ” മമ്മിയാണ് അതിന് മറുപടി പറഞ്ഞത്.
“ആണോടി…” ഞാൻ വീണ്ടും അവളോട് ചോദിച്ചു.
“എല്ലാരും കൂടി തീരുമാനിച്ചായില്ലേ, ഇനി ഞാൻ എതിർത്തിട്ടെന്താ?” ആഹ് നന്നായി അടുത്ത കലിപ്പ്. അവളുടെ മറുപടി കേട്ട് മമ്മി സാരമില്ല എന്ന് കണ്ണടച്ച് കാണിച്ചു. ഇനി ഇവളുടെ വാശി കണ്ടോണ്ട് നിന്നാൽ ഐഷു പിണങ്ങും അത് കൊണ്ട് തല്ക്കാലം പോയിട്ട് വന്നിട്ട് ഇവളുടെ കാര്യം നോക്കാം എന്ന് ഞാനും തീരുമാനിച്ചു.
ചായ കുടിച്ച് കുറച്ച് നേരം കഴിഞ്ഞ് ഞാൻ ഐഷുവിന്റെ വീട്ടിലേക്ക് പോയി. അവൾ പിണങ്ങി പോയ സ്ഥിതിക്ക് ഞാൻ പോയില്ലെങ്കിൽ പണിയാകും…!
അവിടെ ചെല്ലുമ്പോൾ അമ്മയും അവളും മാത്രമേ ഉണ്ടായിരുന്നുള്ളു. വന്നതിന് ശേഷം മാഡം നേരെ റൂമിൽ പോയി കതകടച്ചെന്നും ചോദിച്ചിട്ട് ഒന്നും പറഞ്ഞില്ലെന്നും അമ്മ പറഞ്ഞു.
“ഐഷു… ഐഷു… കതക് തുറക്ക്.” ഞാൻ അവളുടെ റൂമിന്റെ വാതിലിന് മുന്നിൽ നിന്നും വിളിച്ചു. പക്ഷെ നോ രക്ഷ അവളിൽ നിന്നും മറുപടിയൂന്നുമില്ല. ഡോറും തുറക്കുന്നില്ല
“ദേ ഐഷു കളിക്കല്ലേ… നീ തുറക്കുന്നോ അതോ ഞാൻ ചവിട്ടി തുറക്കണോ?” അല്പം ദേഷ്യത്തിൽ തന്നെ ഞാൻ പറഞ്ഞു. അവളിൽ നിന്നും അതിനും മറുപടിയൊന്നും ഉണ്ടായില്ല. പക്ഷെ കുറച്ച് സമയം കഴിഞ്ഞ് വാതിലിന്റെ ലോക്ക് എടുക്കുന്ന സൗണ്ട് കേട്ടു, പക്ഷെ വാതിൽ തുറന്നില്ല.