മഹിയുടെ ചോദ്യം കേട്ടതും അവൾ ഒന്ന് നെടുവീർപ്പെട്ടു.
“സിന്ധൂരി………നാട് പാലക്കാടാ”
“ആണോ പരിചയപ്പെട്ടതിൽ സന്തോഷം ”
മഹി ഒരു കുശലം പോലെ പറഞ്ഞു.
“പരിചയപ്പെടാനാണോ ഇത്രയും പൈസ മുടക്കി ഇങ്ങോട്ട് പോന്നത്?”
താടിക്ക് കൈ കൊടുത്തുകൊണ്ട് അവൾ ചോദിച്ചു.
ഈയൊരു ചോദ്യത്തിൽ ശകലം പുച്ഛം അടങ്ങിയിട്ടില്ലേ എന്നവന് തോന്നാതിരുന്നില്ല.
എങ്കിലും ഈയൊരു കുഞ്ഞു സമയം കൊണ്ട് തന്നെ സിന്ധൂരിയുമായി വല്ലാത്ത അടുപ്പം മഹിയ്ക്ക് തോന്നി.
“സിന്ധൂരി ഞാനിവിടെ വന്നത് ഒരു പെൺകുട്ടിയെ രക്ഷപ്പെടുത്താൻ വേണ്ടിയാണ്…….ഞങ്ങളുടെ ഗ്രാമത്തിൽ നിന്നും അവളെ തട്ടിക്കൊണ്ടു വന്നിരിക്കുകയാണ്…….ഇവിടെ അവളെ കണ്ടെത്താൻ സിന്ധൂരി എന്നെ സഹായിക്കണം”
മഹിയുടെ അപേക്ഷ കേട്ടതും ആദ്യം അവളൊന്നു ഞെട്ടി.
അതിനു ശേഷം അവൾ അതിനെ എതിർത്തു.
“ഇല്ല മഹാദേവ്……ഇതൊരു ചുഴിയാണ്….. ഇവിടെ പെട്ടു പോയവർക്ക് ഇനിയൊരു തിരിച്ചു പോക്കുണ്ടാവില്ല…….നീ എന്നെ തന്നെ കണ്ടില്ലേ?”
സിന്ധൂരി പതർച്ചയോടെ പറഞ്ഞു.
അതു പറയുമ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
മഹാദേവ് അവൾക്ക് എന്താണ് സംഭവിച്ചതെന്നറിയാനുള്ള വ്യഗ്രതയിൽ സിന്ധൂരിയെ ഉറ്റു നോക്കി.
അവൾ തന്റെ കഥ പറഞ്ഞു തുടങ്ങി.
“പാലക്കാട് ആയിരുന്നു എന്റെ വീട്……….അച്ഛനും അമ്മയും ഞാനും അടങ്ങുന്ന ഒരു സാധാരണ കുടുംബം ആയിരുന്നു എന്റേത്………ഒറ്റ മകളായിരുന്നു ഞാൻ…….പ്ലസ്ടു വരെ പഠിച്ചത് അവിടെ തന്നെയായിരുന്നു…..എത്ര സന്തോഷത്തോടെ ആയിരുന്നെന്നോ ഞങ്ങൾ ജീവിച്ചിരുന്നത്…….ആ സമയത്തായിരുന്നു ആത്മാർത്ഥ സുഹൃത്തിനൊപ്പം അച്ഛൻ ഒരു ബിസിനസ് ഒക്കെ തുടങ്ങിയത്…….പക്ഷെ കഷ്ടകാലത്തിന് അത് തകർന്നു പോയി…… ലക്ഷങ്ങളുടെ കടമായി……..വീടിനു മുന്നിൽ വന്ന് ഒരുപാട് പേര് ബഹളം വച്ചു……..അങ്ങനെ നിൽക്കകള്ളിയില്ലാതെ ഒരു മുഴം കയറിൽ അച്ഛൻ ജീവിതം അവസാനിപ്പിച്ചു…..പിന്നെ ഗത്യന്തരമില്ലാതെ ഒരു ഏജൻസി വഴി ഗൾഫിലേക്ക് വന്നതാ….. അതും അമ്മയുടെ തോരാ കണ്ണുനീരിന്റെ ഫലമായി…….അതും എന്റെ പതിനെട്ടാം വയസ്സിൽ……പക്ഷെ വന്ന ഗൾഫ് ഇതാണെന്നു മാത്രം…..അച്ഛനെ പോലെ മകളും കബളിക്കപ്പെട്ടു”
നിറഞ്ഞൊഴുകിയ കണ്ണുകൾ അവൾ അമർത്തി തുടച്ചു.
അത്രയ്ക്കും ദുരിതം അനുഭവിച്ച ഒരു മനസാണിതെന്ന് മഹിയ്ക്ക് അവളുടെ തുറന്നു പറച്ചിലിലൂടെ ആ കണ്ണുകളിലൂടെ മനസിലായി.