അവിടെ കണ്ട ചായക്കടയായിരുന്നു അവന്റെ ലക്ഷ്യം.
അവിടെ ധാരാളം പേർ ബെഞ്ചുകളിലും മറ്റും ഇരുന്ന് ചായ കുടിക്കുന്നു.
മറ്റു ചിലർ ഗുഡ്‌ക വായിലിട്ട് ചവച്ചുകൊണ്ട് അവിടമാകെ തുപ്പി വൃത്തികേടാക്കിക്കൊണ്ടിരുന്നു.
ഓരോരുത്തരിലൂടെയും അവന്റെ കണ്ണുകൾ പാഞ്ഞു.
“ഹ്മ്മ് എന്ത് വേണം?”
കടക്കാരൻ നീട്ടിയൊന്ന് മൂളി.
“ചാന്ദ്നി ദീദിയുടെ മാളിക”
മഹിയൊന്ന് പറഞ്ഞു നിർത്തി.
അയാൾ ഒരു വികട ചിരിയോടെ അവനെ നോക്കി.
അതിനു ശേഷം മറ്റൊരാളെ നോക്കി കൈകൊട്ടി.
“എയ് പങ്കജ് ഭായി ഒരു കസ്റ്റമർ വന്നിട്ടുണ്ട്”
ചായക്കടക്കാരൻ പറഞ്ഞത് കേട്ട് ഒരു മധ്യവയസ്ക്കൻ അവിടെ നിന്നും തലയുയർത്തി നോക്കി.
മഹിയെ കണ്ടതും അയാളുടെ കണ്ണുകൾ തിളങ്ങി.
ഇത്രയും വെട്ടി തിളങ്ങുന്ന സൗന്ദര്യമുള്ള പുരുഷ രൂപത്തെ അയാൾ ജീവിതത്തിലാദ്യമായി കാണുകയായിരുന്നു.
ഇത്രയും സൗന്ദര്യമുള്ള ആളുടെ കയ്യിൽ അതു പോലെ പൂത്ത പണവും ഉണ്ടാകുമെന്ന് അയാൾക്ക് തോന്നി.
“ഹാ പറയു ആരെ കാണണം?”
“ചാന്ദ്നി ദീദിയുടെ അങ്ങോട്ട്”
“എന്റെ കൂടെ വാ”
ചായ പൈസ കൊടുത്തിട്ട് അയാൾ മുന്നോട്ടേക്ക് നടന്നു.
മഹിയും അയാളെ അനുഗമിച്ചു.
അൽപ ദൂരം മുന്നോട്ട് നടന്നു കഴിഞ്ഞതും ഇരുവശത്തെ പൊട്ടി പൊളിഞ്ഞു വീഴാനായ കെട്ടിടങ്ങൾക്കിടയിലുള്ള ഞെരുങ്ങിയ വഴിയിലേക്ക് അവർ തിരിഞ്ഞു.
അതിലൂടെ അവൻ കഷ്ടപ്പെട്ടു നടന്നു.
അവിടെയും ഓരോ കുഞ്ഞു മുറികളിലായി ആൾ താമസം ഉണ്ട്.
ചുടുകട്ട പാകിയ വഴിയിലൂടെ മഹി മുന്നോട്ട് നടന്നു.
ചില സ്ത്രീകൾ ആ വഴിയോരങ്ങളിൽ തന്നെ തുണികൾ നനച്ചിടുന്നു.
മറ്റു ചിലർ അവിടെ നിന്നും കുളിക്കുന്നു.
മലിന ജലം ഓടയിലൂടെ ഒഴുകാതെ റോഡിൽ തോട് പോലെ തളം കെട്ടി കിടക്കുന്നു.