അപ്പൊ താൻ ഇത്രയും നേരം കണ്ടതും അറിഞ്ഞതുമൊക്കെ എന്താണ്?
താൻ ആകാശത്തിലൂടെ പറന്നതും ചിറക് മുളച്ചതുമൊക്കെ ഇപ്പോഴും കണ്മുന്നിൽ കണ്ടത് പോലെയുണ്ട്.
അതോ ഇനി പകൽ സ്വപ്നം കണ്ടതാണോ?
തനിക്കെന്താണ് സംഭവിച്ചത്?
സിന്ധൂരി ഉള്ളം കയ്യിൽ പതിയെ ഒന്നു പിച്ചിനോക്കി.
എന്നിട്ട് മുഖമൊക്കെ ഒന്നമർത്തി തുടച്ചു.
“എന്തുപറ്റി സിന്ധൂരി?”
മഹിയുടെ ചോദ്യം അവളെ തേടിയെത്തി.
“ഒന്നുമില്ല മഹി പെട്ടെന്നൊരു വയ്യായ്ക പോലെ”
“താൻ ok ആണോ?”
“ഹ്മ്മ് അതേ ”
അതു പറയുമ്പോഴും കണ്ണുകളിൽ ചെറിയൊരു മങ്ങൽ അവൾ അനുഭവിക്കുന്നുണ്ടായിരുന്നു.
അല്പം കഴിഞ്ഞതും അത് പൂർവസ്ഥിതി പ്രാപിച്ചു.
ഇപ്പൊ നല്ല രീതിയിൽ തനിക്ക് കാഴ്ച്ച കാണാം.
“സിന്ധൂരി എന്നെ ഹെല്പ് ചെയ്യില്ലേ?”
മഹി വീണ്ടും അവളുടെ പൂപോലെ മൃദുലമായ ഉള്ളം കൈ ഗ്രഹിച്ചു.
അവന്റെ അപേക്ഷ തിരസ്കരിക്കാൻ അവൾ ആശക്തയായിരുന്നു.
ആ സ്വപ്നത്തിന് ശേഷം താൻ മഹിയുമായി ഒരുപാട് മുൻപരിചയമുള്ള പോലെ അനുഭവപ്പെടുന്നു.
അവൻ തന്റെ ആരോ ആണെന്ന ചിന്ത ബോധ മണ്ഡലത്തെ കീഴ്പ്പെടുത്തുന്നു.
അവനെ അനുസരിക്കാൻ മറ്റാരോ ഉള്ളിൽ നിന്നും പറയുന്നു.
“മഹി എനിക്ക് നിന്നെ സഹായിക്കണമെന്നുണ്ട് പക്ഷെ നിനക്കെന്തേലും സംഭവിച്ചാൽ എനിക്കത് സഹിക്കാനാവില്ല”
തന്റെ ടെൻഷൻ മറച്ചു പിടിക്കാൻ സിന്ധൂരി മറന്നില്ല.
“എന്റെ കാര്യമോർത്തു പേടിക്കണ്ട സിന്ധൂരി…….. നിനക്ക് പറ്റിയത് പോലെ ആ പെൺകുട്ടിക്ക് പറ്റരുത്……..എനിക്കവളെ രക്ഷിക്കണം…..അപ്പൊ ഇവിടെ അവൾ എവിടെയുണ്ടാകുമെന്നും എന്തു സംഭവിക്കുമെന്നും എന്നെക്കാളും നന്നായി നിനക്ക് തന്നെയാ അറിയുന്നേ……അപ്പൊ നീ തന്നെ വേണം എന്നെ സഹായിക്കാൻ”
മഹാദേവിന്റെ വാക്കുകൾ അവളെ അല്പം പരിഭ്രമത്തിലാക്കി.
പക്ഷെ അവനെ നിരാശനാക്കാൻ അവളുടെ മനസ് അനുവദിച്ചില്ല.
എന്തോ വല്ലാത്തൊരു അടുപ്പം അവനോട് തോന്നുന്നു.
സിന്ധൂരി ധർമ സങ്കടത്തിലായി.