ഈ സമയമൊക്കെ സുചിത്ര അത്ഭുതത്തോടെ മകന്റെ മുഖത്തേക്ക് തന്നെ നോക്കിയിരിക്കുകയാണ്.
സുചിത്രയുടെ പ്ളേറ്റിൽ കുറച്ചു കറി കൂടി വിളമ്പിയ ശേഷം കിച്ചു പറഞ്ഞു : മം.. എനി ചോറ് കഴിക്ക്.
അവനെ കണ്ണിമ വെട്ടാതെ നോക്കികൊണ്ട് അവൾ ഓരോ ചോറ് ഉരുളകൾ വായിൽ വച്ചു.
” മോനെ കിച്ചു.. ”
ചോറ് കഴിക്കുന്നതിന്റെ ഇടയിൽ അവൾ വിളിച്ചു.
ഒരു ഉരുള ചോറ് വായിലിട്ട ശേഷം കിച്ചു അമ്മയെ നോക്കി.
” മോനെ… ഞാൻ ചെയ്തത്.. ഒരു വലിയ തെറ്റാണ്… ഒരമ്മയും ചെയ്യാൻ പാടില്ലാത്ത തെറ്റ്… ”
” വേണ്ട… ”
സംസാരത്തിൽ നിന്ന് കിച്ചു സുചിത്രയെ തടഞ്ഞു.
എന്തെ..? എന്ന അർത്ഥത്തിൽ സുചിത്ര അവനെ നോക്കി.
” എല്ലാം ഇന്നത്തോട് കൂടി ഇവിടെ അവസാനിച്ചു. കഴിഞ്ഞതൊക്കെ ഒരു ദുസ്വപ്നമായി ഞാൻ കരുതികൊള്ളാം. അമ്മയും അത് അങ്ങനെ തന്നെ കരുതിയാൽ മതി.
നാളെ മുതൽ എനിക്കൊരു നല്ല അമ്മയായി, അച്ഛനൊരു നല്ല ഭാര്യയായി അമ്മക്കിവിടെ കഴിയാം.
ഇപ്പൊ വരുത്തിവച്ച തെറ്റ് ഇനിയൊരിക്കലും ആവർത്തിക്കില്ല എന്ന ഉറപ്പുണ്ടെങ്കിൽ മാത്രം. ”
ഇനിയൊരിക്കലും തെറ്റ് ആവർത്തിക്കില്ല എന്ന ഉറപ്പോടെ അവൾ സമ്മതം മൂളി.
” അങ്ങനെയാണെങ്കിൽ എനി ഞാനായിട്ട് ആരോടും ഒന്നും പറയില്ല.. ”
അതും പറഞ്ഞുകൊണ്ട് അവൻ വീണ്ടും ചോറുണ്ണാൻ തുടങ്ങി.
മകൻ പറഞ്ഞത് കേട്ട് അവളുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു.
മാഞ്ഞു പോയ തേജസ് അവളുടെ മുഖത്ത് വീണ്ടും ഉദിച്ചു.
കണ്ണുകൾ തുടച്ചുകൊണ്ട് അവൾ ഓരോ ഉരുളകൾ വായിൽ വച്ചു.
രാവിലെ ബീനയുടെ വീട്ടിൽ.
” മോളെ നീയെനിയും റെഡിയായില്ലേ…? നിന്നോട് 8 മണിക്ക് ചെല്ലാനല്ലേ.. കൃഷ്ണൻ കുട്ടി സാറ് രാത്രി വിളിച്ചപ്പോൾ പറഞ്ഞത്.. ഇപ്പൊ സമയം നോക്കിയെ.. 9 മണിയാവാറായി… പെണ്ണിന് ഒരു ഉത്തരവാദിത്തവുമില്ല. ”
ബീന മകളെ ശകാരിച്ചുകൊണ്ട് പറഞ്ഞു.
” ഞാൻ റെഡിയായി അമ്മാ… “