ഒരിക്കലെങ്കിലും പരസ്പരം കാണണമെന്ന് എനിക്കോ നിനക്കോ തോന്നാൻ സാദ്ധ്യതയില്ല. ഞാൻ പറഞ്ഞത് ശരിയല്ലേ…? നിയമപരമായി നമ്മൾ വിവാഹ മോചനം നേടിയവരല്ലെങ്കിലും മനസ്സുകൊണ്ട് അങ്ങനെതന്നെയാണല്ലോ. ഇനി നിനക്ക് നിയമപരമായി എന്നിൽ നിന്നൊരു മോചനം ആവശ്യമാണ് എന്നു തോന്നിയാൽ എപ്പോൾ വിളിച്ചാലും ഞാൻ എത്തും. .പിന്നെ, നിങ്ങൾ രണ്ടുപേർക്കുമുള്ളത് എന്റെ അച്ഛൻ നിങ്ങൾക്ക് എഴുതിവച്ചിട്ടുള്ള സ്ഥിതിക്ക് എന്നിൽ നിന്നും നിങ്ങൾ ഒന്നും പ്രതീക്ഷിക്കുന്നുണ്ടാവില്ലെന്ന് എനിക്കറിയാം. ഇനിയൊന്ന് നീ ശ്രദ്ധിച്ചു കേൾക്കണം. എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അത് നിന്നെ ബാധിക്കുന്ന ഒന്നല്ലെന്നു തന്നെ നീ കരുതിയേക്കുക . തിരിച്ച് നിനക്ക് വല്ലതും പറ്റിയാലും ഞാനും അങ്ങനെതന്നെ കരുതിക്കോളാം .അതായത് മേലിൽ നമുക്കിടയിൽ ഒരു ബന്ധവും ഉണ്ടാവില്ലെന്ന് … ”
അയാൾ പറഞ്ഞു നിർത്തി.
“നന്നായി. അല്ലെങ്കിലും നമുക്കിടയിൽ എന്തെങ്കിലും ഒരു ബന്ധമുള്ളതായി എനിക്കൊരിക്കലും തോന്നിയിട്ടില്ല. അതുകൊണ്ടാവാം ഇതൊക്കെ കേട്ടിട്ടും ഒരു ഫീലും തോന്നാത്തത്. ഈ പറഞ്ഞ കാര്യങ്ങളിലൊക്കെ എനിക്കും സമ്മതം തന്നെ. ഇനിയുള്ള കാലം ഞാൻ എനിക്ക് തോന്നിയപോലെ ജീവിക്കും. അതിന്റെ പിന്നാലെ നിങ്ങളും വരരുത്. ..”
“ഹഹഹഹഹ….!!!! നീ എങ്ങനെ ജീവിച്ചാലും അത് എന്നെ ബാധിക്കുന്ന ഒരു വിഷയമേ ആയിരിക്കില്ല. നിന്റെ ഒരുകാര്യവും ഞാനന്വേഷിക്കാനും പോകുന്നില്ല. ശരീരത്തിൽ നിന്നും വെട്ടിക്കളയുന്ന നഖത്തെയോ തലമുടിയെയോ കുറിച്ച് ആരെങ്കിലും സങ്കടപ്പെടാറുണ്ടോ.. ? ഇല്ലല്ലോ. എന്റെ ജീവിതത്തിൽ നിനക്കുള്ള സ്ഥാനം ഞാൻ അങ്ങനെയാണ് കരുതിയിട്ടുള്ളത്. ..”
പിന്നീട് അവിടെ യാതൊരു സംസാരവും ഉണ്ടായില്ല. ബുക്ക് ചെയ്തിരുന്ന ടാക്സിയിൽ വെളുപ്പിനെ മൂന്ന് മണിക്ക് അയാൾ മടങ്ങി.ഗേറ്റ് പൂട്ടി നേരെ അവൾ നടന്നത് കിണറ്റുകരയിലേക്കായിരുന്നു .
“അമ്മേ….അമ്മ ഈ സമയത്ത് എവിടെപ്പോകുന്നു …? ”
മകന്റെ ചോദ്യത്തിന് അവൾ ഒരു മറുപടിയും നൽകിയില്ല. തൊട്ടി കിണറ്റിലിറക്കി ഒരു തോട്ടി നിറയെ വെള്ളം വലിച്ചു കയറ്റി. അത് എടുത്തുയർത്തി തലവഴി ഒഴിച്ചു.
എന്നിട്ട് അതേ ഈറനോടെ അവൾ വീട്ടിലേക്ക് കയറി. അമ്മ എന്താണ് ചെയ്യുന്നതെന്ന് അവനു മനസ്സിലായില്ല. പൂമുഖത്തു കയറിനിന്ന് ഉടുത്തിരുന്ന ബ്ലൗസും മുണ്ടും അഴിച്ചു മുറ്റത്തേക്ക് വലിച്ചെറിഞ്ഞു. പൂർണ്ണ നഗ്നയായി പൂമുഖത്തെ ട്യൂബ് ലൈറ്റിന്റെ വെളിച്ചത്തിൽ അവൾ നിന്നു.
കഴിഞ്ഞു…എല്ലാം. ..അയാൾ നശിപ്പിച്ചു കളഞ്ഞ ഇത്രയും കാലത്തെ ജീവിതമാണ് ആ മുറ്റത്തു കിടക്കുന്നത്. ഇനി അയാൾ എന്റെ ജീവിതത്തിലില്ല. അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. മകനെ ഒന്നു നോക്കിയിട്ട് അവൾ സ്വന്തം മുറിയിലേക്ക് കയറി. കട്ടിലിൽ നിന്ന് അയാൾ ഉപയോഗിച്ച ബെഡ് ഷീറ്റുകളും പില്ലോ കവറുകളും ഊരിയെടുത്തു. അതും പുറത്തുകൊണ്ടുവന്നു മുറ്റത്തേക്ക് വലിച്ചെറിഞ്ഞു.