നാട്ടിൽ ആകെ ഉള്ളത് ഒരു റേഷൻ കടയും പലചരക്ക് കടയും മാത്രമാണ്. ഇപ്പോൾ ഒരു ബേക്കറിയും പുതിയതായി തുടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ഇപ്പോൾ പെട്ടെന്ന് ബിസ്ക്കറ്റോ കേക്കോ വല്ലതും തീർന്നു പോയാൽ പെട്ടെന്ന് വാങ്ങാൻ പറ്റും. എങ്കിലും കാര്യമില്ല… കഷ്ടിച്ച് ഒരു 30 രൂപ ഒക്കെയെ വരുണിന്റെ കയ്യിൽ കാണൂ… കുട്ടികളുടെ കയ്യിൽ അധികം കാശ് ഒന്നും പാടില്ല എന്നാണ് പ്രഭാകരന്റെ അജ്ഞ. അവന്റെ അമ്മയ്ക്ക് അവന് കാശ് കൊടുക്കാൻ ഇഷ്ടമാണെങ്കിലും ഒരിക്കൽ പ്രഭാകരൻ അത് കണ്ടുപിടിച്ചു. അതിനുശേഷം എന്നും അവന്റെ മുറിയിൽ ചെക്കിങ് ആണ്… എന്റെ കൂട്ടുകാർ ഒക്കെ വാങ്ങിക്കുന്ന സാധനങ്ങൾ കണ്ടു സങ്കടപ്പെട്ടു ഇരിക്കാൻ വരുണിന് കഴിയുന്നുള്ളൂ…
അങ്ങനെ അവൻ ഒരു ദിവസം പതിവുപോലെ ചായകുടിയും കഴിഞ്ഞു പുറത്തേക്ക് ഇറങ്ങുകയായിരുന്നു… സ്വീകരണമുറിയിൽ ടർക്കി ഇട്ടു മൂടി പുതപ്പിച്ച് വെച്ചിരിക്കുന്ന ടിവിയെ അവൻ സങ്കടത്തോടെ നോക്കി… കേബിൾ ഒക്കെ എന്നേ കട്ട് ചെയ്തിരിക്കുന്നു…എന്നാൽ കാശില്ലാത്തതിന്റെ ആണോ? കഷ്ടം എന്ന് പറഞ്ഞു കൊണ്ട് അവൻ പുറത്തേക്കിറങ്ങി. തന്റെ പണ്ടത്തെ മോഡലിലുള്ള സൈക്കിളും ചവിട്ടി കൊണ്ട് അവൻ ഊര് ചുറ്റാൻ ഇറങ്ങി… നാട്ടിൽ എല്ലാവർക്കും അവനെ വലിയ കാര്യമാണ്. കാരണം എസ് പ്രഭാകരന്റെ മകൻ ആണല്ലോ…
എന്നും പുതിയ പുതിയ സ്ഥലങ്ങളിൽ സൈക്കിൾ ഓടിച്ചു കൊണ്ട് പോവുക എന്നതാണ് അവന്റെ ഹോബി. വൈകീട്ട് ആറ് മണിയോടെയാണ് അവന്റെ അമ്മ കോളേജിൽ നിന്നും മടങ്ങിയെത്തുക. കുറച്ചു ദൂരെയാണ് അവന്റെ അമ്മ പഠിപ്പിക്കുന്നത്. ആ സമയമാകുമ്പോഴേക്കും അവൻ മടങ്ങി വന്നിരിക്കും. പിന്നീട് അമ്മ വരാനുള്ള കാത്തിരിപ്പാണ്.
ആറു മണിക്കുള്ള ബസ്സിലാണ് അവന്റെ അമ്മ വരുന്നത്. എന്നാൽ ചില ദിവസങ്ങളിൽ അമ്മ വരാൻ താമസിക്കുമ്പോൾ അവൻ കവലയിൽ ചെന്ന് അമ്മയെ കാത്തു നിൽക്കാറുണ്ട്. അവിടുത്തെ ബസ്സ് ആറരയ്ക്കാണ്. ഇനി അതും കിട്ടിയില്ലെങ്കിൽ 7 മണിക്കുള്ള ബസിന് നോക്കും. എന്നിട്ടും അമ്മയെ കണ്ടില്ലെങ്കിൽ അവരുടെ അയല്വക്കത്തെ വീട്ടിലുള്ള ചേച്ചിയുടെ ഫോണിൽ നിന്നും അമ്മയെ വിളിക്കും. അപ്പോഴൊക്കെ അവനവന്റെ അച്ഛനോട് വല്ലാത്ത അമർഷം തോന്നാറുണ്ട്. ഒരു ഫോൺ പോലും വാങ്ങി തരില്ല എന്നുവെച്ചാൽ…
എന്തായാലും ഫോൺ വിളിക്കുമ്പോൾ ഒക്കെ ” ഞാൻ അച്ഛന്റെ കൂടെ വരികയാണ്” എന്നോ” ഓട്ടോറിക്ഷയിൽ വരികയാണ്” എന്നോ ഒക്കെ ആയിരിക്കും അമ്മയുടെ മറുപടി.