ഒരു ദിവസം രാവിലെ പതിവുപോലെ ഓഫീസില്‍ ആയിരുന്നു വിനോദ്.. കഴിഞ്ഞ ക്വാര്‍ട്ടറിലെ കണക്കുകള്‍ നോക്കിക്കൊണ്ടിരിക്കുമ്പോളാണ് സെക്രട്ടറി ലില്ലി വിളിക്കുന്നത്…
“സര്‍. വണ്‍ മിസ്റ്റര്‍ അമന്‍ദീപ് സിംഗ് ഈസ് ഹിയര്‍ ടു സീ യൂ…” ലില്ലിയുടെ കിളിനാദം…..
ഇനി ആരാണോ ഈ പാര? പേര് കേട്ടിട്ട് ഒരു സര്‍ദാര്‍ജിയാണ്….
“വരാന്‍ പറയൂ….” വിനോദ് ഫയല്‍ മടക്കിവെച്ച് ടൈ നേരെയാക്കി ജനറല്‍ മാനേജറുടെ സ്റ്റൈലില്‍ ഇരുന്നു..
വാതില്‍ തുറന്നു കയറി വന്നത് ആജാനബാഹുവായ ഒരു ചെറുപ്പക്കാരന്‍. തലയില്‍ തൊപ്പിയോ സിക്ക് താടിയോ ഒന്നുമില്ല. സെമി ഫോര്‍മല്‍ വേഷത്തിലാണ്.. വിലയേറിയ കോട്ടും, ടീഷര്‍ട്ടും, ജീന്‍സും… കണ്ടാല്‍ ഒരു മോഡല്‍ ലൂക്കുണ്ട്… ആറടിക്ക് മുകളിലാണ് പൊക്കം. ഒത്ത വണ്ണവും.. വെല്‍ ബില്‍റ്റ് ശരീരം. ഏതാണ്ടൊരു മുപ്പതു മുപ്പത്തിയഞ്ചു വയസ്സു പ്രായം കാണും….
അയാള്‍ വിസിറ്റിംഗ് കാര്‍ഡ് നീട്ടി.. അമന്‍ ദീപ് സിംഗ്.. മാനേജിംഗ് പാര്‍ട്ട്നര്‍, നോട്ടിലസ് ഫിറ്റ്നെസ്, ജലന്ധര്‍…
ഓ അപ്പോള്‍ ജിം എക്വിപ്മെന്റ്റ് മാനുഫാക്ചറര്‍ ആണ്.. റിസോര്‍ട്ടിലെ ഹെല്‍ത്ത് ക്ലബ്ബിലെക്ക് സെയില്‍സ് പിടിക്കാന്‍ വന്നതാവണം… പ്രസന്നമായ മുഖഭാവം…
കക്ഷി വായ തുറന്നപ്പോഴാണ് വിനോദ് ഞെട്ടിയത്…
“മോണിംഗ് സര്‍.. ഞാന്‍ അമന്‍… ജിം എക്യുപ്മെന്റ്റ്സിനു റിക്വേര്‍മെന്‍റ് ഉണ്ടെന്നറിഞ്ഞ് വന്നതാണ്.. ”
നല്ല ഒന്നാന്തരം മലയാളം !!!!!…. ശെടാ.. ഇതെന്തോന്ന് സിംഗ്???
വിനോദിന്‍റെ മുഖഭാവം കണ്ട കക്ഷി ചിരിച്ചു..
“അഞ്ചു വയസ്സു മുതല്‍ ഇവിടെയാണ് സര്‍… ഫാക്ടറി ജലന്ധറില്‍ ആണെന്ന് മാത്രം… ഇവിടെ അഞ്ചെട്ടു ജിമ്മുകള്‍ നടത്തുന്നുമുണ്ട്…”
“ഓ.. അതെന്തായാലും നന്നായി… എനിക്കാണെങ്കില്‍ ഈ ഹിന്ദി നോ രക്ഷ….”
അയാള്‍ ബ്രോഷറുകള്‍ എടുത്തു നിരത്തി കാര്യത്തിലേക്ക് കടന്നു… സരസമായ സംഭാഷണ ശൈലി.. വിനോദിന് എന്തോ അയാളെ അങ്ങ് പിടിച്ചു.. ഒരു പ്രത്യേകതരം ആകര്‍ഷണീയതയുണ്ട് അയാളില്‍.
കോടീശ്വരന്‍ ആണ് കക്ഷി.. താമസം കൊച്ചിയിലാണ്. അവിവാഹിതനും…. കമ്പനിയെ കുറിച്ചും, പഞ്ചാബിനെക്കുറിച്ചും ഒക്കെ സംസാരിച്ചപ്പോള്‍ കൂടുതല്‍ അടുപ്പമായി.. അര മണിക്കൂര്‍കൊണ്ട് സര്‍ മാറി വിനോദും, മിസ്റ്റര്‍ സിംഗ് മാറി അമനും ആയി…
ലില്ലിയെ വിളിച്ചു കോഫീ പറയാന്‍ തുടങ്ങിയപ്പോള്‍ അവള്‍ ദാ അകത്തു കയറി വരുന്നു…
“ഫെലിക്സ് സര്‍ ഈസ് ആസ്കിംഗ് ഫോര്‍ യൂ സര്‍…. സം തിംഗ് അര്‍ജെന്റ് ഐ തിങ്ക്……”
ഒരു പ്രമുഖ റിസോര്‍ട്ട് ചെയിനിന്‍റെ എറണാകുളം ഹോട്ടലിന്‍റെ ജനറല്‍ മാനേജര്‍ ആണ് വിനോദ്. രാജ്യത്തിന്റെ പലഭാഗങ്ങളിലായി ഇരുപതോളം റിസോര്‍ട്ടുകള്‍ ഉണ്ട് ഗ്രൂപ്പിന്. കേരളത്തില്‍ കൊച്ചികൂടാതെ, തിരുവനന്തപുരത്തും മൂന്നാറിലും പ്രോപ്പര്‍ട്ടിയുണ്ട്.. ഫെലിക്സ് സര്‍ ഗ്രൂപ്പിന്‍റെ മുതലാളിമാരിലെ ഏക മലയാളിയാണ്.. വിനോദിന്‍റെ വെല്‍ വിഷറും..