“രേവതീ…കുട്ടി ചിന്തിക്കുന്നത് മാത്രമല്ല ലോകം. ഇങ്ങനെയൊക്കെ കുട്ടിക്ക് തോന്നുന്നത് ഈ പ്രായത്തിന്റെയാണ്. ഇപ്പോൾ പ്രണയത്തിന്റെ ലഹരിയിൽ എടുത്തു ചാടിയാൽ അധികകാലമൊന്നും ആ ലഹരി നീണ്ടുനിൽക്കില്ല. ജീവിതത്തിന്റെ പരുക്കൻ യാഥാർത്ഥ്യങ്ങൾ മുന്നിൽ തലയുയർത്താൻ തുടങ്ങുമ്പോൾ തോന്നും ഒന്നും വേണ്ടിയിരുന്നില്ല എന്ന്. അപ്പോഴേക്കും പക്ഷെ ഒരു തിരിച്ചുപോക്കിന് വഴിയുണ്ടാവില്ല. ജീവിതത്തെ വെറുക്കാൻ തുടങ്ങും…”
“മാഷേ…ഞാൻ മാഷിന്റെ ക്ളാസിലിരിക്കാൻ വന്ന ഒരു കുട്ടിയല്ല. ഇതൊക്കെ എനിക്ക് തിരിച്ചറിയാനുള്ള പക്വതയുമുണ്ട്. നമുക്കിടയിൽ ഉള്ളത് ബാലിശമായ ഒരു ടീനേജ് പ്രണയമല്ലെന്നാണ് ഞാൻ വിശ്വസിക്കുന്നത്..”
“രേവതി പറയുന്നത് സത്യമാണ്. പക്ഷെ ഇപ്പോഴത്തെ എന്റെയീ തുച്ഛമായ വരുമാനം കൊണ്ട് ഒരു കുടുംബം നടത്താൻ എനിക്കാവില്ല. സഹോദരിയുടെ ഭർത്താവിന്റെ കരുണ്യത്തിലാണ് എന്റെ ജീവിതം. അവിടെനിന്നും ഇറങ്ങാൻ അവർ പറഞ്ഞാൽ ഇറങ്ങാതെ മർഗ്ഗമില്ല. ആ ഞാൻ എങ്ങനെയാണ്….”
“അപ്പോൾ മാഷ് എന്നോട് കാട്ടിയ ഈ പ്രണയമൊക്കെ വെറും അഭിനയമായിരുന്നോ മാഷേ…?”
“ഒരിക്കലുമല്ല…, പക്ഷേ എനിക്ക് കുറച്ചു സമയം വേണം. ജോലിക്കായി ഞാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അതുവരെ കാത്തിരിക്കാൻ കുട്ടിക്ക് കഴിയില്ലേ….?”
” ജീവനോടെ ഉണ്ടെങ്കിൽ കാത്തിരിക്കാം മാഷേ…”
പറയുമ്പോഴേക്കും പൊട്ടിക്കരഞ്ഞു പോയി. അന്ന് രാത്രിയിലാണ് അമ്മയോട് എല്ലാം തുറന്നു പറഞ്ഞത്. അച്ഛനോട് ഈ കാര്യം ഒന്നു പറയാൻ അമ്മയോട് കെഞ്ചി.
“മോളേ…നിനക്കറിയില്ലേ നിന്റെ അച്ഛനെ.? ഈ കാര്യങ്ങൾ അച്ഛനോട് പറഞ്ഞാൽ സംഭവിക്കാവുന്ന കാര്യം അമ്മ മോളോട് പറയട്ടെ..? ആദ്യം ചെവിക്കു ചെവിയറിയാതെ ആ പയ്യനെ അങ്ങ് തീർക്കും. അതുകഴിഞ്ഞ് നിന്റെ കല്യാണം നടത്തുകയും ചെയ്യും..ആ പയ്യൻ പാവം. നീ പറഞ്ഞതു വച്ചു നോക്കുമ്പോൾ അതിന് ചോദിക്കാനും പറയാനും കാര്യമായി ആരുമില്ല. അപ്പോൾ അച്ഛന്റെ ജോലി എളുപ്പമായി. ഒന്നോ രണ്ടോ ലക്ഷം കൊടുത്താൽ തെളിവ് പോലും ഇല്ലാതെ ആ കൊച്ചനെ തീർക്കാൻ ആളുകളുണ്ടാവും. അതുകൊണ്ട് എന്റെ മോള് ആലോചിക്കുക. ഒരു പാവം ചെറുപ്പക്കാരനെ കൊലക്ക് കൊടുക്കണമോ എന്ന്…”
അമ്മ പറഞ്ഞു നിർത്തി. ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു. കണ്ണുകളിൽ മയക്കം വന്ന് ചേക്കേറിയപ്പോഴെല്ലാം ആയുധങ്ങൾ വീശുന്ന ശബ്ദവും നിലവിളിയും തലയില്ലാത്ത കബന്ധങ്ങളുമായിരുന്നു കണ്മുന്നിൽ തെളിഞ്ഞത്.
**************************