“പോടീ….വെറുതെ…”
രേവതി നാണിച്ചു മുഖം താഴ്ത്തി.
“കണ്ടോ മോഹനൻ മാഷിന്റെ കാര്യം പറഞ്ഞപ്പോൾ പെണ്ണിന് ഒരു നാണം..”
ഗായത്രിയുടെ വാക്കുകൾ കേട്ടപ്പോൾ രേവതിയുടെ മുഖം ലജ്ജകൊണ്ട് ചുവന്നു തുടുത്തു.
“ഇറങ്ങാം പെണ്ണേ…ഇന്ന് മാഷിന്റെ ക്ലാസാണ്.”
ഇപ്പോൾ രേവതിക്കായി തിരക്ക്.
“ഓഹോ…ചുമ്മാതല്ല ഇവിടെ ശകുന്തള ശംഖുപുഷ്പം കൊണ്ട് കണ്ണെഴുതിയത് .
ഉം…നടക്കട്ടെ…”
രണ്ടുപേരും ബുക്കുകളും എടുത്ത് പുറത്തേക്ക് നടന്നു. മുറ്റത്ത് നിൽപ്പുണ്ടായിരുന്നു അമ്മ.
“പോയിട്ട് വരട്ടെ ശാരദൂട്ടീ….”
അമ്മയുടെ കവിളിൽ ഒരുമ്മകൊടുത്തുകൊണ്ട് അവൾ യാത്രചോദിച്ചു.
ഇനി രണ്ടു കിലോമീറ്റർ നടക്കണം. അവിടെ എത്തുമ്പോഴേക്കും ക്‌ളാസ് തുടങ്ങുമോ ആവോ..
“എടീ…വേഗം നടക്ക്… ശ്ശോ …അവിടെ എത്തുമ്പോഴേക്കും ക്‌ളാസ് തുടങ്ങുമല്ലോ കൃഷ്ണാ…”
ഗായത്രിയെ പിന്നിലാക്കിക്കൊണ്ട് അവൾ ആഞ്ഞു നടന്നു.
“ഇതാ ഇപ്പോ നന്നായത്. ഞാൻ നിന്റെ വീട്ടിൽ വന്നിട്ട് അര മണിക്കൂർ കഴിഞ്ഞല്ലേ നീ ഇറങ്ങിയത്. അപ്പോൾ എന്റെ കുറ്റമാണോ ? ശകുന്തളേടെ ഒടുക്കത്തെ മേയ്ക്കപ്പ്. എന്നിട്ടിപ്പോൾ കുറ്റം’ പാവം എനിക്കും…”
ഗായത്രിയുടെ സംഭാഷണവും അതിനൊപ്പം അഭിനയവും കണ്ടപ്പോൾ രേവതിക്ക് ചിരിയടക്കാൻ കഴിഞ്ഞില്ല.
“പ്രതിഭാ ട്യൂട്ടോറിയൽസ് ” എന്ന ബോർഡ് വച്ച കമാനം കടന്ന് മുറ്റത്തേക്ക് കയറിയപ്പോൾ കേട്ടു മാഷിന്റെ ശബ്ദം.
“ശ്ശോ ….ക്ലാസ്സ് തുടങ്ങി ”
ഗായത്രിയുടെ കൈയിൽ ഒരു നുള്ളു കൊടുത്തുകൊണ്ടാണ് രേവതി അതു പറഞ്ഞത്.
“പെണ്ണേ…എന്റെ ദേഹം നൊന്താലുണ്ടല്ലോ…”