കർത്യായനി മുഖം വീർപ്പിച്ചു മറ്റെങ്ങോട്ടോ നോക്കി.
“എന്റെ മുത്തശ്ശി അമ്മയുടെ തീരുമാനമല്ലേ… എനിക്ക് എതിർക്കാനാവില്ലല്ലോ മുത്തശ്ശിക്ക് അറിയുന്നതല്ലേ അമ്മയുടെ വാശി”
കാർത്യായനി അതു കേട്ടതും അനന്തുവിനെ കെട്ടിപിടിച്ചു ഇരു കവിലുകളിലും തെരു തെരെ ചുംബിച്ചു.
അവരുടെ സ്നേഹ പ്രകടനം കണ്ട്
എല്ലാവരുടെയും കണ്ണുകൾ ഈറനണിഞ്ഞു.
ഇതൊക്കെ കണ്ടുകൊണ്ട് പുറത്തേക്ക് കണ്ണും നട്ടിരിക്കുവായിരിക്കുന്നു അഞ്ജലി.
അനന്തു അവളുടെ മുഖം കൈക്കുമ്പിളിൽ കോരിയെടുത്ത് ആ നെറ്റിയിൽ സ്വന്തം നെറ്റി ചേർത്തു മുട്ടിച്ചു.
അപ്പോൾ നാണത്തിൽ കുതിർന്ന പുഞ്ചിരി അവളുടെ അധരങ്ങളിൽ മോട്ടിട്ടു.
പക്ഷെ തന്റെ ഹൃദയ തന്ത്രികൾ മീട്ടിക്കൊണ്ടിരുന്ന വിരഹ ഗാനം മറ്റാരും കേൾക്കാതെ അഞ്ജലി സമർത്ഥമായി മറച്ചു പിടിച്ചു
അനന്തു വിഷാദത്തോടെ അവളിൽ നിന്നും വിട്ടകന്നു.
അപ്പോഴാണ് സീത പലഹാരങ്ങളടങ്ങിയ ഒരു ബാഗ് അകത്തളത്തിൽ വച്ചത് എടുക്കാൻ മറന്നു പോയത് ഓർത്തത്.
അനന്തുവിനെയും വിളിച്ചുകൊണ്ട് അവർ മനയുടെ ഉള്ളിലേക്ക് കടന്നു പോയി.
സാധങ്ങളൊക്കെ കാറിന്റെ ഡിക്കിയിലേക്ക് ഓരോന്നായി ഡ്രൈവർ എടുത്തു വച്ചു കൊണ്ടിരുന്നു.
പോടുന്നനെ ഒരാൾ തേവക്കാട്ട് മനയുടെ പടിപ്പുര കടന്ന് നടന്നു വരികയാണ്.
കാഷായ വസ്ത്രധാരിയായ അദ്ദേഹത്തിന്റെ ചുമലിൽ ഒരു തോൾ സഞ്ചി കിടപ്പുണ്ടായിരുന്നു.
വിയർപ്പിൽ കുതിർന്ന കാഷായ വസ്ത്രം അദ്ദേഹത്തിന്റെ ദേഹത്തോട് ഒട്ടി ചേർന്നു നിൽപ്പുണ്ടായിരുന്നു.
കൈകളിലും കഴുത്തിലും രുദ്രാക്ഷ മണികളുടെയും കമനീയ ശേഖരങ്ങൾ മാലകളായും കാപ്പുകളായും അണിഞ്ഞിട്ടുണ്ടായിരുന്നു.
നീണ്ടു കിടക്കുന്ന പഞ്ഞി പോലുള്ള താടിയുടെ ആഗ്രം അദ്ദേഹത്തിന്റെ മാറിനെ ചുംബിച്ചു കൊണ്ടിരുന്നു.
നീണ്ടു കിടക്കുന്ന മുടിയിഴകൾ പുറകിലേക്ക് വൃത്തിയായി ചീകിയൊതുക്കിയിരുന്നു.
നീണ്ടു മെലിഞ്ഞ ശരീര പ്രകൃതിയെങ്കിലും മുഖത്തു ദിവ്യത്വം വിളങ്ങി നിന്നു.
മനയുടെ മുറ്റത്തെത്തിയതും അവിടെ കണ്ട ആൾക്കൂട്ടം കണ്ട് ആ രൂപത്തിന്റെ നടത്തം മന്ദഗതിയിലായി.
ആൾക്കൂട്ടത്തിലെ ഓരോരുത്തരിലും ആ കണ്ണുകൾ ചികഞ്ഞു കൊണ്ടിരുന്നു.
പെട്ടെന്നാണ് കാർത്യായനി മുറ്റത്തു കൂടെ നടന്നു വരുന്ന ആളെ കണ്ടത്.
ഇളം വെയിലത്തു നടന്നു വരുന്ന ആളെ കണ്ടതും അവരുടെ കണ്ണുകൾ വിടർന്നു.
സംശയത്തോടെയെങ്കിലും ആ രൂപത്തെ അവർ ഒരു നിമിഷം ഉറ്റു നോക്കി.
പെട്ടെന്ന് ആ മുഖത്തു ഭാവങ്ങൾ മിന്നി മറിഞ്ഞു.