മുറിയിൽ നിന്നും മാലതിയും ശിവയും ഇറങ്ങിപോയപ്പോഴേക്കും വല്ലാത്തൊരു ശൂന്യത അനന്തുവിന് അനുഭവപ്പെട്ടു.
ഒരുതരം ഒറ്റപ്പെടൽ.
തങ്ങൾ 3 പേരും ഇപ്പൊ അനാഥരായ പോലെ.
ഈ കുടുംബത്തിൽ തങ്ങൾ അധികപറ്റായ പോലെ
ഓരോന്ന് ഓർക്കുന്നതോറും അനന്തുവിന് ചങ്ക് പെടയ്ക്കുന്ന പോലെ തോന്നി.
അവൻ നെഞ്ചിൽ ഉഴിഞ്ഞുകൊണ്ട് ഉത്തരത്തിൽ കറങ്ങുന്ന ഫാനിലേക്ക് കണ്ണും നട്ട് കിടന്നു
ഈ വീട്ടിലേക്ക് കയറി വന്നപ്പോൾ ഒരുപാട് പ്രതീക്ഷകൾ ഉണ്ടായിരുന്നു.
ഇതുവരെ അനുഭവിച്ച ദാരിദ്ര്യത്തിന് ഒരറുതി വരുമെന്നും ഇതുവരെ ലഭിക്കാത്ത ബന്ധുജനങ്ങളുടെ സ്നേഹം അനുഭവിക്കാമെന്നും വൃഥാ സ്വപ്നം കണ്ടു.
എല്ലാം വെറുതെയായിരുന്നു ബന്ധുക്കൾ ശത്രുക്കൾ എന്ന് പറയുന്നത് എത്ര സത്യമാണ്.
അതിന്റെ സാധുത ഇപ്പോഴാണ് തിരിച്ചറിയുന്നത്.
രക്തബന്ധത്തിന് തന്നെയാണ് തന്നോടുള്ള ദേഷ്യവും വാശിയും.
അതും സ്വന്തം ജ്യേഷ്ഠൻ.
നിരാശയോടെ അനന്തു നെടുവീർപ്പെട്ടു.
കൂലങ്കഷമായ മനസിനെ അടക്കി നിർത്തുന്നതിൽ അവൻ പരാജയപ്പെട്ടു.
പെട്ടെന്നാണ് അവന്റെ തലയിൽ ഒരു കൊള്ളിയാൻ മിന്നിയത്.
ശിവജിത്ത് കഴുത്തിൽ പിടി മുറുക്കിയ സമയത്ത് കണ്ണിൽ തെളിഞ്ഞ ആ മുറിച്ചെവിയന്റെ മുഖം.
ക്ലീൻ ഷേവ് ചെയ്ത താടിയും കട്ടി മീശയും വെട്ടേറ്റ പുരികവുമായി ക്രൂരമായ പുഞ്ചിരിയോടെ തന്നെ നോക്കിയവൻ.
ആരാണവൻ?
അയാളുമായി തന്റെ ബന്ധം എന്താ?
എന്തിനാണ് ഇങ്ങനെ ഓരോരോ നിഴൽ ചിത്രങ്ങൾ കണ്മുൻപിൽ തെളിയുന്നത്?
ഇതൊക്കെ കൂടി ഭ്രാന്തിന്റെ താഴ്‌വരയിലേക്ക് തന്നെ തള്ളിയിടുന്നു.
ഭ്രാന്തിന്റെ ആഗാധതയിലേക്ക് താൻ വീണു പോകുന്നു.
അച്ചിൽ നിർമിച്ച പോലെ ആ മുഖം ഇപ്പോഴും തന്റെ മനസിലുണ്ട്.
അത് കാണുന്തോറും പകയും വിദ്വേഷവും തന്നിൽ നുരഞ്ഞു പൊന്തുന്നു.
അയാളെ കൊല്ലാനുള്ള കലി മനസിലേക്ക് അലയടിക്കുന്നു.