അതു കേട്ടതും അല്പം സംശയം നുരഞ്ഞു പൊന്തിയെങ്കിലും അവൻ അങ്ങോട്ട് നടന്നു.
നിലത്ത് അഞ്ജലിയെ പതുക്കെ ഇറക്കി വച്ച ശേഷം തറയിൽ കിടക്കുന്ന പരവതാനി ചുരുട്ടി തുടങ്ങി.
അത് ചുരുട്ടി വച്ചതും തറയുടെ മുകളിലായി വാതിൽ പോലെ ഒരു ഭാഗം ഉള്ളത് അവന്റെ ശ്രദ്ധയിൽ പെട്ടു.
ഒരു മാൻഹോൾ പോലെ.
അതിന്റെ പിടിയിൽ പിടിച്ചു അനന്തു അത് ബലമായി വലിച്ചു തുറന്നു.
അപ്പോൾ ഉള്ളിലേക്ക് നീണ്ടു കിടക്കുന്ന പിരിയൻ ഗോവണിയാണ് അവർ ഇരുവരുടെയും മുന്നിൽ തെളിഞ്ഞത്.
“ഞാനിപ്പോ വരാം ”
അതും പറഞ്ഞുകൊണ്ട് അനന്തു മുറിയിൽ പോയി ഒരു വലിയ എമർജൻസി ലാമ്പും ടോർച്ചും ഒക്കെ എടുത്തിട്ട് തിരിച്ചു വന്നു.
അപ്പോഴും അവിടെ അഞ്ജലി ആ നിലവറയിലെ ഇരുട്ടിലേക്ക് കണ്ണും നട്ട് താടിക്ക് കൈ കൊടുത്ത് ഇരിക്കുവായിരുന്നു.
അഞ്ജലിയുടെ കയ്യിൽ എമർജൻസി ലാമ്പ് നൽകിയ ശേഷം അവളെയും കൈകളിൽ കോരിയെടുത്തുകൊണ്ട് അനന്തു ആ പിരിയൻ ഗോവണിയുടെ പഴകിയ നടകൾ പതിയെ ഇറങ്ങി.
അഞ്‌ജലിക്ക് ഇതൊരു വല്ലാത്ത അനുഭവമായിരുന്നു.
പൊതുവെ ഇത്തരത്തിലുള്ള അഡ്വഞ്ചറസ് ട്രിപ്പ് അവളുടെ പ്രധാന വിനോദമായിരുന്നു.
കാലടികൾ പിഴക്കാതെ ഗോവണിയിലൂടെ അനന്തു അഞ്ജലിയെയും കൊണ്ട് ഇറങ്ങി.
പെട്ടെന്നു അവൾ കുടുകുടെ ചിരിക്കാൻ തുടങ്ങി.
“നീ എന്താടി പെണ്ണെ ഇങ്ങനെ ചിരിക്കുന്നേ?”
“ഏയ് ഞാൻ ആലോചിക്കുവായിരുന്നു കൊച്ചു ടീവിയിൽ ഡോറയും ബുജിയും കൂടി പോകുന്നപോലുണ്ടല്ലേ?”
“എന്ത് ”
“നമ്മൾ പോകുന്നത്”
“ദേ ഒറ്റ ചവിട്ട് വച്ചു തന്നാലുണ്ടല്ലേ അസ്ഥാനത്തെ അവളുടെ അളിഞ്ഞ കോമഡി”
അനന്തു പിരിമുറുക്കത്തോടെ നടന്നു.
“എനിക്കിത്രക്കൊക്കെ സ്റ്റാൻഡേടെയുള്ളൂ”
അവൾ പുച്ഛത്തോടെ ചിറി കോട്ടി.
അതു കണ്ടതും ഊറി വരുന്ന പുഞ്ചിരി കടിച്ചു പിടിച്ചു കൊണ്ട് അവൻ ഗോവണിയിലൂടെ ഇറങ്ങി വന്നു.
ചുറ്റും തല ചരിച്ചു നോക്കി.
കണ്ണിലേക്കു കുത്തി കേറുന്ന കുറ്റാകൂരിരുട്ട്.
കനത്ത ശാന്തത നിറഞ്ഞു നിൽക്കുന്നു.