“അതുകൊണ്ടൊന്നും കാര്യമില്ല പെണ്ണെ അമ്മയ്ക്ക് വാശി കയറിയാൽ പിന്നെ ആരെക്കൊണ്ടും മാറ്റുവാൻ പറ്റില്ല”
അതുകൂടി കേട്ടതോടെ അവസാനമായി ഉണ്ടായിരുന്ന പ്രതീക്ഷയും അവളെ കൈ വിട്ടു.
“പോയി കഴിഞ്ഞാൽ നന്ദുവേട്ടൻ എന്നെ മറക്കുവോ?”
“എനിക്കതിനു പറ്റുമെന്ന് തോന്നുന്നുണ്ടോ നിനക്ക്?”
“എനിക്കറിയാം നന്ദുവേട്ടൻ എന്നെ മറക്കില്ലാന്ന് എന്റെ ചക്കരയേട്ടൻ ഉമ്മാ ”
അനന്തുവിന്റെ കവിളിൽ തന്റെ ചുണ്ടുകൾ അമർത്തിയ ശേഷം അഞ്ജലി വീണ്ടും ആ ചുമലിലേക്ക് മുഖം പൂഴ്ത്തി.
അനന്തു അവളുടെ നെറുകയിൽ പതിയെ തലോടിക്കൊണ്ടിരുന്നു.
പെട്ടെന്നെന്തോ ഓർത്തപോലെ അഞ്ജലി തലയുയർത്തി നോക്കി.
“അയ്യോ നന്ദുവേട്ടാ അപ്പൊ അരുണിമ ചേച്ചിയോ?
ചേച്ചിയെ മിസ് ചെയ്യില്ലേ?”
അവളുടെ കണ്ണുകളിൽ തെളിഞ്ഞ വിഷാദ ഭാവം അനന്തുവിലേക്കും സംക്രമിക്കപ്പെട്ടു.
“മിസ് ചെയ്യും പെണ്ണെ എല്ലാരേയും മിസ് ചെയ്യും അരുണിമയെ,എന്റെ അഞ്‌ജലിക്കുട്ടിയെ, മുത്തശ്ശൻ, മുത്തശ്ശി,
ദേശം ഗ്രാമം പിന്നെ ആ ബുള്ളറ്റിനേയും”
“അതെന്താ ബുള്ളറ്റിനെ മിസ് ചെയ്യണേ?”
ആകാംക്ഷയോടെയുള്ള ആ ചോദ്യം കേട്ടതും അനന്തു പുഞ്ചിരിച്ചു.
“എനിക്കെല്ലാമെല്ലാമാണ് ആ ബുള്ളറ്റ് ഒരിക്കലും അവനോട് എനിക്കൊരു അപരിചിതത്വം തോന്നിയിട്ടില്ല.
മുൻപെപ്പോഴോ അതുമായി പരിചയമോ ബന്ധമോ ഉണ്ടായിരുന്നെന്ന് പലപ്പോഴും തോന്നി പോകാറുണ്ട് ”
“എപ്പോഴൊക്കെ?”
“ആ ബുള്ളറ്റ് ഓടിക്കുമ്പോൾ”
“ശരിക്കും എനിക്ക് തോന്നാറുണ്ട് നന്ദുവേട്ടൻ ദേവൻ അമ്മാവന്റെ പുനർജ്ജന്മം ആണോയെന്ന്? ”
“അതെന്താ അങ്ങനെ തോന്നിയെ?”
അനന്തു ചിരിയോടെ അഞ്ജലിയുടെ കുസൃതി കണ്ണുകളിൽ നോട്ടമെറിഞ്ഞു.
“അന്ന് നന്ദുവേട്ടൻ പറഞ്ഞിട്ട് ഞാൻ അരുണിമ ചേച്ചിയുടെ ചിത്രം വരച്ചില്ലേ?
അപ്പൊ തോന്നി ചേച്ചിയും നന്ദുവേട്ടനുമൊക്കെ പുനർജനിച്ചതാണോയെന്ന്?”