“KSQ ക്കാരിക്കെന്താ SFY ക്കാർക്കിടയിൽ കാര്യം..”
“ഡാ ചെക്കാ.. ഞാൻ ഒരു പാർട്ടിയിലും ഇല്ലെന്ന് പണ്ടേ നിന്നോട് പറഞ്ഞിട്ടുള്ളതാണ്.. ”
അതുകേട്ട് ഉണ്ണി അവളെ കളിയാക്കുന്ന രീതിയിൽ ഒന്ന് ഇളിച്ചു കാണിച്ചു.
“സമരം വിളിച്ച് പഠിപ്പ് മുടക്കിയതിന്റെ ക്ഷീണത്തിൽ സഖക്കന്മാർ ഇവിടെ വിശ്രമിക്കുകയാണോ..”
അവളുടെ സ്വരത്തിലെ കളിയാക്കൽ ധ്വനി മനസിലായ ദീപക് പറഞ്ഞു.
“എന്തായാലും ഞങ്ങളെ കാരണം ഒരു അവധി കിട്ടിയില്ലേ.. കൊച്ച് പോയി ആഘോഷിക്കാൻ നോക്ക്.”
“ആഘോഷിക്കാൻ തന്നാ പോകുന്നെ.. ഉണ്ണി നീ ഒന്ന് ബൈക്കിൽ നിന്നും ഇറങ്ങിക്കെ.”
ഉണ്ണി അവളെ ഒന്ന് എന്തിനുള്ള പുറപ്പാടാണ് എന്ന രീതിയിൽ നോക്കിയാ ശേഷം ബൈക്കിൽ നിന്നും ഇറങ്ങി.
അവൾ ദീപക്കിനോട് പറഞ്ഞു.
“ദീപു.. ബൈക്ക് സ്റ്റാർട്ട് ചെയ്തേ, നമുക്ക് ഒരിടം വരെ പോകണം.”
അവൻ ഒരു ഞെട്ടലോടെ ചോദിച്ചു.
“എന്റെ കൂടെയോ..”
“നിന്റെ കൂടെ വരുന്നോ ണ്ടല്ലേ നിന്നോട് ബൈക്ക് സ്റ്റാർട്ട് ചെയ്യാൻ പറഞ്ഞത്.”
അവളുടെ അധികാരത്തിൽ ഉള്ള സംസാരവും ശ്രീജ ദൂരെ നിന്ന് ഇതെല്ലം നോക്കി നിൽക്കുന്നതും എല്ലാം കണ്ടപ്പോൾ കീർത്തന മനഃപൂർവം ദീപക്കിന് പണി കൊടുക്കുവാണെന്ന് ഉണ്ണിക്ക് മനസിലായി.
ദീപക് പണ്ട് മുതൽക്കേ പെൺകുട്ടികളുമായി ഒരു ഡിസ്റ്റൻസ് ഇട്ടുള്ള സൗഹൃതങ്ങൾക്കേ തയ്യാറായിരുന്നുള്ളു. അതിൽ ഒരു മാറ്റം വരുത്തുവാൻ ഉണ്ണി പല തവണ ശ്രമിച്ച് പരാജയപ്പെട്ടതാണ്. എന്നാൽ കീർത്തനയുടെ ഇപ്പോഴുള്ള പെരുമാറ്റം കണ്ടപ്പോൾ അവളിലൂടെ ദീപക്കിന്റെ ആ സ്വഭാവത്തിൽ ഒരു മാറ്റം വരുത്തുവാൻ കഴിയുമെന്ന് ഉണ്ണിക്ക് തോന്നി.
ദീപക് ഒഴിഞ്ഞ് മാറുവാനായി പറഞ്ഞു.
“എനിക്ക് ഉണ്ണിയെ വീട്ടിലാക്കണം.”
കീർത്തന ഉണ്ണിയെ നോക്കി.
“ഡാ. ഇന്നൊരു ദിവസം നീ ബസിൽ വീട്ടിൽ പോകുമോ?”
ഉണ്ണി ചിരി വിടർന്ന മുഖത്തോടെ പറഞ്ഞു.
“എസ്.. ഓഫ്‌കോഴ്സ്..”
ദീപക് ഉണ്ണിയെ കലിപ്പിച്ച് ഒന്ന് നോക്കി. ഉണ്ണിയുടെ മുഖത്ത് അപ്പോഴും ഒരു ചിരി തന്നെ ആയിരുന്നു.