അവന്റെ മുഖഭാവത്തിൽ നിന്നും അവന്റെ ഉള്ളിൽ എന്താണ് എന്ന് മനസിലായതിനാലും കീർത്തന അവനെ ചെവിയിൽ പറഞ്ഞു.
“അബദ്ധത്തിൽ സംഭവിച്ചതല്ലേ കുഴപ്പമില്ല.”
അത് കേട്ടപ്പോഴാണ് അവനു സമാധാനം ആയത്. അവന്റെ തലമുടിയിൽ പൊടി തേച്ചുകൊണ്ട് അവൾ വീണ്ടും ആഘോഷം തുടർന്നു. പതുക്കെ അവനും ആഘോഷത്തിന്റെ ലഹരിയിലേക്ക് തിരികെയെത്തി.
ആഘോഷമെല്ലാം കഴിഞ്ഞ് ഓരോരുത്തരായി ക്ലാസ്സ്മുറിയിൽ നിന്നും പുറത്തേക്ക് നടന്നു തുടങ്ങിയപ്പോൾ ദീപക്കും അവർക്കൊപ്പം പുറത്തേക്ക് നടന്നു.
വരാന്തയിൽ കൂടി നടക്കുവായിരുന്ന ദീപക്കിന്റെ പിന്നിൽ ചെന്ന് പിടിച്ച് നിർത്തിക്കൊണ്ട് കീർത്തന ചോദിച്ചു.
“ഹലോ, എവിടെക്കാ ഈ പോകുന്നെ.”
“വീട്ടിലേക്ക്, അല്ലാതെവിടെ.”
“മര്യാതിക്ക് എന്നെ ഹോസ്റ്റലിൽ കൊണ്ടാക്കി കഴുവനായി എന്റെ ഡ്രെസ്സും വാങ്ങിക്കൊണ്ടു പൊയ്ക്കോ.”
ദീപക് കണ്ണുകൾ മിഴിച്ച് കൊണ്ട് പറഞ്ഞു.
“കഴുകി തരാന്ന് ഞാൻ അപ്പോൾ ചുമ്മാ പറഞ്ഞതല്ലേ കൊച്ചെ.”
“എന്നാലേ ഞാൻ അത് സീരിയസ് ആയിട്ടാണ് എടുത്തത് മോനെ.”
കീർത്തന അവന്റെ കൈയും പിടിച്ച് വലിച്ച് മുന്നോട്ട് നടന്നു.
“ആദ്യം നമുക്ക് പോയി മുഖമൊക്കെ ഒന്ന് കഴുകാം, എന്നിട്ട് നേരെ ഹോസ്റ്റലിലേക്ക് പോകാം.”
അവൾ തീരുമാനിച്ച് കഴിഞ്ഞു ഇനി എത്ര പറഞ്ഞിട്ടും കാര്യമില്ലെന്ന് മനസിലായ ദീപക് അവളുടെ കൂടെ നടന്നു.
അവർ മുഖം കഴുകികൊണ്ട് നിൽക്കുമ്പോഴാണ് ഉണ്ണി പെട്ടെന്ന് അവിടേക്ക് വന്നത്.
“ഡാ, ബൈക്കിന്റെ കീ ഇങ്ങു തന്നെ.. ഞാൻ ഒരിടം വരെ പോയിട്ട് ഇപ്പോൾ വരാം.”
ദീപക് പെട്ടെന്ന് കീർത്തനയെ നോക്കി.
അവൾ പറഞ്ഞു.
“ഹോസ്റ്റൽ ഇവിടന്ന് 1 കിലോമീറ്റെർ അല്ലെ ഉള്ളു, നമുക്ക് നടന്നു പോകാം.. ഉണ്ണി നീ ബൈക്കുമായി ഹോസ്റ്റലിലേക്ക് വന്നാൽ മതി ഇവൻ അവിടെ ഉണ്ടാകും.”
ഉണ്ണി നല്ല തിടുക്കത്തിൽ ആയിരുന്നതിനാൽ കൂടുതൽ ഒന്നും സംസാരിക്കാൻ നിൽക്കാതെ ചാവിയും വാങ്ങി അവിടെ നിന്നും പോയി.
“ഡാ, മുഖത്തെ കളറൊക്കെ പോയോ..”
അവളുടെ ചോദ്യം കേട്ട് ദീപക് കീർത്തനയുടെ മുഖത്തേക്ക് നോക്കി. ഇപ്പോഴും അങ്ങിങ്ങായി കളർ പറ്റിപ്പിടിച്ച് ഇരിപ്പുണ്ടായിരുന്നു.
“നീ ഇങ്ങോട്ട് മുഖം കാണിച്ചേ.”